തിരുവനന്തപുരം: 2026-2027 ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനാവശ്യ രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപെടുത്തിയെന്ന് വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക നില പരിതാപകരമാണെന്നും ബജറ്റ് പൊളിറ്റിക്കൽ ഡോക്യുമെന്റാക്കിയാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
വിശ്വാസ്യത തകർന്ന ധനകാര്യ സംവിധാനം കൈകാര്യം ചെയ്യുന്ന സർക്കാർ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കില്ലെന്നും ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളം വിലക്കയറ്റമുള്ള സംസ്ഥാനമായി മാറിയെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് അവതരണമാണിതെന്നും സർക്കാർ സമ്പത്ത് വ്യവസ്ഥ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മാർക്കറ്റ് ഇന്റെർവെൻഷനിൽ കേരളം ദയനീയമായി പരാജയപ്പെട്ടുവെന്നും കയ്യിൽ പൈസ ഇല്ലാത്തതിനാൽ കഴിഞ്ഞ പ്രാവശ്യം മാർക്കറ്റ് ഇന്റർവെൻഷനിനായി മാറ്റിവെച്ച തുക ചെലവാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റുകാരല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിന്റെ കാലത്താണ് വാർധക്യകാല പെൻഷനും വിധവ പെൻഷനും ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 26 ലെ ബജറ്റ് എസ്റ്റിമേറ്റിൽ റവന്യൂ വരവ് 1, 52000 കോടിയായിരുന്നു എന്നാൽ ഈ ബജറ്റിലെ വരുമാനം 1, 37000 കോടിയായി കുറഞ്ഞു. 1, 5000 കോടിയുടെ കുറവാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ പറയുന്ന കണക്കും യഥാർത്ഥ കണക്കും തമ്മിൽ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Kerala’s economic condition is pathetic; Budget has been turned into a political document: V.D. Satheesan