റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യൂഷൻ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ‘കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി ജെബി മേത്തര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഛത്തിസ്ഗഡ് പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിക്കാന്‍ എത്തിച്ച കോലം പൊലീസ് പിടിച്ചുവാങ്ങി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കൈയേറ്റവുമുണ്ടായി.
അതേസമയം മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്ക് ശേഷമാണ് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ രംഗത്തെത്തുന്നത്.
നേരത്തെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഛത്തിസ്ഗഡിലെത്തി കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെന്റിന് മുമ്പാകെ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.
കൂടാതെ പ്രിയങ്ക ഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംഘവും കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഛത്തീസ്ഗഡിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടന്ന കന്യാസ്ത്രീകളുടെ ജയില്‍വാസം സംബന്ധിച്ച ചര്‍ച്ചയില്‍ എന്‍.ഡി.എ നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ്എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂലൈ 25 (വെള്ളിയാഴ്ച)നാണ് ഇവര്‍ അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
ടി.ടി.ആര്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഇതിനിടെ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlight: kerala nuns arrrest; Congress protests in Chhattisgarh, clashes erupt