ഇത്തരം കത്രികവെക്കലുകള്‍ക്ക് കേരളം വഴങ്ങില്ല; കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും: പിണറായി വിജയന്‍
Kerala
ഇത്തരം കത്രികവെക്കലുകള്‍ക്ക് കേരളം വഴങ്ങില്ല; കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും: പിണറായി വിജയന്‍
നിഷാന. വി.വി
Tuesday, 16th December 2025, 6:18 pm

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 19 ഓളം സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു.

‘മുപ്പതാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച യൂണിയന്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പ്,’ പിണറായി പറഞ്ഞു.

ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം കൂട്ടുനില്‍ക്കില്ലെന്നും പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ലോകസിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. 19 ഓളം സിനിമകള്‍ക്ക് സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെ പ്രദര്‍ശനം മുടങ്ങുകയായിരുന്നു.
അനുമതിലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച്ച എട്ട് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി. ഇതിനെതിരെ ഐ.എഫ്.എഫ്.കെ വേദിയിലും പുറത്തും പ്രതിഷേധം ശക്തമായിരുന്നു.

187 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തേടി സംസ്ഥാന ചലച്ചിത്ര അക്കാദമി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വിഭാഗത്തെ സമീപിച്ചിരുന്നുവെങ്കിലും രണ്ട് ഘട്ടങ്ങളിലായി 168 സിനിമകള്‍ക്കാണ് അനുമതി ലഭിച്ചത്. എന്നാല്‍ 19 എണ്ണത്തിന് അനുമതി തടയുകയായിരുന്നു.

 

Content Highlight:  Kerala will not give in to such cuts; all films denied permission by the Centre will be screened at the festival: Pinarayi Vijayan

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.