| Wednesday, 8th July 2026, 8:00 am

സംസ്ഥാനത്ത് അങ്ങളോമിങ്ങോളം മുന്നറിയിപ്പ്; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ആദർശ് എം.കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് (ജൂലൈ 8) കേരളത്തിലെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗേഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.

നാളെ (ജൂലൈ 9) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, മറ്റ് മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയ്ക്ക് ശേഷം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യ കേരള തീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ പാത്തിയും, മധ്യപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമര്‍ദ മേഖലയുമാണ് മഴയ്ക്ക് കാരണം. ജൂലൈ പത്ത് വരെ കേരളത്തിലും മാഹിയിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ശ്രദ്ധിക്കണം

ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല. മേല്‍പ്പാലങ്ങളില്‍ കയറി സെല്‍ഫി എടുക്കുന്നതും ഒഴിവാക്കണം.

മഴ ശക്തമാകുമ്പോള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക.

ദുരന്ത സാധ്യതയുള്ള മേഖലകളില്‍ ഉള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അപകട സാധ്യതയുള്ള ഘട്ടങ്ങളില്‍ സഹായത്തിനായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Kerala Weather Updates: Yellow Alert in 11 Districts

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more