തെളിഞ്ഞ ആകാശമുള്ള, തണുത്ത കാറ്റുള്ള ഒരു വൈകുന്നേരമായിരുന്നു അത്. സാമാന്യം നല്ല തിരക്കുണ്ട്. എങ്കിലും തന്നെ തേടിയെത്തുന്ന ഓരോരുത്തര്‍ക്കും അവരുടേതായ ഒരിടം ഈ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടാകുമെന്നതാണ് വാസ്തവം.
ഇവിടെ കാലുകുത്തുന്ന നിമിഷം നിങ്ങളുടെ ആത്മാവിലേക്ക് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കടല്‍ക്കാറ്റിന്റെയും ഗന്ധം അരിച്ചിറങ്ങും. ഇത് മറ്റെവിടെയുമല്ല, ഇന്ത്യയിലെ കൊളോണിയല്‍ ഹിസ്റ്ററിയുടെ അവശേഷിപ്പുകളില്‍ ഒന്നായ കേരളത്തിന്റെ സ്വന്തം ഫോര്‍ട്ട് കൊച്ചിയാണ്.
പണ്ടുമുതലേ കൊളോണിയല്‍ ശക്തികളുടെ ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്നാണ് കൊച്ചി. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സ്വാധീനങ്ങള്‍ കൊച്ചിയില്‍ ഉണ്ടായിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും സാംസ്‌കാരിക മുദ്രകള്‍ ഇവിടെക്കാണാം. ഇവിടേക്ക് ആദ്യമെത്തിയ പോര്‍ച്ചുഗീസുകാരുടെ സാംസ്‌കാരിക സ്വാധീനമാണ് കൂടുതലെന്നും പറയാം.
എറണാകുളം പട്ടണത്തില്‍ നിന്ന് വെറും പത്ത് കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്താണ് ഇന്ത്യയില്‍ യൂറോപ്യന്മാര്‍ ആദ്യമായി കോട്ട നിര്‍മിച്ചത്. ഭാഗികമായി തകര്‍ന്നുകിടക്കുന്ന കൊച്ചി കോട്ടയ്ക്ക് പറയാനുള്ള ചരിത്രം ഒരുപാടാണ്.
ഇത് പോര്‍ച്ചുഗീസുകാരുടെ ഒരു ശക്തികേന്ദ്രവും കൊച്ചി മഹാരാജാവും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ പ്രതീകവുമാണ്. പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്റെ പേരില്‍ അറിയപ്പെടുന്ന ഈ കോട്ടയെ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ട് മാനുവല്‍ ഡി കൊച്ചി എന്നായിരുന്നു വിളിച്ചിരുന്നത്.
ഫോര്‍ട്ട് മാനുവല്‍ ഡി കൊച്ചി – പഴയ ഒരു ചിത്രം
ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ആദ്യത്തെ പോര്‍ച്ചുഗീസ് കോട്ടയാണ് ഫോര്‍ട്ട് മാനുവല്‍ ഡി കൊച്ചി.
കഴിഞ്ഞില്ല കോട്ടയുടെ ചരിത്രം. പോര്‍ച്ചുഗീസുകാര്‍ക്ക് വേണ്ടി കൊച്ചി രാജാവ് തന്നെയാണ് ഈ കോട്ട പണിതുനല്‍കിയത്. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കൊച്ചി രാജാവ് പരാജയപ്പെട്ടതോടെയാണ് ഒരര്‍ത്ഥത്തില്‍ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നതെന്ന് പറയാം.
സാമൂതിരിയോട് പരാജയപ്പെട്ട കൊച്ചി രാജാവിനെ പോര്‍ച്ചുഗീസ് സൈന്യാധിപന്‍ അല്‍ ബുക്കര്‍ക്ക് സഹായിച്ചു. ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള സേനയുടെ മുമ്പില്‍ സാമൂതിരിയുടെ സൈന്യത്തിന് കീഴടങ്ങേണ്ടി വന്നു.
1500കളിലാണിത് സംഭവിച്ചത്. ഇന്നത്തെ ഇടപ്പള്ളി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ സാമൂതിരിയുടെ സൈന്യത്തിന് വലിയ നാശം സംഭവിച്ചു. സാമൂതിരിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ കൊച്ചി രാജാവിനും വലിയ സംതൃപ്തി തോന്നി.
ഈ അവസരം മുതലെടുത്ത് പോര്‍ച്ചുഗീസുകാര്‍ കൊച്ചി പട്ടണത്തില്‍ ഒരു കോട്ട പണിയുവാന്‍ രാജാവിന്റെ അനുമതി തേടി. രാജാവ് സ്വന്തം ചിലവില്‍ ആ കോട്ട പണിത് നല്‍കാന്‍ തയ്യാറായി.
കോട്ടയുടെ അവശിഷ്ടങ്ങള്‍
പോര്‍ച്ചുഗീസുകാര്‍ കോട്ടയും പിന്‍ഭാഗത്തായി തങ്ങള്‍ക്ക് വീടുകളും ക്രൈസ്തവദേവാലയമായ സെന്റ് ഫ്രാന്‍സിസ് സി.എസ്.ഐ. പള്ളിയും നിര്‍മിച്ചു. വാസ്‌കോ ഡ ഗാമയുടെ ശവശരീരം ആദ്യം ഈ പള്ളിയിലായിരുന്നു മറവ് ചെയ്തതെന്നും പറയപ്പെടുന്നു.
1538ല്‍ ഈ കോട്ടയില്‍ അറ്റകുറ്റ പണികള്‍ നടത്തുകയും കൂടുതല്‍ സൗകര്യമുള്ളതാക്കുകയും ചെയ്തു. 1663 വരെ പോര്‍ച്ചുഗീസുകാര്‍ ഈ സ്ഥലത്ത് താമസം തുടര്‍ന്നു.
പിന്നീട് ഡച്ചുകാര്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും പോര്‍ച്ചുഗീസ് സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് 1795ല്‍ ബ്രിട്ടിഷുകാര്‍ എത്തുകയും അവര്‍ ഡച്ചുകാരെ പരാജയപ്പെടുത്തി നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
1806 ആയപ്പോഴേക്കും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും കോട്ട മതിലുകളും അതിന്റെ കൊത്തളങ്ങളും നശിപ്പിച്ചുവെന്നാണ് ചരിത്രം.
കോട്ടയുടെ ചരിത്രം പറഞ്ഞ് സമയം പോയി. കൊച്ചി കോട്ട മാത്രമല്ല ഫോര്‍ട്ട് കൊച്ചിയുടെ ആകര്‍ഷണം. വിവിധ കാലങ്ങളിലായി ഉണ്ടായ കൊളോണിയല്‍ അധിനിവേശം ഇന്ത്യന്‍ സമ്പത്തിനെ ഊറ്റിയെടുക്കുകയാണുണ്ടായത്.
അവര്‍ പണികഴിപ്പിച്ച് പോയ കെട്ടിടങ്ങള്‍ പഴയ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്. കൊളോണിയല്‍ വസ്തു പാരമ്പര്യത്തിന്റെ നിരവധി അടയാളങ്ങള്‍ കൊച്ചിയില്‍ ഇന്നും അവശേഷിക്കുന്നുണ്ട്.
സെന്റ് ഫ്രാന്‍സിസ് പള്ളി
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ പള്ളിയായ സെന്റ് ഫ്രാന്‍സിസ് പള്ളി, സാന്താ ക്രൂസ് ബസിലിക്ക, ഡച്ച് സെമിത്തേരി, പഴയ ബംഗ്ലാവുകള്‍, വലിയ ജനാലകളുള്ള കൊളോണിയല്‍ വീടുകള്‍ എല്ലാം അതിന്റെ തെളിവുകളാണ്.
കടല്‍ത്തീരത്തില്‍ നിന്ന് കുറച്ച് അകലെയായുള്ള സാന്താ ക്രൂസ് കത്തീഡ്രല്‍ ബസിലിക്കയുടെ ഭംഗി മറക്കാതെ കാണേണ്ടത് തന്നെയാണ്. പള്ളിക്കുള്ളിലെ ചിത്രകലയും ശില്‍പങ്ങളും അത്ഭുതം തന്നെയാണ്. അതിനടുത്താണ് സെന്റ് ഫ്രാന്‍സിസ് പള്ളി. വാസ്‌കോ ഡ ഗാമയുടെ ആദ്യ ശവകുടീരം ഈ പള്ളിക്കുള്ളിലായിരുന്നു.
സാന്താ ക്രൂസ് കത്തീഡ്രല്‍ ബസിലിക്ക
കാലം മാറിയിട്ടും ഫോര്‍ട്ട് കൊച്ചി തന്റെ പഴമയുടെ ഭംഗി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രികരെ ആകര്‍ഷിക്കുന്ന കലാസാംസ്‌കാരിക കേന്ദ്രമായി ഫോര്‍ട്ട് കൊച്ചി മാറിയിരിക്കുകയാണ്.
ഫോര്‍ട്ട് കൊച്ചി ഒരു തുറന്ന മ്യൂസിയം പോലെയാണ്, അവിടെ ഭൂതകാലവും വര്‍ത്തമാനവും മനോഹരമായി ഒന്നിക്കുന്നു. സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായതോടെ ഫോര്‍ട്ട് കൊച്ചിയില്‍ തദ്ദേശവാസികള്‍ക്ക് അത് വലിയൊരു വരുമാന മാര്‍ഗവുമായി.
ടൂറിസം മേഖലയിലുള്ള കുതിച്ചുചാട്ടം ശരിക്കും ഇവിടെയുള്ള പ്രദേശവാസികള്‍ക്ക് വലിയ സഹായമായി. ഹോം സ്റ്റേകള്‍ നടത്തുന്നവരും ഹോംലി മീല്‍സ് വില്‍ക്കുന്നവരും ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യുന്നവരുമൊക്കെ നിരവധിയാണ്.
ഫോര്‍ട്ട് കൊച്ചി വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്ന് പറയുകയാണ് നാട്ടുകാരനായ മാക്‌സണ്‍.
‘ഫോര്‍ട്ടുകൊച്ചി ഇപ്പോള്‍ വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയില്ലേ… ഇവിടെ ഉള്ള ആളുകള്‍ക്കൊക്കെ ടൂറിസം വലിയൊരു ഉപജീവനമാര്‍ഗമാണ്. വിദേശികള്‍ ഒക്കെ വരുമ്പോള്‍ ഗൈഡ് ആയും തട്ടുകടകള്‍ നടത്തിയും ഹോം സ്റ്റേകള്‍ നടത്തിയുമൊക്കെ ഒരുപാട് പേര് ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ട്.
പിന്നെ ഇവിടെ കടകള്‍ നടത്തുന്നവര്‍ക്കൊക്കെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം. വിദേശികളുമായി ഇടപഴകാന്‍ ഇത് സഹായിക്കും,’ മാക്‌സണ്‍ പറഞ്ഞു.
വെയിലൊതുങ്ങി അസ്തമയത്തോടടുക്കുമ്പോള്‍ ഫോര്‍ട്ട് കൊച്ചി തീരം കൂടുതല്‍ സുന്ദരിയാകുന്നു. ഓറഞ്ചും റോസും കലര്‍ന്ന നിറങ്ങള്‍ ആകാശത്തെ പൊതിയുന്നതും താഴെ വലിയ ചീനവലകളിലേക്ക് ഇരുള്‍ പടരുന്നതും കാണേണ്ട കാഴ്ചയാണ്.
കടല്‍ക്കാറ്റ് കൊള്ളാനെത്തുന്നവരിലേക്ക് ഒഴുകിയെത്തുന്ന ഭക്ഷണത്തിന്റെ ഗന്ധവും മറക്കാന്‍ സാധിക്കില്ല.
ഇവിടെ നിന്ന് വെറും നാല് കിലോമീറ്റര്‍ മാത്രമേയുള്ളു മട്ടാഞ്ചേരി പാലസിലേക്ക്. ഡച്ച് കൊട്ടാരം എന്ന പേരിലാണ് മട്ടാഞ്ചേരി പാലസ് ഇവിടുത്തുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. പോര്‍ച്ചുഗീസുകാര്‍ കൊച്ചിരാജാവിന് സമ്മാനമായി പണീത ഈ പാലസ്, പിന്നീട് ഡച്ച് ഭരണകാലത്ത് പുനരുദ്ധരിക്കപ്പെട്ടു.
ഈ കൊട്ടാരത്തിലെ ഭിത്തികളില്‍ ചിത്രീകരിച്ച രാമായണ-മഹാഭാരത കഥകള്‍ കേരളത്തിന്റെ മ്യൂറല്‍ പൈതൃകത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇപ്പോള്‍ ഇത് ഒരു മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്, കൊച്ചി രാജവംശവുമായി ബന്ധപ്പെട്ട അനവധി വസ്തുക്കളും പുരാവസ്തുക്കളും ഇവിടെ ചെന്നാല്‍ കാണാന്‍ സാധിക്കും.
പാലസിനുള്‍വശം
‘നിങ്ങള്‍ പണം സമ്പാദിക്കുന്നത് ചൈനയിലാണെങ്കില്‍, തീര്‍ച്ചയായും കൊച്ചിയാണ് അത് ചെലവഴിക്കാന്‍ പറ്റിയ സ്ഥലം.’ ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളാസ് കോണ്ടിയുടെ വാക്കുകളാണിത്.
അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഏതൊരു സഞ്ചാരിക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഫോര്‍ട്ട് കൊച്ചി നിങ്ങള്‍ക്ക് സമ്മാനിക്കുക.