രണ്ട് പതിറ്റാണ്ട് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുകയെന്നത് കൂടുതല്‍ എളുപ്പമാണെന്ന വാദവുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ജോ റൂട്ട് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ബാറ്ററായ പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് പീറ്റേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.
Don’t shout at me but batting these days is way easier than 20/25 years ago! Probably twice as hard back then!
‘എനിക്ക് നേരെ ഒച്ചയെടുക്കരുത്, ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത് 20-25 വര്‍ഷം മുമ്പത്തേക്കാള്‍ ഏറെ എളുപ്പമാണ്. ഇപ്പോഴുള്ള അവസ്ഥ വെച്ച് നോക്കിയാല്‍ അന്ന് ബാറ്റ് ചെയ്യുന്നത് ഇരട്ടി ബുദ്ധിമുട്ടായിരുന്നു.
ഞാന്‍ 22 താരങ്ങളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. മേല്‍പറഞ്ഞവരുമായി മത്സരിക്കാന്‍ പോന്ന പത്ത് മോഡേണ്‍ ഡേ ബൗളര്‍മാരുടെ പേരുകള്‍ പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?’ എന്നായിരുന്നു പീറ്റേഴ്‌സിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ പരിഹാസ ശരങ്ങളാണ് മുന്‍ ഇംഗ്ലണ്ട് താരത്തിനെതിരെ ഉയരുന്നത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍, നഥാന്‍ ലിയോണ്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, കഗീസോ റബാദ, മിച്ചല്‍ സ്റ്റാര്‍ക്, മോണി മോര്‍കല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങി മോഡേണ്‍ ഡേ ലെജന്‍ഡ്‌സിന്റെ പേരുകളെണ്ണിപ്പറഞ്ഞാണ് ആരാധകര്‍ പീറ്റേഴ്‌സണെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മാഞ്ചസ്റ്ററില്‍ തന്റെ കരിയറിലെ 38ാം സെഞ്ച്വറിയാണ് റൂട്ട് കുറിച്ചത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജിനെതിരെ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു റൂട്ട് ട്രിപ്പിള്‍ ഡിജിറ്റിലെത്തിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഓസീസ് ലെജന്‍ഡ് റിക്കി പോണ്ടിങ്, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ജാക് കാല്ലിസ് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് എന്നിവരെ മറികടന്ന് റൂട്ട് ടെസ്റ്റിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്തെത്തിയത്.
മാഞ്ചസ്റ്ററില്‍ 29 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയും 30 റണ്‍സ് നേടിയാല്‍ ജാക് കാല്ലിസിനെയും മറികടക്കാന്‍ റൂട്ടിന് സാധിക്കുമായിരുന്നു. അതേസമയം, പോണ്ടിങ്ങിനെ വെട്ടാന്‍ വേണ്ടിയിരുന്നതാകട്ടെ 119 റണ്‍സും. ഇതില്‍ മൂവരെയും താരം മറികടക്കുകയും ചെയ്തു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921
ജോ റൂട്ട് – ഇംഗ്ലണ്ട് – 286 – 13,409
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 287 – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288
അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472
Content Highlight: Kevin Pietersen claims batting in Test is easier than 20 years before