വാദം തീരും വരെ കേരള സ്‌റ്റോറി റിലീസ് ചെയ്യരുത്: ഹൈക്കോടതി
Entertainment news
വാദം തീരും വരെ കേരള സ്‌റ്റോറി റിലീസ് ചെയ്യരുത്: ഹൈക്കോടതി
ഐറിന്‍ മരിയ ആന്റണി
Wednesday, 25th February 2026, 8:10 pm

കൊച്ചി: വാദം തീരും വരെ കേരള സ്റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹരജിക്കാരുടെ വാദം സത്യസന്ധമാണെന്നും ഹരജിക്കാരുടെ വാദങ്ങള്‍ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളയും (ഫെബ്രുവരി26) വാദം കേള്‍ക്കും. അതേസമയം മറ്റന്നാള്‍ (ഫെബ്രുവരി 27)നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

കേരള സ്റ്റോറി 2 കോടതി കാണുന്നതില്‍ നിര്‍മാതാവ് എതിര്‍പ്പറിയിച്ചിരുന്നു. സിനിമ കണ്ട് വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിന് മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നതെന്നും ഹൈക്കോടതയില്‍ സത്യവാങ്മൂലം നല്‍കി.

The kerala story delhi promotion, director and producers claims love jihad

സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും അത് കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ തലക്കെട്ടിനും വാസ്തവവിരുദ്ധതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ പുറത്തിറക്കിയ സിനിമയുടെ ടീസര്‍ പിന്‍വലിക്കാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിര്‍മാതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യൂട്യൂബടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പുറത്തിറക്കിയതെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ചിത്രത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് കേരള സ്റ്റോറി 2 കാണാന്‍ കോടതി തീരുമാനിച്ചതിനിടയിലാണ് ടീസറിനെതിരെയും ഹരജികള്‍ ഉയര്‍ന്നത്.

ടീസറില്‍ ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം കുടുംബം ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമെല്ലാം വലിയ വിമര്‍ശനം നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം കേരള സ്റ്റോറിക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തി. കഴിഞ്ഞദിവസം ദല്‍ഹിയില്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ്മീറ്റിലും നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.

ആദ്യഭാഗത്തിന്റെ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാക്കള്‍. കാമാഖ്യാ നാരായണ്‍ സിങ്ങാണ് ചിത്രത്തിന്റെ സംവിധാനം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്നാണ് കേരള സ്റ്റോറി 2 പറഞ്ഞുവെക്കുന്നത്.

Content Highlight: Kerala Story 2  should not be released until the arguments are over: High Court

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.