കോവിഡ് 19 കാലത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളെ വിധിക്ക് വിട്ടു കൊടുക്കരുത്
MIGRANT LABOURS KERALA
കോവിഡ് 19 കാലത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളെ വിധിക്ക് വിട്ടു കൊടുക്കരുത്
സാജിദ ഷജീര്‍
Saturday, 4th April 2020, 4:21 pm

വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ഒറീസ, ആസാം, ഝാര്‍ഗണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലന്വേഷിച്ച് വന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിന്റെ, അഭിവാജ്യ ഘടകമാണ്. ഇവരില്‍ അറുപത് ശതമാനം പേരും തൊഴിലെടുക്കുന്നത് നിര്‍മാണ മേഖലയിലാണ്.

ഗുലാതി ഇന്‍സ്ടിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ 2013 ലെ കണക്ക് പ്രകാരം, 25 ലക്ഷം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്, കേരളത്തില്‍ തൊഴിലെടുക്കുന്നത്. വര്‍ഷം തോറും രണ്ടര ലക്ഷം വര്‍ദ്ധനവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 2017 ലെ കണക്ക് പ്രകാരം,
തിരുവനന്തപുരം 6 ലക്ഷവും, എറണാകുളം 8 ലക്ഷവും, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ 4 ലക്ഷവും, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ രണ്ടര ലക്ഷവും, ബാക്കിയുള്ള ജില്ലകളിലെയും കൂടി കൂട്ടി 40 ലക്ഷത്തിലധികമാണ് ഇന്ന് കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കണക്ക്.

കൊറോണയുടെ സാഹചര്യത്തില്‍, പകുതിയോളം വരുന്ന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇരുപത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ഈ കൊറോണ കാലത്തും 400 ഉം 500 പേര്‍ തിങ്ങി കഴിയുന്ന ക്യാമ്പുകളിലാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക്, തൊഴില്‍ വകുപ്പിനിന്നും അന്യമാണെങ്കിലും, കോവിഡ് കാലത്ത്, സ്വകാര്യ ഏജന്‍സി ശേഖരിച്ച കണക്കിനെ ആശ്രയിച്ച് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു.

തൊഴിലാളികളുടെ കണക്കിനെ കുറിച്ചുള്ള ധാരണക്കുറവാണ്, പതിനായിരം വരുന്ന തൊഴിലുടമകള്‍ക്ക്, ലക്ഷങ്ങള്‍ വരുന്ന തൊഴിലാളികളുടെ ഭക്ഷണവും താമസവും ഏല്‍പിച്ചത്. നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം അന്തര്‍ സംസ്ഥാന തൊഴിലാളികളിലധികവും ഒരേ തൊഴിലുടമയുടെ കീഴിലല്ല ജോലി ചെയ്യുന്നത്. അത്, ഓരോ വര്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇനി കെട്ടിട ഉടമയുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. തൊഴിലിടങ്ങള്‍ക്കനുസരിച്ച്, അതാത് പ്രദേശത്ത് ബെഡ് സ്‌പേസ് കണ്ടെത്തുകയാണ് തൊഴിലാളികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

മാത്രമല്ല, ഒരു കെട്ടിടത്തില്‍ തന്നെ മുറികളനുസരിച്ച് 200 മുതല്‍ 600 വരെ ആളുകള്‍ താമസിക്കും. ഇത്രയും പേര്‍ക്ക്, ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ 3 നേരം ഭക്ഷണം കൊടുക്കുക എന്നുള്ളത്, ഒട്ടും പ്രായോഗികമല്ല. നിയമ വിരുദ്ധമായി, തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമകള്‍ക്ക് ഒരിക്കലും ഈ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍, തൊഴിലാളികള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച്, അവരെ നിരത്തിലിറക്കുക എന്ന തന്ത്രമാണ് തൊഴിലുടമകള്‍ ചെയ്തത്.

ആയിരക്കണക്കിന് മനുഷ്യര്‍, ജീവിതം ആശങ്കയിലായ സമയത്ത്, ഉത്തരം കിട്ടാതെ തെരുവിലറങ്ങിയപ്പോള്‍, ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിന്റെ ഇമേജിനേറ്റ ക്ഷതമായി കണ്ട്, സത്യാവസ്ഥയെ മൂടിവെക്കാനും മറ്റാരുടെയെങ്കിലും തലയില്‍ ഇതടിച്ചേല്‍പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നിജസ്ഥിതി മനസ്സിലാക്കി മുന്നോട്ടു പോകാനുള്ള നടപടിയാണ്, സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.

ഇന്ത്യാ രാജ്യത്ത് തന്നെ, ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുന്നത് കേരളത്തിലാണ്. തങ്ങളുടെ നാട്ടില്‍ 200 മുതല്‍ 400 രൂപ വരെ കൂലി ലഭിക്കുമ്പോള്‍, കേരളത്തില്‍ 600 ല്‍ കുറയാത്ത കൂലി ലഭിക്കുന്നുവെന്ന് മാത്രമല്ല, വര്‍ഷം മുഴുവനും തൊഴില്‍ ലഭിക്കുകയും ചെയ്യുന്നു. ഒരാള്‍ വീതം 75000 രൂപ വീതം വര്‍ഷത്തിലവര്‍ക്ക് നാട്ടിലേക്കയക്കാനും സാധിക്കുന്നു. കേരളത്തില്‍ നിന്നും സ്‌കില്‍ഡ് വര്‍ക് തേടി അന്യ രാജ്യങ്ങളിലേക്ക് മലയാളികള്‍ പോയതും, വിദ്യാസമ്പന്നരായ കേരളീയര്‍ മറ്റു ജോലികളിലേര്‍പ്പെടാനില്ലാതിരുന്നതും കേരളത്തിന്റെ ജനസംഖ്യാ വളര്‍ച്ച സീറോയില്‍ നിന്നും താഴെ നെഗറ്റീവിലേക്കെത്തിയതും, കേരളത്തില്‍ നിന്ന് മിഡിലീസ്റ്റിലേക്ക് പോയവര്‍ സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക വളര്‍ച്ചയൊക്കെയാണ്, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് തൊഴില്‍ തേടി വരുന്നതിന് കാരണമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തത് കൊണ്ട് തന്നെ, സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആനുകൂല്യങ്ങളൊന്നും പത്ത് ശതമാനം പോലും ഇവരിലെത്താറില്ല. ആദ്യഘട്ടത്തില്‍, 15000 രൂപയും, പിന്നീടത് 25000 രൂപയിലേക്കും ഉയര്‍ത്തിയ ചികിത്സ സഹായ പദ്ധതിയായ ‘ആവാസ് ഇന്‍ഷൂറന്‍സ്’, 40 ലക്ഷം വരുന്ന തൊഴിലാളികളില്‍ 357028 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് 2019 ലെ തൊഴില്‍ വകുപ്പിന്റെ കണക്ക്. യഥാര്‍ത്ഥത്തിലിത് തൊഴിലാളികളുടെ പത്ത് ശതമാനം പോലും ആകുന്നില്ല.

2019 ഫെബ്രുവരിയില്‍, ‘അപ്നാ ഗര്‍ ‘പദ്ധതിയുടെ ഭാഗമായി, കഞ്ചിക്കോട് മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്ത 44000 ചതുരശ്ര അടിയുള്ള കെട്ടിടം ഒരാള്‍ക്ക് 800 രൂപ വെച്ച് 600 പേര്‍ക്കുള്ള താമസ സൗകര്യമാണ്. ഇതിന്റെ തുടര്‍ നടപടി 600ല്‍ നിന്ന് 40 ലക്ഷത്തിലേക്കെത്താനുള്ള ദൂരം നമുക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.

കേരളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും പഠിക്കാന്‍ നടപ്പിലാക്കിയ ഹമാര മലയാളം പദ്ധതിയിലും വളരെ തുഛമായ തൊഴിലാളികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഈ സാഹചര്യത്തിലാണ്, ഒരു മീറ്റര്‍ അകലം പാലിച്ച്, മാസ്‌ക് ധരിച്ച്, ഇടക്കിടെ കൈ സാനിറ്റെസ് ചെയ്ത്, കോവിഡ് 19 നെ പ്രതിരോധിക്കാന്‍ യാതൊരു മുന്‍ കരുതലുമില്ലാതെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ തൊഴിലുടമകള്‍ക്ക് വിട്ടു കൊടുക്കുന്നത്.
ദിവസേന മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്ത സമ്മേളനം കേട്ട് മനസ്സിലാക്കി ജാഗ്രത പാലിക്കുമെന്ന് നാം വിചാരിക്കുന്നത് ഈ തൊഴിലാളികളെ സംബന്ധിച്ചാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതായാലും പായിപ്പാട്ടെ സംഭവത്തിന് ശേഷം സര്‍ക്കാര്‍, പല ഭാഷകളിലും സേവനം ആവശ്യപ്പെടാനുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ തീരുമാനിച്ചത് ഒരു ചുവട് വെപ്പ് തന്നെയാണ്.

അന്തര്‍ സംസ്ഥാന തൊഴിലാളികളില്ലാത്ത കേരളത്തെ കുറിച്ച് നമുക്കിന്ന് ചിന്തിക്കാനാവില്ല. ആയതിനാല്‍, ലോക്ക് ഡൗണ്‍ കാലത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ഭക്ഷണവും താമസവും ഉറപ്പ് വരുത്തേണ്ടതിന്, നിരന്തരം സര്‍ക്കാറിനെ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ജനങ്ങളായ നമ്മുടെ ബാധ്യതയാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍, 5128 ക്യാമ്പുകളിലായി ഒരു ലക്ഷത്തില്‍ പരം അന്തര്‍ സംസ്ഥാന തൊഴിലാളികളെ ഭക്ഷണവും താമസവും നല്‍കി സംരക്ഷിക്കുന്നുവെന്നാണ് പറഞ്ഞത്, ഇതില്‍ കൊറോണ കാലത്ത് കേരളത്തിലുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അഞ്ച് ശതമാനം മാത്രമേ വരികയുള്ളൂ. മാത്രമല്ല, ആ ക്യാമ്പുകള്‍ കൈകാര്യം ചെയ്യുന്നത്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തനിച്ചല്ല, പലതും തൊഴിലുടമകളെ ഏല്‍പിച്ചിട്ടാണ് കൈകാര്യം ചെയ്യുന്നത്.

പായിപ്പാട് സംഭവത്തോടനുബന്ധിച്ച്, രണ്ടായിരത്തോളം കണ്ടാലറിയാവുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ എടുത്ത കേസ്, തൊഴിലാളികളെ വലിയ ആശങ്കയിലകപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ അറസ്റ്റു ചെയ്താല്‍, ആരാണ് ഞങ്ങളെ ജാമ്യത്തിലെടുക്കാന്‍ വരികയെന്നുള്ളതാണ് അവര്‍ ഭയപ്പെടുന്നത്. അത് കൊണ്ട് തന്നെ, ഉള്ള സൗകര്യത്തില്‍ തിങ്ങി പാര്‍ക്കുന്നത്, കൊറോണ വ്യാപനത്തിന് കാരണമാകുമെന്ന യാഥാര്‍ത്ഥ്യം തന്നെ അവര്‍ മറന്നിരിക്കുകയാണ്.

കേരളം കോവിഡ് 19 നെ തുരത്തുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത് പൂര്‍ണമാകണമെങ്കില്‍, അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യഥാര്‍ത്ഥ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഇന്ത്യയിലുടനീളമുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അവസ്ഥ കൊറോണ കാലത്ത് പരിതാപകരമാണെന്നുള്ളതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.