താന്ത്രികവിദ്യ അഭ്യസിപ്പിച്ചതിന്റെ പേരില്‍ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരന്‍ പാലക്കാട് ഇപ്പോഴും ജീവിക്കുന്നുണ്ട്; പുന്നല ശ്രീകുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
Sabarimala women entry
താന്ത്രികവിദ്യ അഭ്യസിപ്പിച്ചതിന്റെ പേരില്‍ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരന്‍ പാലക്കാട് ഇപ്പോഴും ജീവിക്കുന്നുണ്ട്; പുന്നല ശ്രീകുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
പുന്നല ശ്രീകുമാര്‍
Tuesday, 30th October 2018, 12:14 am

കേരളം പോലെയൊരു സംസ്ഥാനത്ത് നിന്ന് ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി നടക്കുന്ന സമരം നോക്കിക്കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്. ഒരു പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ അങ്ങനെ പ്രതിരോധിക്കാന്‍ കഴിയില്ല. അത് തുടരുക തന്നെ ചെയ്യും. ശബരിമല കേസില്‍ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിയാണ് വന്നിരിക്കുന്നത്. ദീര്‍ഘമായ 12 വര്‍ഷത്തെ വിചാരണയ്ക്കും വിസ്താരത്തിനും ഒടുവില്‍ നടത്തിയ വിധി പ്രസ്താവം.

നിര്‍ഭാഗ്യമെന്ന് പറയട്ടെ ഈ ദീര്‍ഘമായ കാലത്തെ വാദത്തിനും വിസ്താരത്തിനും ഒടുവില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം കിട്ടിയവര്‍ അന്തിമ വിധി വന്ന ശേഷവും ആ വിധിയെ ചോദ്യം ചെയ്യുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന അപൂര്‍വമായ സാഹചര്യം നമ്മുടെ കണ്‍മുന്നില്‍ കാണുകയാണ്.

ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ താന്‍ നട അടച്ചിടുമെന്നാണ്. അത് കോടതി അലക്ഷ്യമാണ്. ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അതിനെ സമൂഹം ഗൗരവമായി കാണേണ്ടതുണ്ട്. ഈ നടക്കുന്ന പ്രവര്‍ത്തനത്തെ സമഗ്രമായി പരിശോധിച്ചാല്‍ ഇത് കേരളത്തിന്റെ നവോത്ഥാനത്തെ പരിഹസിക്കലാണ്.


അതിനെ മുന്നോട്ടു നയിക്കാന്‍ നവോത്ഥാന പൈതൃകമുള്ള എല്ലാവരും ചേര്‍ന്നു നില്‍ക്കേണ്ട ഘട്ടമാണ് ഇത്. ഇവിടെ കോടതിയുടെ അന്തിമ വിധി വരുന്നതിന് മുന്‍പ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ദീപക് മിശ്ര, അദ്ദേഹം സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി വിരമിച്ച ആളാണ്. അദ്ദേഹത്തിന്‍രെ നിരീക്ഷണം പുറത്തുവന്നു. ദീപക് മിശ്ര പറഞ്ഞത്, “സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ശബരിമല പൊതിയിടമാണ്. പൊതുയിടമെന്ന നിലയില്‍ അവിടെ അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്നാണ്”. മറ്റൊരു ജഡ്ജിയായ ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്, എല്ലാം പ്രകൃതിയുടേയും ഇശ്വരന്റേയും സൃഷ്ടിയാണെങ്കില്‍ അതില്‍ സ്ത്രീകളും ഉള്‍പ്പെടും എന്നാണ്.

വളരെ അര്‍ത്ഥ ഗൗരവമായ നീരീക്ഷണങ്ങളാണ് ഇവര്‍ നടത്തിയത്. കോടതിയുടെ മനോഭാവത്തെ കുറിച്ച് മനസിലായി. ഇവിടെ 800 വര്‍ഷത്തിലധികം പഴക്കമുള്ള കാനനക്ഷേത്രമായ ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ സംരക്ഷിക്കാനുള്ള ബാധ്യത കോടതി ഏറ്റെടുത്തില്ല. കോടതി പറഞ്ഞത് ക്ഷേത്രം ഈശ്വരനുള്ളതല്ല ക്ഷേത്രം വിശ്വാസികള്‍ക്കുള്ളതാണ്, നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണെന്നുമാണ്.

കോടതിയുടെ നിരീക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഭഗവാന്റെ കല്‍പ്പിത ഹിതത്തേക്കള്‍ സ്ത്രീകളുടെ അന്തസ്സാണ് കോടതിക്ക് മുഖ്യം പ്രധാനം എന്ന നിരീക്ഷണമാണ്. വിശുദ്ധിയുള്ള സ്ഥലത്ത് അര്‍ഹതയില്ലാത്ത അശുദ്ധിയാണ് സ്ത്രീ എന്ന് പറയുമ്പോള്‍ അവളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ചരിത്രപ്രധാന വിധിയാണ് ഉണ്ടായിരിക്കുന്നത്.

 

ജാതിയുടെ പേരിലല്ല ഒരു നിശ്ചിത പ്രായപരിധിയുടെ പേരില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന് വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാനുള്ള ചരിത്രപരമായിട്ടുള്ള വിധിയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രക്ഷോഭങ്ങളില്‍ സ്ത്രീകളും മുന്നില്‍ നില്‍ക്കുന്നതായിട്ട് കാണുന്നുണ്ട്.

അതില്‍ ശ്രദ്ധിക്കേണ്ടത് വനിതാ കമ്മീഷന്റെ ദേശീയ അധ്യക്ഷ രേഖാശര്‍മ, അവര്‍ ദേശീയ സര്‍ക്കാരിന്റെ ഭാഗമാണ്. അവര്‍ അത്ഭുതത്തോടെ ചോദിച്ചത് എന്തിനാണ് കേരളത്തിലെ സ്ത്രീകള്‍ സമരം ചെയ്യുന്നത് എന്നാണ്? പോകാന്‍ താത്പര്യമുള്ളവര്‍ പോകട്ടെ. താത്പര്യമില്ലാത്തവര്‍ പോകണ്ട. പക്ഷേ അവരുടെ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം, ശബരിമലയിലേക്ക് സ്ത്രീകള്‍ പോകാന്‍ പാടില്ല എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ന് ആ നിര്‍ബന്ധം മാറിയിരിക്കുന്നു. നിങ്ങള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നു. അങ്ങനെ സ്വയം നിശ്ചയിക്കാനുള്ള അവകാശം കേരളീയ സ്ത്രീത്വത്തിന് കൈവരുമ്പോള്‍ എന്തിന് വേണ്ടിയാണ് കേരളത്തിലെ സ്ത്രീകള്‍ സമരം ചെയ്യുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍ വിധിയെ സ്വാഗതം ചെയ്ത ആളാണ്. സാഹചര്യങ്ങളാണ് ആചാരം സൃഷ്ടിക്കുന്നതെന്നും സാഹചര്യങ്ങള്‍ മാറുമ്പോള്‍ ആചാരം മാറണമെന്നുമാണ് പറഞ്ഞത്.

Read Also : ശബരിമല സമരം; പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സിയെയും വിമര്‍ശിച്ച് കെ.എസ്.യു; സീറ്റ് ചര്‍ച്ചകളില്‍ മാത്രം അഭിപ്രായം പറയുന്ന കൂട്ടമായി വിദ്യാര്‍ത്ഥി യുവജന നേതൃത്വം മാറിയെന്നും വിമര്‍ശനം

800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാനന ക്ഷേത്രം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന കാനന യാത്ര, ഇതൊക്കെ സ്ത്രീകള്‍ക്ക് ശാരീരികമായി കഴിയില്ലായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. അതിനാല്‍ ആചാരങ്ങളിലും മാറ്റം വരണം. ഇന്ന് വിശ്വാസികള്‍ എന്ന് പറയുന്നവര്‍ മുന്നോട്ട് വെക്കുന്ന കാര്യം 10 നും 50 നും ഇടയിലുള്ളവര്‍ പോകാന്‍ പാടില്ല എന്നാണ്. അതിന്റെ യുക്തിയെന്താണ്. പത്ത് വയസിന് മുന്‍പ് തന്നെ ശാരീരികമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ നമ്മുടെ കുടുംബങ്ങളിലുണ്ട്. 50 വയസിന് ശേഷവും ഇത്തരം പ്രവണതകള്‍ തുടരുന്ന സ്ത്രീകള്‍ നമ്മുടെ കുടുംബത്തിലുണ്ട്. അപ്പോള്‍ ഈ പറയുന്ന കാര്യത്തിന്റെ യുക്തി എന്താണ്.

 

സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം എടുക്കാന്‍ പറ്റില്ല എന്ന് പറയുന്നു. എന്നാല്‍ 41 ദിവസം വ്രതം എടുക്കുന്നവര്‍ എത്ര പേരുണ്ട്. രാവിലെ മാലയിടും വൈകീട്ട് പോകും. ചിലര്‍ ഇവിടെ വെച്ചും മാലിയിടില്ല പമ്പയില്‍ ചെന്ന് മാലയിടും. ഇരുമുടി അവിടുന്ന് കെട്ടും. കറുത്ത മുണ്ട് പോലും ഉടുക്കില്ല. ബര്‍മുട ഇട്ടിട്ടാണ് പോകുന്നത്. ഇരുമുടി പോക്കറ്റില്‍വെച്ചാണ് പോകുന്നത്. നമ്മള്‍ മല കയറുമ്പോള്‍ ഇതെല്ലാം കാണാം.

കേരളത്തില്‍ നിന്ന് പോകുന്ന 10 ശതമാനം പേരാണ് 41 ദിവസം വ്രതം എടുക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമെന്താണ് പ്രത്യേകത. പണ്ടൊന്നും ഇത്തരമൊരു ശാരീരികാവസ്ഥയിലുള്ള സ്ത്രീകളെ വീട്ടില്‍ കയറ്റില്ല. കാണാന്‍ പാടില്ലാത്ത ജീവിയെപോലെ നിര്‍ത്തും. ഇന്ന് നമ്മുടെ വീടുകളില്‍ അങ്ങനെ ഉണ്ടോ.

പണ്ടൊന്നും അമ്മയെ പോയി തൊടാന്‍ പറ്റില്ല. ഇന്ന് അമ്മമാര്‍ വീട്ടില്‍ കയറും, പാചകം ചെയ്യും, കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടും സകല ജോലികളും ചെയ്യും. പണ്ട് വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയുമുണ്ട്. വല്യമ്മയുണ്ട്, വല്യച്ചനുണ്ട്, ചെറിയമ്മയുണ്ട്. കൂട്ടുകുടുംബമാണ് ഒരാളെ അങ്ങ് അകറ്റി നിര്‍ത്തിയാലും കാര്യം നടക്കും.

എന്നാല്‍ ഇന്ന് അണുകുടുംബമാണ്. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും. ഭാര്യയെ കയറ്റിയില്ലെങ്കില്‍ പണി ഭര്‍ത്താവ് ചെയ്യേണ്ടി വരും. ഇവിടെയാണ് ശ്രീ ശ്രീ രവി ശങ്കര്‍ പറയുന്നതിന്റെ യുക്തി. സാഹചര്യം മാറുമ്പോള്‍ ആചാരം മാറും. അന്ന് ഇതെല്ലാം കണ്ട നമ്മള്‍ കരുതിയോ ഇവര്‍ ഇതൊക്കെ ചെയ്യും എന്ന്. പക്ഷേ കണ്‍മുന്‍പില്‍ കാണുകയാണ്.

ഇന്ന് ചിലപ്പോള്‍ വീടില്‍ വിളക്കുകള്‍ തെളിയിക്കുന്നുണ്ടാവില്ല. എന്നാല്‍ ഞാന്‍ ഇവിടെ നിന്ന് പറയുന്നു അതും അതിവിദൂരമല്ല. ഇതേ അവസ്ഥയില്‍ സ്ത്രീകള്‍ കുളിച്ചുവൃത്തിയായി വന്ന് വിളക്കും കത്തിക്കുന്ന കാലമുണ്ടാകും. കാരണം ഈ കോടതി വിധി ഉയര്‍ത്തുന്ന സ്ത്രീകളുടെ ആത്മാഭിമാനം ചെറുതല്ല.

അവളുടെ ശാരീരികമായ ഒരു സവിശേഷത. അത് സമൂഹം അംഗീകരിക്കേണ്ടതാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വിശുദ്ധിയുള്ള സ്ഥലത്ത് അര്‍ഹതില്ലാത്ത അശുദ്ധിയാണ് സ്ത്രീ എന്ന് പ്രഖ്യാപിക്കുകയാണ്. അവളുടെ ശരീരത്തില്‍ ജീവശാസ്ത്രപരമായി ഉള്ള ഒരു പ്രത്യേക അവളുടെ അയോഗ്യതയായി കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയാണ്. അതൊന്നും ഇനിയൊരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

സ്ത്രീകളും ആ നിലയിലേക്ക് മാറിക്കഴിഞ്ഞു. അത്തരമൊരു മാറ്റം യാഥാസ്ഥിതിക ബോധത്തോടുകൂടി കാണാന്‍ കഴിയില്ല. അത് മാറണം. ആ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനം എന്ന നിലയ്ക്ക് അതിന് പിന്തുണ കൊടുക്കുക എന്ന ഉത്തരവാദിത്തം കെ.പി.എമ്മെസിനുണ്ട്.

കാരണം നമ്മള്‍ മാറുമറക്കാനും വഴി നടക്കാനും സ്വാതന്ത്ര്യം ഇല്ലാതിരുന്നവരാണ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരം ഇല്ലാതിരുന്നവര്‍. ഈ നാടിന്റെ മാറ്റം കൊണ്ടല്ലേ നമ്മള്‍ ഒക്കെ ഇങ്ങനെ ആയത്. ഇവിടെ റൗക്ക, മേല്‍മുണ്ട് ധരിക്കാന്‍ വേണ്ടി നമ്മുടെ തെക്കന്‍ തിരുവിതാംകൂറില്‍ മേല്‍മുണ്ട് സമരം നടന്നു.

 

മേല്‍മുണ്ട് ധരിക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന പിന്നാക്ക സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ അവര്‍, റൗക്ക ധരിച്ചു. അവര്‍ക്കത് അപരിചതമായിരുന്നു. റൗക്ക ഇട്ടപ്പോള്‍ അവര്‍ക്ക് എന്തോ ഒരു സങ്കോചം പോലെ അവര്‍ അതിന് മുകളില്‍ ഒരു മേല്‍മുണ്ട് കൂടി ധരിച്ചു. എന്നാല്‍ സവര്‍ണര്‍ അത് വലിച്ചുകീറി.

ഇപ്പോള്‍ ഒരു ജാഥ പന്തളത്ത് നിന്ന് പോയല്ലോ, അവിടെ പണ്ട് ഒരു സമരം നടന്നു. മൂക്കുത്തി ലഹള. ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍. പിന്നാക്ക സ്ത്രീകള്‍ക്ക് മൂക്കുത്തി ധരിക്കാന്‍ കഴിയുമായിരുന്നില്ല. മൂക്കുത്തി ധരിച്ച് ചന്തയിലെത്തിയ സ്ത്രീകളെ സവര്‍ണര്‍ ആക്രമിച്ചു. അപ്പോഴാണ് ഒരു വല്ലം നിറയെ മൂക്കുത്തിയും ഒരു വഞ്ചി നിറയെ മേല്‍മുണ്ടുമായി ആറാട്ടുപുഴ വേലായുധ പണിക്കര്‍ വരുന്നത്.

ആ ചരിത്രം വിസ്മരിക്കാന്‍ നമുക്ക് പറ്റുമോ, പറ്റില്ല. സ്ത്രീത്വത്തിന്റെ ആത്ഭാഭിമാന പോരാട്ടങ്ങളുടെ നാടാണ് കേരളം. ഇപ്പോള്‍ നമുക്ക് അത്ഭുതം തോന്നും. അവിടെ ഒരു നമ്പൂതിരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. അദ്ദേഹം സമരമുഖത്തുണ്ട്. അതുപോലെ തന്ത്രിമാരുണ്ട്. ആലോചിച്ചുനോക്കൂ. ഒരു കാലഘട്ടത്തില്‍ നമ്മുടേക്കാള്‍ ജീര്‍ണത അനുഭവിച്ച ഒരു സമൂഹമാണ്് കേരളത്തിലെ നമ്പൂതിരി കുടുംബങ്ങള്‍.

ആ നമ്പൂതിരി കുടുംബത്തിന്റെ ജീര്‍ണതക്കെതിരെയുള്ള പോരാട്ടമാണ് 1998 ല്‍ യോഗക്ഷേമ സഭ ഉണ്ടാകാന്‍ കാരണം. ഇതിന് നേതൃത്വം കൊടുത്ത വി.ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍. ഏറ്റവും ശ്രദ്ധിക്കപ്പെെേടണ്ടത് കുറേയടത്ത് താത്രിയെപ്പോലുള്ളവര്‍. വി.ടി അന്ന് പറഞ്ഞു. യോഗക്ഷേമ സഭയുടെ ആവിര്‍ഭാവത്തിന് പിന്നില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഇടം നേടിയ താത്രി കലാപത്തിന്റെ ശേഷിപ്പുകള്‍, അതിന്റെ ഊര്‍ജമുണ്ട് എന്ന്.

തൃശൂര്‍ താലൂക്കിലെ തലപ്പള്ളി ഇല്ലത്തില്‍ കുറിയേടത്ത് രാമന്‍ നമ്പൂതിരിയാണ് താത്രിയെ വിവാഹം കഴിച്ചുകൊണ്ടുപോയത്. താത്രിയെ വിവാഹം കഴിച്ചുകൊണ്ടുവന്നപ്പോള്‍ ആദ്യരാത്രിയില്‍ താത്രിയുടെ അടുത്തേക്ക് വന്നത് രാമന്‍ നമ്പൂതിരിയല്ല ചേട്ടന്‍ നമ്പൂതിരിയാണ്.

ഒരു ഭദ്രകാളിയെപ്പോലെ അവള്‍ ഉറഞ്ഞുതുള്ളി. പിന്നീട് ഏതാണ്ട് 50 ല്‍ കൂടുതല്‍ ആളുകളുമായി വിവാഹബന്ധത്തിലേര്‍പ്പെടേണ്ടി വന്നു അവര്‍ക്ക്. അവസാനം സമൂഹം സ്മാര്‍ത്തവിചാരം(പരസ്യവിചാരണ) കല്‍പ്പിച്ചു അവര്‍ക്ക്. താത്രി അവളുമായി ബന്ധപ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചു. പല പ്രമുഖരുമുണ്ടായി. സമൂഹം വിറങ്ങലിച്ചു നിന്നു.

പരസ്യവിചാരണയില്‍ താത്രിയെ പടിയടച്ചു പിണ്ഡം വെച്ചു. പട്ടികയില്‍ ഇടം നേടിയവരെ ഭ്രഷ്ട് കല്‍പ്പിച്ചു. ആ താത്രി നമ്പൂതിരി കുടുംബങ്ങളിലെ ഇല്ലങ്ങളിലെ ഗര്‍ഭഗൃഗങ്ങളില്‍ മനുഷ്യന്‍മാരല്ലാതെ ജീവിച്ച അന്തര്‍ജനങ്ങളുടെ പ്രതീകമായിരുന്നു താത്രി. അപ്പോഴാണ് വി.ടി പറഞ്ഞത് താത്രി കലാപം കേരളത്തിന്റെ സാമൂഹിക ജീവിതത്തെ പിടിച്ചുകുലുക്കിയ അഗ്നിപര്‍വത സ്‌ഫോടനമാണ് എന്ന്.

 

യോഗക്ഷേമ സഭയുടെ ഉത്ഭവത്തിന് പിന്നില്‍ താത്രി അവശേഷിപ്പിച്ച പോരാട്ടത്തിന്റെ ഉര്‍ജ്ജമുണ്ട് എന്ന് വിടി പറഞ്ഞു. യാഥാസ്ഥിതികത്തിന്റെ പൂണൂല് പൊട്ടിച്ചെറിയാന്‍ ജീവിതപാതയില്‍ മനുഷ്യനായി നടക്കാന്‍ നമ്പൂതിരിയെ പ്രാപ്തമാക്കുന്ന യോഗക്ഷേമ സഭ ഇന്നീ സമരമുഖത്ത് നില്‍ക്കുന്നു ആ സമൂഹത്തിലെ ആളുകള്‍ ചിന്തിക്കണം. താത്രിയോട് നീതി പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? വി.ടി ഭട്ടതിരിപ്പാടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ? ഈ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ അണിചേരുന്ന സംഘടനകളുടെ പൂര്‍വപിതാക്കന്‍മാര്‍. കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നവര്‍ അവരോട് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ?

പട്ടികവിഭാഗത്തിലുള്ള സ്ത്രീകളെ കയറ്റണം എന്നല്ല ഞങ്ങള്‍ പറയുന്നത്. കെ.പി.എം.എസ് സമുദായത്തിന്റെ മാത്രം കാര്യവുമല്ല പറയുന്നത്. സമൂഹത്തിന്റെ കാര്യമാണ് പറയുന്നത്. മഞ്ജുവിനെപ്പോലുള്ള എത്രയോ മഞ്ജുമാര്‍ വ്രതശുദ്ധിയോടെ അയ്യപ്പനില്‍ വിശ്വാസം അര്‍പ്പിച്ച് പോകാന്‍ തയ്യാറാകുന്നു. അവര്‍ക്ക് അവസരം ഒരുക്കുകയാണ് വേണ്ടത്. ഞാന്‍ എത്രോയ കാലമായി പറയുന്നു. ഒരു ദേവസന്നിധിയില്‍ ഉണ്ടാകേണ്ട മാറ്റം കോടതിയല്ല നിശ്ചയിക്കേണ്ടത്. വിശ്വാസി സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതാണ്. ശബരിമല കേസില്‍ ഇവര്‍ക്ക് പരാമാവധി പ്രതിരോധിക്കാമായിരുന്നു. 12 വര്‍ഷം കേസ് നടന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ച് വനിതാ അഭിഭാഷകര്‍മാരായിരുന്നു ഹരജി നല്‍കിയത്.

വിധിക്ക് പിന്നാലെ ആദ്യഘട്ടത്തില്‍ ദേവസ്വം ബോര്‍ഡും മന്ത്രിയും ആശയക്കുഴപ്പമുണ്ടാക്കി. ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടം തട്ടാതെ ഉത്സവകാലം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ആദ്യം അത് മന്ത്രി ശരിവെച്ചു. പുനപരിശോധ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ സമരക്കാര്‍ കാത്തിരിക്കണമെന്നും പുനപരിശോധനാ ഹരജി നല്‍കുന്ന എന്‍.എസ്.എസ് നിലപാട് ശരിയാണെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി സമരക്കാര്‍ക്ക് ശക്തിപകരുന്ന രീതിയില്‍ പരാമര്‍ശം നടത്തി. വിഷയത്തെ കലുഷിതമായി. യഥാര്‍ത്ഥത്തില്‍ ശബരിമല പ്രശ്‌നത്തെ കലുഷിതമാക്കുന്നതില്‍ ദേവസ്വംബോര്‍ഡിനും മന്ത്രിയുടെ പരാമര്‍ശത്തിനും പങ്കുണ്ട്.

നമ്മുടെ ആത്മീയരംഗം പരിശോധിച്ചാല്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആ മാറ്റം തുടര്‍ന്നുവന്നിരുന്നുവെങ്കില്‍ ഇന്ന് ഒരു കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്വാസ സമൂഹത്തിന് ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നില്ല.

അധസ്ഥിത വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനോ തങ്ങളുടെ പരിവേദനങ്ങള്‍ ഭഗവാനോട് പറയുവാനോ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലം. സമാന്തരമായ ഒരു വിശ്വാസ ധാര ഒരു വിപ്ലവപ്രവര്‍ത്തനം നടത്തുന്നത് ശ്രീനാരായണ ഗുരുവാണ്. 1888 ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.

 

അന്ന് നാട്ടില്‍ വലിയ പ്രശ്മുണ്ടായി. അഗസ്തിത വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വിഗ്രഹപ്രതിഷ്ഠ നടത്തുന്നു. സഹിക്കാന്‍ കഴിയുമോ അന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഇത് നമ്മുടെ ശിവനാണെന്നാണ്. പക്ഷേ ആ വിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോഴും ശ്രീനാരായണ ഗുരുവിന് അറിയാം അന്ധവിശ്വാസ ജഠിലമായ ജീവിതം നയിക്കുന്ന ധനനഷ്ടമാക്കുന്ന ആചാര അനുഷ്ഠാനം പുലര്‍ത്തുന്ന തന്റെ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിഗ്രഹങ്ങള്‍ക്ക് കഴിയില്ല എന്ന്.

വിഗ്രഹങ്ങളല്ല വിദ്യാലയങ്ങളാണ് ഈ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ആ വിഗ്രഹത്തിന്റെ സ്ഥാനത്ത് വിദ്യാലയം കൊണ്ടുവന്നുവെച്ചാല്‍ ആരെങ്കിലും കൂടെ നില്‍ക്കുമോ ? നില്‍ക്കില്ല. അതുകൊണ്ട് ഗുരു വിഗ്രഹം തന്നെ വെച്ചു. എന്നിട്ട് മാറ്റമാണ് ഈശ്വരന്‍ എന്ന് പറഞ്ഞു.

മാറ്റത്തെ ഈശ്വരന് തുല്യമായി ഗുരു സ്ഥാപിച്ചു. പ്രബോധനങ്ങളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഗുരു അത് കാട്ടിത്തന്നു. എന്നിട്ട് മൂന്ന് തിരിയിട്ട വിളക്ക്. പഞ്ചലോഹങ്ങളില്‍ തീര്‍ത്ത പ്രഭ. വൈക്കത്തെ വെള്ളിലയില്‍ കണ്ണാടി. കണ്ണാടിയിലൂടെ അദ്ദേഹം ആരെയാണ് പ്രതിഷ്ഠിച്ചത് മനുഷ്യനെ തന്നെ.

അധര്‍മം പേറുന്ന മനുഷ്യന് ഗുരുവിന്റെ കണ്ണാടിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടായിരുന്നില്ല. മഹേശ്വരെ പ്രതിഷ്ഠിച്ച ഗുരു പിന്നീട് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന നിലയിലേക്ക് വന്നു. ആ മാറ്റം നിങ്ങള്‍ നോക്കൂ. ആത്മീയരംഗത്ത് ഗുരു പറഞ്ഞ മാറ്റം. മാറി മാറി വന്നു. ആ മാറ്റം തുടര്‍ന്നിരുന്നുവെങ്കില്‍ നമ്മുടെ ആത്മീയ രംഗം ഇന്ന് ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു.

എത്ര കാലം നമുക്ക് പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയും ഇതിനെ? ഈ നാടിന്റെ പാരമ്പര്യം പരിശോധിച്ചാല്‍ ആ മാറ്റം തുടരണം. തുടര്‍ന്ന് തന്നെ പോകും. അപ്പോള്‍ ആത്മീയരംഗത്ത് ഗുരു തുടങ്ങിവെച്ച ആശയസമരം തുടരാന്‍ കഴിയാത്തതും ഒരു പ്രശ്‌നമായി നില്‍ക്കുന്നു.

ഞാന്‍ സ്ത്രീകളേയം കൊണ്ട് ശബരിമലയ്ക്ക് പോകുമോ എന്ന് ചില മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉറപ്പായും വരും എന്ന് പറഞ്ഞു. കെ.പി.എം.എസ് ഒരു 5000 പേരേയും കൊണ്ട് പോകാന്‍ തീരുമാനിക്കുന്നു എന്ന് കരുതട്ടെ. ഞാന്‍ 5000 പേരെ കൊണ്ടുപോകുമെന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ 10000 പേര് തയ്യാറാകും.സ്ഥിതി മാറും.

മഞ്ജു പോയതുപോലെയല്ല കെ.പി.എം.സ് ശബരിമല കയറാന്‍ തീരുമാനിച്ചാല്‍. അത് ശബരിമലയില്‍ മാത്രമല്ല പുറത്തും പ്രശ്‌നമായിരിക്കും. പക്ഷേ അങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍ കെ.പി.എം.എസിനെപ്പോലൊരു സാമൂഹിക പ്രസ്ഥാനം അതാണോ ചെയ്യേണ്ടത്. എന്നോട് പല ഘട്ടങ്ങൡും ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് തെരുവിലെ ഏറ്റുമുട്ടലിന് ഈ പ്രസ്ഥാനം ഇല്ല എന്നാണ്.

 

1892 ലാണ് വിവേകാനന്ദന്‍ കേരളം സന്ദര്‍ശിക്കുന്നത്. വിവേകാനന്ദന്‍ ഇവിടം ഭ്രാന്താലയമാണെന്ന് പറഞ്ഞു. വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച തൊട്ടടുത്ത വര്‍ഷമാണ് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തുന്നത്. ഈ ഭ്രാന്താലയം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായി. ഒരു അയ്യങ്കാളി ഇല്ലെങ്കില്‍ ഒരു ശ്രീനാരായണ ഗുരു ഇല്ലെങ്കില്‍ ഒരു വക്കം മൗലവി ഇല്ലെങ്കില്‍ ഒരു പണ്ഡിറ്റ് കറുപ്പന്‍ ഇല്ലെങ്കില്‍ ഒരു വി.ടി ഭട്ടതിരിപ്പാടില്ലെങ്കില്‍ മന്നത്ത് പത്ഭനാഭന്‍ ഇല്ലെങ്കില്‍ എങ്ങനെ ഈ നാട് സ്വര്‍ഗതുല്യമാകുമായിരുന്നു.

അത് പരിണാമപ്രക്രിയയാണ് നവോത്ഥാനമാണ്. തുടര്‍ച്ചയാണ്. കോടതിയില്‍ ചെന്ന് റിവ്യൂ ഹരജി കൊടുത്ത് പ്രശ്‌നമുണ്ടാക്കി ഇത് നടന്നാലിയിരുന്നെങ്കില്‍ നമ്മള്‍ എന്താണ് മനസിലാക്കേണ്ടത് നവോത്ഥാനത്തിന്റെ വലിയ പൈതൃകം ഉണ്ട് എന്ന് പറയുന്ന കേരളം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കേരളം, സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സാംസ്‌ക്കാരിക പൈതൃകമുള്ള കേരളത്തിന്റെ സമൂഹ മനസ് ഈ മാറ്റത്തിന് പാകപ്പെട്ടില്ല എന്നല്ലേ കരുതേണ്ടത്.

വിശുദ്ധിയുള്ള സ്ഥലത്ത് അര്‍ഹതയില്ലാത്ത അശുദ്ധിയാണ് സ്ത്രീ എന്ന് പറയുമ്പോള്‍ ഒരു ഭഗവാന്റെ ഹിതത്തേക്കാള്‍ സ്ത്രീയുടെ അന്തസാണ് മുഖ്യം എന്ന് കോടതി പറയുമ്പോള്‍ ഇന്ത്യയുടെ ഭരണഘടനയുടെ നിഴലില്‍ നിന്നുകൊണ്ട് അവള്‍ക്ക് അംഗീകാരം കൊടുക്കുമ്പോള്‍ ഇപ്പോഴും പുറ്റുപിടിച്ച മനസുകളുമായി അവരെ പുറത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് എങ്കില്‍ നാം കരുതേണ്ടത് എന്താണ് ഈ കൊട്ടിഘോഷിക്കുന്ന കൈരളിയുടെ മനസ് അതിന് പാകപ്പെട്ടിട്ടില്ല എന്ന് തന്നെയല്ലേ

അങ്ങനെയെങ്കില്‍ അയ്യങ്കാളിയുടെ ചെറുമക്കള്‍ എന്താണ് ചെയ്യേണ്ടുന്നത്. നമ്മുടെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് കൂടുതല്‍ ആയുധവത്ക്കരിച്ച് കവടകുണ്ഡലങ്ങള്‍ അണിഞ്ഞ് ഈ സമൂഹത്തെ പാകപ്പെടുത്തുന്നതിന് പോര്‍മുഖത്തേക്ക് കൂടുതല്‍ തെളിമയോടെ കരുത്തോടുകൂടി പോവുക എന്നാണ്. ഈ നാടിനെ പാകപ്പെടുത്തുന്നതിന് വേണ്ടി. ആ ഉത്തരവാദിത്തം കെ.പി.എം.എസ് ഏറ്റെടുക്കുമെന്നാണ് പറഞ്ഞത്.

യദുകൃഷ്ണന്‍

ഏറ്റവും കൂടുതല്‍ സന്തോഷമുള്ളത് ഈപറയുന്ന നാമജപ ഘോഷയാത്രയിലൊന്നും നമ്മുടെ ആളുകളൊന്നും ഇല്ല. ക്ഷേത്രത്തിന്റെ ഭാരവാഹികളെ കൊണ്ട് ആദ്യം വിളിപ്പിച്ചു. ഇപ്പോള്‍ പോറ്റിമാരെകൊണ്ട് വിളിപ്പിച്ചു. പോറ്റിമാരെ കൊണ്ട് വിളിപ്പിക്കുമ്പോള്‍ പേടിയാണ്. അമ്പലത്തിന്റെ പ്രസിഡന്റ് വിളിക്കുന്നതുപോലെയല്ല നാളെ അമ്പലത്തിന്റെ നടയില്‍ പോയി നില്‍ക്കുമ്പോള്‍ നമ്മുടെ കാര്യം ഇടനിലക്കാരായി അവിടെ പറയുന്ന ആളാണല്ലോ. പക്ഷേ നമ്മുടെ ആളുകള്‍ പോയില്ല. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മാറുമറക്കാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. വിദ്യാലയങ്ങളില്‍ കയറാന്‍ കഴിയാത്ത കാലമുണ്ടായിരുന്നു. വഴി നടക്കാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് എവിടെയായിരുന്നു ഈ വിശ്വാസി സമൂഹം എന്നായിരുന്നു അവര്‍ ചോദിച്ചത്.

36 അബ്രാഹ്മണ ശാന്തിമാരെ ഇപ്പോള്‍ കേരളത്തില്‍ നിയമിച്ചു. നമ്മുടെ ഹൈന്ദവ വിശ്വാസം അനുസരിച്ച് ബ്രഹ്മജ്ഞാനം നേടിയാല്‍ ബ്രാഹ്മണനായി പരിഗണിക്കണം എന്നാണ്. എന്നാല്‍ ബ്രഹ്മജ്ഞാനം നേടിയിട്ടും ബ്രാഹ്മണനായി പരിഗണിച്ചിട്ടില്ല. താന്ത്രികവിദ്യ ശാസ്ത്രീയമായി അഭ്യസിച്ച് എഴുത്തുപരീക്ഷ കഴിഞ്ഞ് ഇന്റര്‍വ്യൂവും കഴിഞ്ഞ് ചെന്നിട്ട് ശ്രീകോവിലുകളില്‍ കയറാന്‍ പറ്റുന്നില്ല. അന്ന് ഈ നാട്ടിലുണ്ടായ പ്രശ്‌നമൊക്കെ ഉപനയനമാണ്. ഉപനയനം എന്നാല്‍ പൂണൂല്‍. ഇവര്‍ ഉപനയനം നടത്തുന്നവല്ല. താന്ത്രിക വിദ്യ ശാസ്ത്രീയമായി അഭ്യസിക്കാന്‍ പോകുന്നവര്‍ പൂണൂല്‍ ഇട്ടേ പറ്റൂ.

വൈജ്ഞാനിക മേഖലയിലേക്കുള്ള ഒരു എന്‍ട്രിയാണ് ഇത്. ഒരാള്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി ഞാനിതാ പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് അയാള്‍ക്ക് തോന്നിയാല്‍ അയാളുടെ മനസിന്റേയും ശരീരത്തിന്റേയും പരിവര്‍ത്തനത്തിനിടുന്ന അടയാളമാണ് ഈ പൂണൂല്‍. പൂണൂല്‍ ഇടും. തിരുവല്ലയിലെ വളഞ്ഞവട്ടം മഹാക്ഷേത്രം ക്ഷേത്രത്തില്‍ നിയമനം ലഭിച്ച യദുകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ നമ്മുടെ കുടുംബത്തില്‍പ്പെട്ട ആളാണ്. ആറാമത്തെ റാങ്കുകാരന്‍. ദേവഭാഷയായ സംസ്‌കൃതത്തിലെ ബിരുദധാരി. അയാളെ ഇപ്പോള്‍ ക്ഷേത്രത്തിന് പുറത്തുചാടിക്കാന്‍ നില്‍ക്കുകയാണ്. ആലപ്പുഴയിലെ മാവേലിക്കരയ്ക്കടുത്തുള്ള ചെട്ടികുളങ്ങര ക്ഷേത്രം. സുധി കുമാര്‍ ഈഴവ സമുദായത്തില്‍പ്പെട്ട ചെറുക്കനാണ്. അവന് നിയമനം കിട്ടി. അവിടെ ചെന്നപ്പോള്‍ കയറ്റത്തില്ല. തന്ത്രി പറഞ്ഞു ഈഴവ സമുദായത്തില്‍പ്പെട്ടയാള്‍ പൂജ നടത്തിയാല്‍ ദേവീ കോപമുണ്ടാകും. യാഥാസ്ഥിതികര്‍ ഒത്തുചേര്‍ന്നു. പ്രശ്‌നമുണ്ടാക്കി. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഉത്തരവ് റദ്ദ് ചെയ്തു. വീണ്ടും പ്രക്ഷോഭം ഉണ്ടായി ഗവര്‍മെന്റ് ഇടപെട്ടു. ഇപ്പോള്‍ പൂജയ്ക്കായി അദ്ദേഹത്തെ അമ്പലത്തില്‍ നിയമിച്ചു. പക്ഷേ അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ചിലര്‍ കൊല്ലുമെന്ന് പറഞ്ഞു. ഇപ്പോള്‍ സുധികുമാര്‍ ആവണിപ്പലകയിലിരുന്ന് മന്ത്രമുച്ചരിക്കും. പൂവടങ്ങോട്ട് ഇടും. ഇടയ്ക്ക് പുറകോട്ട് നോക്കും വരുന്നുണ്ടോ എന്ന്. അതാണ് സുധികുമാറിന്റെ അവസ്ഥ. സുധികുമാര്‍

ബിജു നാരായണ ശര്‍മ

ബിജു നാരായണ ശര്‍മ പാലക്കാട്. നമ്മുടെ കുടുംബക്കാരനാണ്. തന്ത്രവിദ്യാ പീഠം നടത്തുകയാണ്. താന്ത്രികവിദ്യ അഭ്യസിപ്പിച്ചതിന്റെ പേരില്‍ ഈ യാഥാസ്ഥിതികര്‍ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരന്‍ ഇപ്പോഴും പാലക്കാട് ജീവിക്കുന്നുണ്ട്. നടക്കുന്നത് കേരളത്തിലാണെന്ന് ആലോചിക്കണം. ഇതെല്ലാം നമ്മുടെ ആളുകള്‍ അനുഭവിക്കുമ്പോള്‍ ഈ വിശ്വാസികള്‍ എവിടെയായിരുന്നു. തങ്ങളുടെ സ്ഥിതി അപകടത്തില്‍പ്പെടുമ്പോള്‍ എല്ലാവരും വന്ന് ചുറ്റും നിന്ന് നാമജപ ഘോഷയാത്ര നടത്തണമെന്ന് പറഞ്ഞാല്‍ നടത്തണോ ?വേണ്ട എന്നാണ് എന്റെ അഭിപ്രായം.

നമ്മുടെ നാമജപ ഘോഷയാത്ര വരുന്നുണ്ട് നവംബര്‍ 5 ാം തിയതി 19 സ്ഥലത്ത്. അന്ന് കേരളം കാണണം എന്താണ് നാമജപ ഘോഷയാത്രയെന്ന്. എനിക്ക് തോന്നുന്നത് പ്രളയം വന്ന് ആ പരിപാടി മാറ്റിവെച്ചത് നന്നായി. ഇപ്പോഴാണ് സ്മൃതിപദത്തിന് പറ്റിയ മികച്ച സമയം. കേരളം ശ്രദ്ദിക്കാന്‍ പോകന്ന പരിപാടിയായി സ്മൃതിപദം മാറാന്‍ പോകുകയാണ്.

ഏറ്റവും നല്ല ഡിബേറ്റ്. നമ്മുടെ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും സാംസ്‌ക്കാരിക ഔന്നിത്യവും പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഘോഷയാത്ര നടക്കണം. അയ്യങ്കാളിയുടെ വില്ലുവണ്ടി ഒരിക്കല്‍ കൂടി കുടമണി കെട്ടി പൂവിതറിയ വഴികളിലൂടെ അത് വീണ്ടും കടന്നുവരികയാണ്. കേരളത്തിന്റെ ഹൃദയത്തിലൂടെ നമ്മള്‍ അതിനെ ആനയിക്കുകയാണ്. ജീവിതപരിസരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ജീര്‍ണതകളുണ്ട്. ആ ജീര്‍ണതകളെ ഉന്മൂലനം ചെയ്യാന്‍ അയ്യങ്കാളിയുടെ ചെറുമക്കള്‍ ഒരിക്കല്‍ കൂടി തെരുവിലിറങ്ങുകയാണ്. അത് അവിസ്മരണീയമാക്കണം. ഇതിലൂടെ കെ.പി.എം.എസ് വലിയ പോരാട്ടത്തിന്റെ ശംഖൊലി മുഴക്കുകയാണ്.

പുന്നല ശ്രീകുമാര്‍
കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി