കൊച്ചിയുടെ ഓരത്തായി, തെളിഞ്ഞ കായല്‍ പരപ്പിനും പച്ചപ്പാര്‍ന്ന കണ്ടല്‍ക്കാടുകള്‍ക്കുമിടയില്‍ ശാന്തമായി നിലകൊള്ളുന്ന ഒരു ദ്വീപ് ഗ്രാമം. ഒറ്റ വരിയില്‍ നമുക്ക് കുമ്പളങ്ങിയെ അങ്ങനെ പറയാം.
എന്നാല്‍ അതിനുമപ്പുറം ഒരുപാട് കാഴ്ചകളും അനുഭവങ്ങളുമാണ് കുമ്പളങ്ങി സമ്മാനിക്കുക. നഗരത്തിരക്കുകളില്‍ നിന്ന് മാറി, തനി നാട്ടിന്‍പുറത്തിന്റെ ലാളിത്യവും പ്രകൃതിയുടെ സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഈ കൊച്ചുഗ്രാമം കേരള ടൂറിസത്തിന് ഒരു പുതിയ നിര്‍വചനം നല്‍കിയിരിക്കുകയാണ്.
2003ല്‍ ഇന്ത്യയിലെ ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കുമ്പളങ്ങിയില്‍ ഒരിക്കലെങ്കിലും യാത്രാപ്രേമികള്‍ വന്നിരിക്കണം. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ കേരളക്കരക്ക് ഒട്ടാകെ കുമ്പളങ്ങി വളരെയധികം സുപരിചിതയായിരിക്കുകയാണ്.
വളരെ വ്യത്യസ്തമായൊരു പേരാണല്ലേ കുമ്പളങ്ങി? കുമ്പളങ്ങി എന്ന പേരിന് പിന്നില്‍ പല കഥകളുണ്ട്. ‘കുമ്പളം’ എന്ന സ്ഥലത്തിനും കടലിനും ഇടയില്‍ ‘വിളങ്ങി’ (പ്രകാശിച്ച്) നിന്ന ദ്വീപ് എന്ന അര്‍ത്ഥത്തില്‍ ‘കുമ്പളം വിളങ്ങി’ എന്ന പേരായിരുന്നു ആദ്യം കുമ്പളങ്ങിക്കെന്നും പിന്നീടത് ലോപിച്ച് ‘കുമ്പളങ്ങി’ ആയി മാറിയെന്നുമാണ് ഒരു കഥ.
പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം, നൂറ്റാണ്ടുകളായി മത്സ്യബന്ധനം, കക്ക വാരല്‍, ചെമ്മീന്‍കെട്ടുകള്‍, പൊക്കാളി നെല്‍കൃഷി എന്നിവയായിരുന്നു ഇവിടുത്തെ സാധാരണക്കാരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.
കായലിന്റെ മക്കളായ ഇവിടുത്തെ ജനതയുടെ ജീവിതശൈലിയില്‍ തനത് കേരളീയ ഗ്രാമീണ സംസ്‌കാരം ഇഴുകിച്ചേര്‍ന്നിരുന്നു. കയറുപിരി, വള്ളം നിര്‍മാണം തുടങ്ങിയ പരമ്പരാഗത തൊഴിലുകളും ഇവിടെയുണ്ടായിരുന്നു.
എങ്കിലും, കാലക്രമേണ കായലിന്റെ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാനും പരമ്പരാഗത തൊഴിലുകള്‍ക്ക് മങ്ങലേല്‍ക്കാനും തുടങ്ങി. ഈ സമയത്താണ്, ഗ്രാമത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട്, അതിജീവനത്തിന്റെ ഒരു പുതിയ വഴി കുമ്പളങ്ങിക്ക് മുന്നില്‍ തുറന്നത്, വിനോദസഞ്ചാരം.
കുമ്പളങ്ങി ടൂറിസം മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുസ്ഥിര ടൂറിസം (Sustainable Tourism) സമീപനമാണ്. വലിയ ഹോട്ടലുകളോ റിസോര്‍ട്ടുകളോ നിര്‍മിക്കുന്നതിന് പകരം, ഗ്രാമത്തിന്റെ തനതായ ഭംഗിയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്ന ചെറിയ ചെറിയ ഹോം സ്റ്റേകളും മറ്റും ഇവിടുത്തുകാര്‍ നിര്‍മിച്ചു.
ആഡംബര സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ക്ക് പകരം പ്രാദേശിക വീടുകള്‍ പരിഷ്‌കരിച്ച് നിര്‍മിച്ചിരിക്കുന്ന ഹോം സ്റ്റേകള്‍ സഞ്ചാരികള്‍ക്ക് യഥാര്‍ത്ഥ ഗ്രാമീണ ജീവിതം അടുത്തറിയാന്‍ അവസരം നല്‍കുകയാണ്. ഒപ്പം ഗ്രാമീണര്‍ക്ക് വരുമാനവും.
ടൂറിസം മേഖലയുടെ വളര്‍ച്ച കുമ്പളങ്ങിയിലെ ജനങ്ങളുടെയും വളര്‍ച്ചക്ക് കാരണമായെന്ന് പറയുകയാണ് കുമ്പളങ്ങി സ്വദേശി ഷോണ്‍.
‘കുമ്പളങ്ങിയില്‍ വന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ ഒരുപാട് ഉണ്ട്. കണ്ടങ്ങളും ചെമ്മീന്‍ കെട്ടും ചീനവലയും ഒക്കെ കാണാം. പോരാത്തതിന് തോണി യാത്ര, ഇവിടെ വന്നാല്‍ ഒരു തോണി യാത്രയെങ്കിലും ചെയ്യാതെ പോകരുത്.
കുമ്പളങ്ങി നൈറ്റ്‌സ് സിനിമ കണ്ടിട്ടില്ലേ? ഒപ്പം ഇവിടെ കവര് കാണാം. എല്ലാ കായല്‍ പ്രദേശങ്ങളിലും കവര് ഉണ്ടാവില്ല. പിന്നെ ഒരുപാട് ഹോം സ്റ്റേകള്‍ ഉണ്ട് ഇവിടെ. ഇവിടുത്തെ രുചിയുള്ള വിഭവങ്ങള്‍ കഴിക്കാം, ഫ്രഷ് മീന്‍ കഴിക്കാം,’ ഷോണ്‍ പറഞ്ഞു.
കുമ്പളങ്ങിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ ചീനവലകള്‍ ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്.
ചീനവല വലിക്കുന്നതില്‍ സഞ്ചാരികള്‍ക്ക് പങ്കുചേരാനും സാധിക്കും. ചൈനീസ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കൂടാതെ വെള്ളത്തിന് കുറുകെ വല വീശി മീന്‍ പിടിക്കുന്ന ‘ആംഗ്ലിങ്’ രീതിയും ഇവിടെ പ്രസിദ്ധമാണ്.
ഇടുങ്ങിയ കൈത്തോടുകളിലൂടെയുള്ള വള്ളങ്ങളിലെ കായല്‍ സവാരി (കാനോയിങ്) ഒരിക്കല്‍ അനുഭവിച്ചവര്‍ ജീവിതത്തിലൊരിക്കലും മറക്കില്ല. തെങ്ങിന്‍തോപ്പുകളുടെയും കണ്ടല്‍ക്കാടുകളുടെയും മനോഹാരിത നിറഞ്ഞ കാഴ്ചകള്‍ ഈ യാത്ര സമ്മാനിക്കും.
കുമ്പളങ്ങിക്ക് മറ്റൊരു പ്രധാന ആകര്‍ഷണം കൂടിയുണ്ട്, ‘കവര്‘ (ബയോലുമിനസെന്‍സ്). വേനലിലെ രാത്രികളില്‍ വെള്ളത്തിന് നീല തിളക്കം നല്‍കുന്ന ഈ പ്രതിഭാസം കുമ്പളങ്ങിയുടെ മാന്ത്രിക സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു.
കുമ്പളങ്ങിയിലെ കവരിന് കാരണം ചിലയിനം ഡൈനോഫ്‌ലേജല്ലേറ്റുകള്‍ (Dinoflagellates) എന്ന സൂക്ഷ്മജീവികളാണ്. മറ്റൊരു പ്രധാന ആകര്‍ഷണം ഇവിടുത്തെ നാടന്‍ ഭക്ഷണമാണ്. ഹോം സ്റ്റേകളില്‍ വിളമ്പുന്ന ഫ്രഷ് മീന്‍ രുചികള്‍ ഒരിക്കല്‍ ആസ്വദിച്ചാല്‍ പിന്നെ മറക്കില്ല.
ഇതിനെല്ലാം പുറമെ ഒരു കായലോര ഗ്രാമത്തിന്റെ സത്ത അറിയാന്‍ കുമ്പളങ്ങി യാത്ര നമ്മെ സഹായിക്കും. കയറുപിരി, ചൂണ്ടയിടല്‍, കക്ക വാരല്‍, ഞണ്ടുകൃഷി തുടങ്ങിയ പരമ്പരാഗത ഗ്രാമീണ തൊഴിലുകള്‍ നേരില്‍ കണ്ടറിയാനും, അതില്‍ പങ്കുചേരാനും സാധിക്കും.
തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് ഒരല്പം മാറി, കായല്‍ക്കാറ്റിന്റെ കുളിര്‍മയില്‍, ചീനവലകള്‍ക്ക് താഴെ, യഥാര്‍ത്ഥ കേരളീയ ഗ്രാമജീവിതം അനുഭവിച്ചറിയാന്‍ കുമ്പളങ്ങി എന്നും അതിഥികളെ കാത്തിരിക്കും.