ദക്ഷിണേന്ത്യയുടെ കശ്മീരിലേക്ക് നമുക്കൊരു യാത്ര പോകാം...
Kerala Tourism
ദക്ഷിണേന്ത്യയുടെ കശ്മീരിലേക്ക് നമുക്കൊരു യാത്ര പോകാം...
ജിൻസി വി ഡേവിഡ്
Wednesday, 29th October 2025, 6:09 pm

എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര അടിമാലിയും പിന്നിട്ട് മലകയറി തുടങ്ങി. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ് മെല്ലെ മെല്ലെ സുഖമുള്ളൊരു തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി.

വളഞ്ഞുപുളഞ്ഞുള്ള മലമ്പാതകളിലൂടെയാണ് യാത്ര. കുന്നിന്‍ മുകളിലെ പുല്‍മേടുകളും കൂറ്റന്‍ പാറക്കെട്ടുകളും തേയില തോട്ടങ്ങളും തണുപ്പും ആസ്വദിച്ചുള്ള യാത്ര തന്നെ എത്ര മനോഹരം.

മലഞ്ചെരിവുകളും തേയിലത്തോട്ടങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തന്നെ യാത്ര എങ്ങോട്ടാണെന്ന് പിടികിട്ടിക്കാണുമല്ലേ? അതെ ദക്ഷിണേന്ത്യയുടെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് തന്നെ.

ഇന്ത്യയുടെ തെക്ക് ഭാഗത്തായി, കേരളത്തിലെ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ പട്ടണമാണ് മൂന്നാര്‍. മൂന്ന് ആറുകള്‍ കൂടിച്ചേരുന്ന ഇടം എന്ന അര്‍ത്ഥമാണ് മൂന്നാറിന് ഉള്ളത്. പേര് പോലെ തന്നെ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി നദികളുടെ സംഗമസ്ഥാനത്താണ് മൂന്നാര്‍ എന്ന പട്ടണവും ഉള്ളത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ മനോഹരമായ തേയിലത്തോട്ടങ്ങള്‍, തണുത്ത കാലാവസ്ഥ, ഉയര്‍ന്ന മലനിരകള്‍ എന്നിവയാല്‍ സമ്പന്നമാണ്. മൂന്നാറിന്റെ ആദ്യകാല ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആദിവാസി ഗോത്രമായ മുതുവാന്‍മാരായിരുന്നു ഇവിടുത്തെ തദ്ദേശവാസികള്‍.

കൊളോണിയല്‍ അധിനിവേശത്തിന് മുമ്പ് വരെ മൂന്നാര്‍ മറഞ്ഞിരിക്കുന്ന ഒരു രത്‌നമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇന്ത്യയിലെത്തിയ കൊളോണിയല്‍ ശക്തികള്‍ മൂന്നാറിലെ ഭൂപ്രകൃതി തേയില തോട്ടങ്ങള്‍ക്ക് അനുയോജ്യമായതാണെന്ന് കണ്ടെത്തി.

1870കളില്‍ അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിലെ ബ്രിട്ടീഷ് റസിഡന്റ് ജോണ്‍ ഡാനിയേല്‍ മണ്‍റോയുടെ സന്ദര്‍ശനത്തോടെയാണ് മൂന്നാറിനെക്കുറിച്ച് പുറംലോകം അറിയുന്നത്.

തിരുവിതാംകൂറും മദ്രാസ് സംസ്ഥാനവും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മണ്‍റോ. അന്ന് മൂന്നാര്‍ പ്രദേശം തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധികാരപരിധിയില്‍ ആയിരുന്നെങ്കിലും അത് പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ ഭൂമിയായിരുന്നു.

1877ല്‍, മണ്‍റോ പൂഞ്ഞാര്‍ രാജാവില്‍ നിന്ന് മലയോര പ്രദേശങ്ങള്‍ പാട്ടത്തിനെടുത്തു. ഏകദേശം 600 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയായിരുന്നു മണ്‍റോ പാട്ടത്തിനെടുത്തത്. 1879-ല്‍ മണ്‍റോ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്ലാന്റിങ് & അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ചു.

സൊസൈറ്റിയിലെ അംഗങ്ങള്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാപ്പി, ഏലം, സിങ്കോണ, സിസല്‍ എന്നിവയുള്‍പ്പെടെയുള്ള വിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. അതില്‍ നിന്നും ഈ പ്രദേശത്ത് കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വിള തേയിലായാണെന്ന് തിരിച്ചറിഞ്ഞു.

എങ്കിലും മൂന്നാറില്‍ ആദ്യമായി തേയില തോട്ടം ഉണ്ടാക്കിയത് മണ്‍റോ അല്ല. 1880ല്‍ യൂറോപ്യന്‍ പ്ലാന്ററായ എ.എച്ച്. ഷാര്‍പ്പാണ് മൂന്നാറില്‍ തേയില നട്ടുപിടിപ്പിച്ചത്. ഇപ്പോള്‍ സെവന്‍ മാലെ എസ്റ്റേറ്റിന്റെ ഭാഗമായ പാര്‍വതിയില്‍ ഏകദേശം 50 ഏക്കര്‍ സ്ഥലത്ത് ഷാര്‍പ്പ് തേയില നട്ടുപിടിപ്പിച്ചു.

1893 മുതല്‍ 1895 വരെയുള്ള വര്‍ഷങ്ങളില്‍, തേയില തോട്ടങ്ങളുടെ വലിയൊരു ഏരിയ മുയിര്‍ ആന്‍ഡ് കമ്പനി വാങ്ങി, പിന്നീട് ആ കമ്പനി ജെയിംസ് ഫിന്‍ലേ & കമ്പനി എന്നറിയപ്പെട്ടു. 1964ല്‍ ടാറ്റ ഗ്രൂപ്പ് ഫിന്‍ലേയുമായി സഹകരിച്ച് ടാറ്റ-ഫിന്‍ലേ ഗ്രൂപ്പ് രൂപീകരിച്ചു.

1983ല്‍ ടാറ്റ ടീ ലിമിറ്റഡ് രൂപീകരിച്ചു. 2005ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കുകയും ടാറ്റ ടീ അതിന്റെ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം പുതിയ കമ്പനിക്ക് കൈമാറുകയും ചെയ്തു. ഇന്ന് 16ഓളം എസ്റ്റേറ്റുകളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത് കണ്ണന്‍ ദേവന്‍ കമ്പനിയാണ്.

1924ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കം, പ്രദേശത്തെ റെയില്‍വേ ലൈനുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തുകളഞ്ഞെങ്കിലും ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ അവിടെയുള്ള നിവാസികള്‍ മൂന്നാറിനെ പഴയ പടിയിലേക്ക് കൊണ്ടുവന്നു.

തേയില തോട്ടങ്ങളുടെ ഭംഗി മാത്രമല്ല മൂന്നാറിന് പറയാനുള്ളത് തോട്ടങ്ങളില്‍ പണിയെടുത്ത അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗത്തിന്റെ കഥയും മൂന്നാറിന് പറയാനുണ്ട്.

തോട്ടം തൊഴിലാളികള്‍ക്കായി കമ്പനികള്‍ നിര്‍മിച്ചു നല്‍കിയിരുന്ന, ചേരിപോലെ അടുത്തടുത്തതായി നിര്‍മിക്കപ്പെട്ട ഒറ്റ മുറിയോ രണ്ട് മുറിയോ ഉള്ള ‘ലയങ്ങള്‍’ എന്നറിയപ്പെടുന്ന ‘താമസസ്ഥലങ്ങള്‍’ മൂന്നാറില്‍ കാണാം. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദുരിതങ്ങളുടെ പ്രതീകമായി അവ ഇപ്പോഴും നിലകൊള്ളുന്നു.

ലയങ്ങള്‍

ചരിത്രം ഒരിക്കലും പറഞ്ഞാല്‍ തീരുന്നതല്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആദ്യമായി ലോകത്തിന് മുന്നില്‍ വെളിപ്പെട്ട മൂന്നാര്‍ ഇന്ന് ലോകപ്രശസ്തമാണ്. മൂന്നാര്‍ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നു കഴിഞ്ഞു.

മൂന്നാറിന്റെ പ്രകൃതി ഭംഗിയും തണുത്ത കാലാവസ്ഥയും തേയിലത്തോട്ടങ്ങളും എല്ലാം ഒരിക്കലെങ്കിലും നാം ആസ്വദിക്കണം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ഏക ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനവും മൂന്നാറിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടവും സന്ദര്‍ശിക്കേണ്ട ഒരിടമാണ്.

മൂന്നാറിന്റെ ഭംഗി നിലനിര്‍ത്താന്‍ സര്‍ക്കാരും തദ്ദേശീയരായ ജനങ്ങളും ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൂന്നാര്‍ പ്ലാസ്റ്റിക് മുക്തമാണെന്നും മൂന്നാര്‍ സ്വാദേശിയും ബുദ്ധ മയൂരി ഹോം സ്റ്റേ ഉടമസ്ഥനുമായ അശ്വിന്‍ സജീവ് പറയുന്നു.

‘ടൂറിസം മൂന്നാറുകാര്‍ക്ക് പുതുജീവന്‍ നല്‍കിയെന്ന് തന്നെ പറയാം. ഇവിടെയുള്ള എല്ലാവര്‍ക്കും തന്നെ ടൂറിസം വഴി ജോലി ഉണ്ട്. എന്നെ പോലെ ഹോം സ്റ്റേകള്‍ നടത്തുന്ന ഒരുപാട് പേരുണ്ട്. അല്ലാതെ റിസോര്‍ട്ടുകളില്‍ ജോലിയെടുക്കുന്ന ആളുകള്‍ ഉണ്ട്. അങ്ങനെ ഒരുപാട് പേര്‍ക്ക് സാമ്പത്തികമായി മുന്നോട്ട് വരാന്‍ ടൂറിസം സഹായിച്ചിട്ടുണ്ട്.

പക്ഷെ നിലവിലുള്ള ഒരു പ്രശ്‌നം എന്നത് മൂന്നാര്‍ ടൗണിലെ റോഡിന്റെ വലിപ്പമാണ്. റോഡ് ഒരല്‍പം കൂടി വലുതാക്കുകയും കുറച്ച് ഫുഡ് സ്‌പോട്ടുകള്‍ കൊണ്ടുവരികയും ചെയ്താല്‍ അത് മൂന്നാറിന്റെ മാറ്റ് കൂട്ടുകയേ ഉള്ളു. ടൂറിസ്റ്റുകള്‍ക്കും തദ്ദേശീയരായ ഞങ്ങള്‍ക്കും അത് വലിയ ഗുണം ചെയ്യും,’ അശ്വിന്‍ സജീവ് പറഞ്ഞു.

ആനമുടി

കഴിഞ്ഞില്ല മൂന്നാറിലെ കാഴ്ചകള്‍, ഇവിടെയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി തലയുയര്‍ത്തി നില്‍ക്കുന്നത്. സഞ്ചാരികള്‍ക്ക് തേയിലയുടെ ചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്ന ടീ മ്യൂസിയം, മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന മാട്ടുപ്പെട്ടി ഡാം, ബോട്ടിങ്ങിന് പേരുകേട്ട ആനയിറങ്കല്‍ തടാകം എന്നിവയെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

 

ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കുള്ള സാധ്യതകളും മൂന്നാറിന്റെ ടൂറിസം പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ കൂടി സാധിച്ചാല്‍ നിങ്ങള്‍ ഭാഗ്യവാനാണെന്ന് പറയാം. അത്രക്ക് മനോഹരമാണ് ആ ആ കാഴ്ച.

നീലക്കുറിഞ്ഞി

തേയിലയും ചോക്‌ളേറ്റുകളും പഴങ്ങളും പച്ചക്കറികളും വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കുന്ന നിരവധി തദ്ദേശീയരായ മനുഷ്യരെ നമുക്കിവിടെ കാണാം. നല്ല ഫ്രഷ് ക്യാരറ്റ് വില്‍ക്കുന്ന ചേച്ചിയെ കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല വാങ്ങി ഒരു കെട്ട്. നല്ല മധുരം.

ക്യാരറ്റ് കടിച്ച എന്റെ മുഖം വിടരുന്നത് കണ്ടപ്പോള്‍ ചേച്ചിക്ക് കൂടുതല്‍ സന്തോഷമായി. മൂന്നാര്‍ ടൂറിസത്തിന് പ്രസിദ്ധമായതോടെ മാറ്റ് കൂടിയത് ഇവരെപ്പോലുള്ളവരുടെ ജീവിതത്തിനും കൂടിയാണ്.

 

Content Highlight: Kerala Tourism: Munnar

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം