കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശമേതെന്ന ചോദ്യം നിരവധി തവണ പി.എസ്.ഇ പരീക്ഷകള്‍ക്കും മാറ്റ് ക്വിസ് മത്സരങ്ങളിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. ഉത്തരം എല്ലാവര്‍ക്കും വളരെയധികം സുപരിചിതവുമായിരിക്കും. അത് മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം കുട്ടനാട് തന്നെ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ഒരു യാത്ര പോയാലോ?
തിരക്കും ബഹളവും കുറഞ്ഞ ഒരുപാട് ശാന്തത നിറഞ്ഞ പച്ചപ്പ് നിറഞ്ഞ പ്രകൃതി സൗന്ദര്യത്തിന്റെ കമനീയതയില്‍ മുങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍? മറ്റൊരിടവും തിരയേണ്ട നേരെ കുട്ടനാട്ടിലേക്ക് വന്നോളൂ…
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന, ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് കുട്ടനാട്.
ലോകത്തില്‍ തന്നെ സമുദ്രനിരപ്പിന് താഴെയായി കൃഷി ചെയ്യുന്ന ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ സ്വന്തം കുട്ടനാട്. കായലുകളും വിശാലമായ നെല്‍വയലുകളും ഇടത്തോടുകളും കുട്ടനാടിന്റെ മാറ്റ് കൂട്ടും.
കുട്ടനാട്ടുകാരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയായിരുന്നു. കായല്‍ നിലം നികത്തി നെല്‍വയലാക്കി മാറ്റിയാണ് അവര്‍ കൃഷി ഭൂമി ഉണ്ടാക്കിയത്.
കുട്ടനാട്ടിലെ വയലുകള്‍ മൂന്ന് തരത്തിലുള്ളവയാണ്. മൂന്ന് പേരുകളില്‍ തന്നെ അവ അറിയപ്പെടുകയും ചെയ്യുന്നു. കായല്‍ നിലങ്ങള്‍, കരി നിലങ്ങള്‍ ,കരപ്പാടങ്ങള്‍ എന്നിവയാണവ.
‘കായല്‍’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വേമ്പനാട്ട് കായലിന്റെ ഭാഗങ്ങള്‍ നികത്തി കൃഷിയോഗ്യമാക്കിയ പ്രദേശങ്ങളാണ് കായല്‍ നിലങ്ങള്‍. വലിയ ബണ്ടുകള്‍ കെട്ടി, വെള്ളം പമ്പു ചെയ്ത് പുറത്തേക്ക് കളഞ്ഞാണ് ഈ നിലങ്ങളില്‍ കൃഷിക്ക് സൗകര്യമൊരുക്കിയത്.
മണ്ണില്‍ കൂടുതല്‍ കരിയുടെ അംശമുള്ള കറുത്ത നിറത്തിലുള്ള മണ്ണുള്ള പ്രദേശമാണ് കരി നിലങ്ങള്‍. കായല്‍ നിലങ്ങളെ അപേക്ഷിച്ച് ഇവ കുറച്ചുകൂടി ഉയര്‍ന്ന തലത്തിലായിരിക്കും സ്ഥിതിചെയ്യുന്നത് എങ്കിലും പൊതുവെ സമുദ്രനിരപ്പില്‍ തന്നെയോ അതിലും താഴെയോ ആകാം.
കായല്‍ നിലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങള്‍ എന്ന നിലയിലാണ് കരപ്പാടങ്ങള്‍ക്ക് ഈ പേര് വന്നത്. അതായത് അവ കരയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന പാടങ്ങളാണ്.
കായല്‍ നിലങ്ങളെയും കരിനിലങ്ങളെയും അപേക്ഷിച്ച് ഇവിടെ വെള്ളപ്പൊക്ക ഭീഷണി അല്‍പ്പം കുറവാണ്. ഇവിടെ കൃഷി ചെയ്യുന്നത് താരതമ്യേന എളുപ്പവുമാണ്.
കുട്ടനാടിന് ആ പേര് വന്നതിന് പിന്നില്‍ പല ചരിത്രങ്ങളും പറയപ്പെടുന്നുണ്ട്. കേരളം ഭരിച്ചിരുന്ന ചേര രാജവംശത്തിലെ ചേരന്‍ ചെങ്കുട്ടുവന്‍ എന്ന രാജാവിന്റെ ഭരണപ്രദേശമായിരുന്നു കുട്ടനാടെന്നും, ‘കുട്ടുവന്റെ നാട്’ എന്ന അര്‍ത്ഥത്തിലാണ് കുട്ടനാടിന് ആ പേര് വന്നതെന്ന് പറയപ്പെടുന്നു.
മറ്റൊരു ഐതീഹ്യം കൂടി പറയപ്പെടുന്നുണ്ട് കുട്ടനാടിന്റെ പേരിന് പിന്നില്‍. കുട്ടനാടല്ല ഇത് ചുട്ടനാടായിരുന്നുവെന്നാണ് ആ വാദം. പുരാണത്തില്‍ അര്‍ജ്ജുനന്‍ ദഹിപ്പിച്ച നിബിഡവനപ്രദേശമായിരുന്ന ഖാണ്ഡവവവനമായിരുന്നു കുട്ടനാട് എന്നും അതിനാലാണ് ചുട്ടനാട് എന്ന് പേര് നല്‍കിയതെന്നും ഈ വാദം പറയുന്നവര്‍ അവകാശപ്പടുന്നു.
കുട്ടനാട്ടിലെ കരി എന്നറിയപ്പെടുന്ന പാടനിലങ്ങളില്‍ കാണപ്പെടുന്ന കരിയുടെ അംശവും അവിടെ നിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ മരക്കഷ്ണങ്ങളും പണ്ട് അര്‍ജുനന്‍ കത്തിച്ച വനത്തിന്റെ ബാക്കിയാണെന്നാണ് പറയുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിലകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് രൂപംകൊണ്ട കാര്‍ബണിന്റെ സാന്നിധ്യം മൂലമാണ് മണ്ണിന് കറുപ്പ് നിറം വരാന്‍ കാരണമായതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
ചരിത്രവും വാദങ്ങളും അവിടെ നില്‍ക്കട്ടെ വേമ്പനാട്ടുകായലിലൂടെയുള്ള ഒരു ഹൗസ്ബോട്ട് യാത്ര കുട്ടനാട് യാത്രയുടെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നാണ്. വേമ്പനാട്ടുകായലിന്റെ തീരങ്ങളും പ്രധാനമായി പണ്ട് കായലിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളും നികത്തിയുമാണ് കുട്ടനാട് ഉണ്ടായിരിക്കുന്നത്.
അതുകൊണ്ട് തന്നെ കുട്ടനാടും വേമ്പനാട്ടുകായലും തമ്മിലുള്ള ബന്ധം അത്രമേല്‍ പ്രധാനമാണ്. ഉപജീവനത്തിനായി കായല്‍ നികത്തി കൃഷിയിടമൊരുക്കിയ കുട്ടനാട്ടുകാര്‍ക്ക് കായല്‍, ടൂറിസത്തിലൂടെ മറ്റൊരു ഉപജീവനം കൂടി നല്‍കുകയാണ്. വള്ളങ്ങളിലും ഹൗസ്ബോട്ടുകളിലും യാത്ര ചെയ്യാനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
Journal Of The Marine Biological Association Of India, 1978 പോലുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം 3600 -ഓളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്നു വേമ്പനാട്ടുകായലിന്. ഇന്ന് അത് 1512 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.
ഓരോ ഭാഗത്തും കായല്‍ ഓരോ പേരിലാണ് അറിയപ്പെടുന്നത്. നിങ്ങള്‍ കേട്ടറിഞ്ഞ കുട്ടനാടന്‍ സങ്കല്‍പ്പത്തില്‍ നിന്നും എത്രയോ വ്യത്യസ്തവും അനുഭൂതിയുമാര്‍ന്ന അനുഭവങ്ങളായിരിക്കും തീര്‍ച്ചയായും ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക.
ഓരോ കാഴ്ചയും ദൃശ്യചാരുത മാത്രമല്ല, ഈ മനോഹാരിത സൃഷ്ടിക്കുവാനായി പ്രയത്‌നിച്ച ആയിരങ്ങളുടെ അദ്ധ്വാനത്തിന്റെയും സഹനത്തിന്റെയും ജീവിതത്തിന്റേതുതന്നെയുമായ കഥകള്‍ കൂടി നമുക്ക് പകര്‍ന്ന് നല്‍കും.
ഗ്രാമഭംഗിയും കായലും ഇടത്തോടുകളുമൊന്നും കണ്ട് പരിചയമില്ലാത്തവര്‍ക്ക് കുട്ടനാടിന്റെ ഭംഗിയും അവിടെയുള്ള പ്രാദേശിക ജനജീവിതവും ഒരിക്കലും മറക്കാനാവാത്ത അനുഭവമാകും.
പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ തുടങ്ങിയ നദികള്‍ ഒഴുകുന്ന കുട്ടനാട്ടിലെ ഇടത്തോടുകളിലൂടെയുള്ള ചെറിയ വള്ളങ്ങളിലെ യാത്രകള്‍ അവിടുത്തെ തനത് ഗ്രാമജീവിതം നമുക്ക് കാണിച്ച് തരും.
തീര്‍ന്നില്ല. വേമ്പനാട്ട് കായലില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ട്, വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന, ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കുന്ന മനോഹരമായ ദ്വീപായ പാതിരാമണല്‍ ദ്വീപ്, കരുമാടിയില്‍ സ്ഥിതി ചെയ്യുന്ന ഒമ്പതാം നൂറ്റാണ്ടിലെ ബുദ്ധന്റെ പ്രതിമയായ കരിമാടിക്കുട്ടന്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസിദ്ധമായ ചമ്പക്കുളം വലിയ പള്ളി തുടങ്ങി ഒരുപാട് കാഴ്ചകള്‍ കാണാനുണ്ട് ഇവിടെ.
കരുമാടിക്കുട്ടന്‍ പ്രതിമ
കുട്ടനാടന്‍ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമായ വള്ളംകളിയും ഒരിക്കലെങ്കിലും നിങ്ങള്‍ കണ്ടിരിക്കണം. പണ്ടുകാലത്ത്, കായല്‍ നിലങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി നാട്ടുരാജാക്കന്മാരും ജന്മിമാരും അവരുടെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കാന്‍ യുദ്ധവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് ഇന്ന് നടത്തപ്പെടുന്ന വള്ളംകളി ഉത്സവങ്ങളായി പരിണമിച്ചതെന്നാണ് വിശ്വാസം.
ഇന്ന് ഇത് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായാണ് നടക്കുന്നത്. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ലോകപ്രശസ്തമാണ്.
വള്ളംകളി
നെഹ്റു ട്രോഫി വള്ളം കളിയെക്കുറിച്ച് വീണ്ടും ഓര്‍ത്തെടുക്കുകയാണ് ഷാരോണ്‍ ഓമനക്കുട്ടന്‍. ആറ് വര്‍ഷം വള്ളംകളിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഷാരോണ്‍ പറയുന്നു. കുട്ടനാടിന്റെ ഭംഗി ഒരിക്കലെങ്കിലും എല്ലാവരും കണ്ട് ആസ്വദിക്കണമെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ആറ് വര്‍ഷം നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്തിട്ടുണ്ട്. ചുണ്ടന്‍ വള്ളത്തിലല്ല, ഇരുട്ടുകുത്തി വള്ളത്തിലാണ് പങ്കെടുത്തത്. ഞങ്ങളുടെ വള്ളമായ താണിയന്‍ സെക്കന്റ് റണ്ണര്‍ അപ്പ് ആയിരുന്നു.
ഇരുട്ടുകുത്തി വള്ളത്തിന് മൂന്ന് ഗ്രേഡുകള്‍ ഉണ്ട്. ഞാന്‍ പങ്കെടുത്തത് എ ഗ്രേഡിലാണ്. അതില്‍ 35 ആളുകളുണ്ടാകും. ബി-ഗ്രേഡാണെങ്കില്‍ 25 ഉം സി-ഗ്രേഡില്‍ 11ഉം ആണ് ആളുകള്‍.
ചുണ്ടന്‍ വെള്ളത്തിലും ഉണ്ട് രണ്ട് തരം. ഒന്ന് ചുണ്ടന്‍ വള്ളം, രണ്ടാമത്തേത് വെപ്പ്. ചുണ്ടന്‍ വള്ളം ഒറ്റത്തടിയിലായിരിക്കും ഉണ്ടാക്കുക. വെപ്പ് ആണെങ്കില്‍ അതിന്റെ മുന്‍ഭാഗം ഒക്കെ വേറെ തടിയില്‍ ഉണ്ടാക്കി വള്ളവുമായി യോജിപ്പിക്കുന്നതാണ്.
പിന്നെ കുട്ടനാടിന്റെ ഭംഗിയെക്കുറിച്ച് പറയാന്‍ ആണെങ്കില്‍, അത് വര്‍ണിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നില്ലെങ്കില്‍ നഷ്ടമാണ്. ഇവിടുത്തെ ഹൗസ്ബോട്ടിലുള്ള യാത്രയും ഒന്നും അനുഭവിക്കാതെ പോകരുത്,’ ഷാരോണ്‍ പറയുന്നു.