ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വസിനെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയിരുന്നു. സിറ്റിയുടെ തട്ടകമായ ഇതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനെ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയിരുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 35ാം മിനിട്ടിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്.
ഈ ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 250 കോണ്‍ഡ്രിബ്യൂഷന്‍സ് നേടാനും ബ്രൂയിന് കഴിഞ്ഞു. മാത്രമല്ല മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 92 ഗോളുകളും 158 അസിസ്റ്റുകളുമാണ് താരം നേടിയത്. ഇതോടെ ഒരു ടീമിന് വേണ്ടി 250 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍സ് നടത്തുന്ന രണ്ടാമത്തെ താരമായി മാറാനും കെവിന്‍ ഡി ബ്രൂയ്‌ന് സാധിച്ചു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇതിഹാസതാരം ലയണല്‍ മെസിയാണ്.
2015 സീസണിലാണ് കെവിന്‍ ഡി ബ്രൂയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ എത്തിയത്. ശേഷം ഡി ബ്രൂയ്ന്‍ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി മാറുകയായിരിക്കുന്നു. ടീമിനൊപ്പം 16 കിരീടങ്ങളാണ് ഡി ബ്രൂയ്ന്‍ നേടിയിട്ടുള്ളത്. ഇതില്‍ ആറ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഡി ബ്രൂയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
മാത്രമല്ല സീസണ്‍ കഴിയുന്നതോടെ മാഞ്ചസ്റ്ററില്‍ നിന്ന് മാറുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. മത്സരത്തില്‍ ആധിപത്യം സൃഷ്ടിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി തന്നെയായിരുന്നു. എതിരാളിയുടെ വലയിലേക്ക് ലക്ഷ്യം വെക്കുന്നതിലും മാഞ്ചസ്റ്റര്‍ മുന്നിട്ടുനിന്നു.
ഇതോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. 35 മത്സരങ്ങളില്‍ നിന്ന് 19 വിജയവും 7 സമനിലയും 9 തോല്‍വിയും ഉള്‍പ്പെടെ 64 പോയിന്റാണ് ടീമിനുള്ളത്.
Content Highlight: Kevin De Bruyne becomes second in the record list, with Lionel Messi at number one