മഴക്കെടുതി: 11 മരണം സ്ഥിരീകരിച്ചു; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
മഴക്കെടുതി: 11 മരണം സ്ഥിരീകരിച്ചു; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
റെന്വര്‍ പി
Sunday, 2nd August 2026, 10:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതികളില്‍ 11 പേര്‍ മരിച്ചതായി റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നാലുപേരും തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ വീതവും കോഴിക്കോട് ഒരാളുമാണ് മരിച്ചത്.

ഇന്ന് വൈകിട്ട് വരെ സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 674 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. പത്തനംതിട്ട – 75, ആലപ്പുഴ – 14, കോട്ടയം -64, ഇടുക്കി – 13, എറണാകുളം – ആറ്, തൃശൂര് – ആറ്, കോഴിക്കോട് – 36, വയനാട് – 28, കണ്ണൂര് – 18, കാസര്‍കോഡ് – ആറ്, മലപ്പുറം- ആറ് എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തില്‍ തുറന്ന ക്യാമ്പുകളുടെ എണ്ണം.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കൊല്ലം – ഒന്ന്, ആലപ്പുഴ – രണ്ട്, കോട്ടയം – മൂന്ന്, ഇടുക്കി -14, എറണാകുളം – ഒന്ന്, തൃശൂര് – ഒന്ന്, പാലക്കാട് – ഒന്ന്, മലപ്പുറം- നാല്, കോഴിക്കോട് – രണ്ട്, കണ്ണൂര്‍ -ഒന്ന്, എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളുടെ എണ്ണം.

വീട് തകര്‍ന്നവര്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കുമുള്ള ധനസഹായവും സമയബന്ധിതമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യഗഡു ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജില്ലാകലക്ടര്‍മാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരുമായി ആലോചിച്ച് ക്യാമ്പുകളിലടക്കം ആവശ്യമുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നു. മഴ മാറുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളത്തിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ അടക്കം നീക്കംചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ സമയം നടക്കും.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായവും മല്‍സ്യത്തൊഴിലാളി മേഖലയിലും എല്ലാ ആനുകൂല്യങ്ങളും നല്‍കും. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ മഴ ഊഹിക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. സഹായത്തിനും പരാതികള്‍ക്കും 24×7 പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നാളെ (ഓഗസ്റ്റ് മൂന്ന്, തിങ്കള്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

രണ്ട് ജില്ലകളില്‍ ഭാഗികമായും അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. എറണാകുളത്ത് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Content Highlight: Kerala Weather Update- Rain- 11 deaths- Leave announced Educational Institutions in 10 districts

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.