സംസ്ഥാന ഒളിംമ്പിക്‌സ് അസോസിയേഷനെ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍
Sports News
സംസ്ഥാന ഒളിംമ്പിക്‌സ് അസോസിയേഷനെ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th February 2025, 1:04 pm

കേരള ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി. സുനില്‍ കുമാറിന്റെ വിമര്‍ശനം തള്ളി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കളരിപ്പയറ്റ് ഒഴിവാക്കിയതും റഫറിയിങ് പിഴവുകളുമാണ് കേരളത്തിന്റെ തോല്‍വിക്ക് കാരണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫ് അലി സംസ്ഥാന ഒളിംമ്പിക്‌സ് പ്രസിഡണ്ടിന് ഇന്ന് (ശനി) ഉച്ചയ്ക്ക് പത്രസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ കായിക ഭാവിയെ മെച്ചപ്പെടുത്തുന്നതിന് പകരം സംസ്ഥാന ഒളിംമ്പിക്‌സ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുള്ള ഒരു തുറന്ന പോരാണ് ഇപ്പോള്‍ നടക്കുന്നത്.

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കായിക മന്ത്രിക്കെതിരെ കേരള ഒളിംമ്പിക്സ് അസോസിയേഷന്‍ പ്രസിഡണ്ട് വി. സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം കേരള കായിക മന്ത്രിയും സ്പോട്സ് കൗണ്‍സിലുമാണെന്നും മന്ത്രിയെന്ന നിലയില്‍ വി. അബ്ദുറഹ്‌മാന്‍ വട്ട പൂജ്യമാണെന്നും സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

‘കായിക മേഖലയിലെ നാഷണല്‍ ഗെയിംസില്‍ കേരളത്തിന് ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കാന്‍ സാധിച്ചത്. തീര്‍ച്ചയായും അതിന്റെ ഉത്തരവാദികള്‍ കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രിയും സ്പോര്‍ട്സ് കൗണ്‍സിലുമാണ്.

കായികത്തിന് മാത്രമായി ആദ്യമായി ഒരു മന്ത്രി ഉണ്ടായിട്ടും സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നോ മന്ത്രിയില്‍ നിന്നോ ഒരു രീതിയിലുള്ള സഹായങ്ങളോ സംഭാവനകളോ കഴിഞ്ഞ നാല് വര്‍ഷമായി ലഭിക്കുന്നില്ല. അതിന്റെ ഫലമാണ് നാഷണല്‍ ഗെയിംസില്‍ കേരളത്തിന്റെ മോശം പ്രകടനം,’ സുനില്‍ കുമാര്‍ പറഞ്ഞു.

മുന്‍ കാലങ്ങളിലെ കേരളത്തിന്റെ പ്രകടനങ്ങള്‍ നോക്കിയാല്‍ വലിയ പതനം തന്നെയാണ് മെഡല്‍ വേട്ടയില്‍ ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലാധ്യമായിട്ടാണ് കേരളം ആദ്യത്തെ 10 സ്ഥാനങ്ങളില്‍ പോലുമില്ലാതെ പോകുന്നത്. കേരളം 14ാം സ്ഥാനത്താണ് പിന്തള്ളപ്പെട്ടത്.

Content Highlight: Kerala Sports Council Will Replay Olympics Association