സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതില്‍ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍, ചരിത്രപരമായ വസ്തുതകള്‍ നിരത്തി പുതിയൊരു വാദവുമായി രംഗത്തെത്തുകയാണ് ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഓണററി ഫെലോയും മലയാളി ഗവേഷകനുമായ പ്രഫ. ഡോ. അബ്ബാസ് പനക്കല്‍.
തദ്ദേശീയമായ പേര് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെങ്കില്‍ അത് ‘കേരളം’ എന്നല്ല, മറിച്ച് ‘മലയാളം’ എന്നായിരിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ചരിത്രപരമായി ഈ ഭൂപ്രദേശത്തെ സാധാരണക്കാര്‍ വിളിച്ചിരുന്ന പേര് ‘മലയാളം’ എന്നാണെന്നും ബ്രിട്ടീഷ് ലൈബ്രറിയിലെ ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെയുള്ള പഴയകാല രേഖകള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറയുന്നു.
ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് രേഖകളിലും പ്രാദേശിക ലിഖിതങ്ങളിലും ഈ നാടിനെ അടയാളപ്പെടുത്തിയിരിക്കുന്നത് ‘മലയാളം’ എന്ന പേരിലാണെന്നും അബ്ബാസ് പനക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തദ്ദേശീയമായി ഈ ഭൂപ്രദേശത്തെ ‘മലയാളം’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും ‘കേരളം’ എന്നായിരുന്നില്ലെന്നും ‘മലയാളം’ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശത്തിന്റെ നാല് ഭൗമപ്രദേശങ്ങളില്‍ ഒന്നുമാത്രമാണ് ‘കേരളം’മെന്നും അദ്ദേഹം പറഞ്ഞു.
‘സാധാരണക്കാരന്‍ നാടിനെ വിളിച്ചിരുന്ന പേരാണ് മലയാളം എന്നുള്ളത്. അത് നേരത്തെയുള്ള എല്ലാ ഡോക്യുമെന്റുകളിലും വ്യക്തമാണ്. പ്രത്യേകിച്ച് ബ്രിട്ടീഷ് ലൈബ്രറിയിലെ മാന്‍സ്‌ക്രിപ്റ്റിലുള്‍പ്പെടെ പ്രദേശത്തിന്റെ പേര് മലയാളം എന്നാണ്. അത്തരത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ഡോക്യുമെന്റുകളിലും സാധാരണക്കാര്‍ ഉപയോഗിച്ച നാടിന്റെ പേര് മലയാളം എന്നായിരുന്നു’.
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലഘട്ടത്തിലാണ് ‘മലയാളം ലാംഗ്വേജ്’ എന്ന പ്രയോഗം സജീവമായത്. പിന്നീട് കൊളോണിയല്‍ അജണ്ടയുടെ ഭാഗമായി ‘കേരളം’ എന്ന പേര് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും അത് മൊത്തം പ്രദേശത്തിന്റെ പേരായി മാറുകയും ചെയ്തു’, അബ്ബാസ് പനക്കല്‍ ചൂണ്ടിക്കാട്ടി.
‘പിന്നെ കേരളോത്പത്തിയിലാണ് കേരളം എന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ തന്നെ അതില്‍ ഒരു പ്രദേശത്തിന്റെ പേരായിട്ടാണ് കേരളത്തെ പറയുന്നത്.
‘കേരളോല്‍പത്തി’ പ്രകാരം ഈ പ്രദേശം ഗോകര്‍ണം, തുളു രാജ്യം, കുപ്പ രാജ്യം, കേരള രാജ്യം എന്നിങ്ങനെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അതിനാല്‍, ചരിത്രപരമായി നോക്കിയാല്‍ ‘കേരളം’ എന്നത് ഈ ഭൂപ്രദേശത്തിന്റെ മുഴുവന്‍ ഭാഗത്തെയും ഉള്‍ക്കൊള്ളുന്നില്ല’, അബ്ബാസ് പനക്കല്‍ വ്യക്തമാക്കി.
നിരവധി ഡോക്യുമെന്റുകളില്‍ കേരളം എന്നുള്ളത് സംസ്‌കൃത പദമാണെന്നും ഇവിടുത്തെ സാധാരണ ആളുകള്‍ ഉപയോഗിക്കുന്ന പ്രദേശത്തിന്റെ പേര് മലയാളമാണ് എന്നത് അതില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
’18-ാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ബുക്കാനന്‍ ‘കേരള’ എന്നത് സംസ്‌കൃത പദമാണെന്നും സാധാരണക്കാര്‍ ഉപയോഗിച്ചിരുന്നത് ‘മലയാളം’ എന്നാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രകാരനായ കെ.പി.പത്മനാഭ മേനോനും ‘കേരള’ എന്നത് സംസ്‌കൃത നാമമാണെന്ന് എഴുതിയിട്ടുണ്ട്. 1678-ല്‍ പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ (Hortus Malabaricus) എന്ന പുസ്തകത്തിന്റെ 12 വാല്യങ്ങളില്‍ ആദ്യത്തേതില്‍ ഈ പ്രദേശത്തെ വ്യക്തമായി ‘മലയാളം’ എന്ന് പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഫ്രാന്‍സിസ് വൈറ്റ് എല്ലിസ്, നിലവില്‍ കേരളം എന്ന് വിളിക്കപ്പെടുന്ന ഭൂപ്രദേശത്തെ ‘മലയാളം’ എന്നാണ് പരാമര്‍ശിച്ചത്.
എന്നാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പോലും ‘കേരളം’ എന്ന സംസ്‌കൃത പദം ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെട്ടതെന്നും അബ്ബാസ് പനക്കല്‍ പറയുന്നു.
അതേസമയം പേരുമാറ്റം എന്നത് പലരും കരുതുന്നതുപോലെ എളുപ്പം നടപ്പാലാക്കാവുന്ന ഒന്നല്ലെന്നും വലിയൊരു സാമ്പത്തിക ചിലവ് തന്നെ അതിന് വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനാല്‍ തന്നെ പേരുമാറ്റം നടത്തുകയാണെങ്കില്‍, ഈ പ്രദേശത്തെ സാധാരണ ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിളിച്ചിരുന്ന ‘മലയാളം’ എന്ന പേര് സ്വീകരിക്കുന്നതാണ് ഉചിതമെന്ന വാദമാണ് ഉയരുന്നത്.
Content Highlight: Keralam is also an oligarchical mythical name – Malayalam was the name used by common people