രഞ്ജി ട്രോഫി ഫൈനലില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിലെ നാലാം ദിനം അവസാനിച്ചു. വി.സി.എ സ്റ്റേഡിയത്തില്‍ രണ്ടാം ഇന്നിങ്‌സില് ഇറങ്ങിയ വിദര്‍ഭ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സ് നേടിയ വിദര്‍ഭയ്‌ക്കെതിരെ 342 റണ്‍സ് നേടാനാണ് കേരളത്തിന് സാധിച്ചത്. ഇതോടെ 286 റണ്‍സിന്റെ ലീഡിലാണ് വിദര്‍ഭ.
മലയാളി താരമായ കരുണ്‍നായരിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുന്നത്. നിലവില്‍ 280 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 132 റണ്‍സ് നേടി കരുണ്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് ക്രീസില്‍ തുടരുന്നത്.
കരുണ്‍ നായരിന്റെ കരുത്തില്‍ വിദര്‍ഭ മുമ്പോട്ട് കുതിക്കുമ്പോള്‍ കേരളത്തിന്റെ കിരീട സാധ്യതകള്‍ കൂടിയാണ് അവസാനിക്കുന്നത്. ഒരുപക്ഷേ നേരത്തെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാറി ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിനൊപ്പം ഫൈനല്‍ കളിക്കേണ്ട താരമായിരുന്നു കരുണ്‍ നായര്‍.
കര്‍ണാടക ടീമില്‍ നിന്നും പടിയിറങ്ങിയതോടെ കേരളത്തിനായി കളിക്കാന്‍ സ്വയം സന്നദ്ധനായി എത്തിയിരുന്നുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതെ പോവുകയായിരുന്നു എന്ന് കരുണ്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.
9 HUNDREDS FOR KARUN NAIR IN THIS DOMESTIC SEASON 🤯
വിദര്‍ഭയ്ക്ക വേണ്ടി ഡാനിഷ് മലേവാര്‍ 162 പന്തില്‍ നിന്ന് 132 റണ്‍സ് നേടിയാണ് പുറത്തായത്. യാഷ് റാത്തോഡ് 56 പന്തില്‍ നിന്ന് 24 റണ്‍സും നേടി മടങ്ങിയിരുന്നു.
കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, ആദിത്യ സര്‍വാതെ എന്നിവരാണ് വിക്കറ്റ് നേടിയത്.
വിദര്‍ഭ പ്ലെയിങ് ഇലവന്‍
പാര്‍ത്ഥ് രേഖാഡെ, ധ്രുവ് ഷൂരെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഡാനിഷ് മലേവര്‍, കരുണ്‍ നായര്‍, യാഷ് താക്കൂര്‍, യാഷ് റാത്തോഡ്, അക്ഷയ് വഡേക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, അക്ഷയ് കര്‍ണേവാര്‍.