' ഇടവപ്പാതി കുറഞ്ഞാലും ചെന്നൈയ്ക്ക് സമാനമായ വരള്‍ച്ച കേരളത്തില്‍ ഉണ്ടാവില്ല '; അഭിമുഖം-ഡോ. എസ് അഭിലാഷ്
Details
' ഇടവപ്പാതി കുറഞ്ഞാലും ചെന്നൈയ്ക്ക് സമാനമായ വരള്‍ച്ച കേരളത്തില്‍ ഉണ്ടാവില്ല '; അഭിമുഖം-ഡോ. എസ് അഭിലാഷ്
ആര്യ അനൂപ്‌
Thursday, 11th July 2019, 3:03 pm

ഇത്തവണ ജൂണ്‍ എട്ടിനാണ് മണ്‍സൂണ്‍ കേരളത്തില്‍ എത്തിയത്. ആദ്യവാരം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴ മാറി നിന്നു. ആദ്യ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചെങ്കിലും പിന്നീടത് ദുര്‍ബലമായി. സാധാരണ ലഭിക്കേണ്ട മഴയില്ലാതെയാണ് ജൂണ്‍ മാസം കടന്നുപോയത്. ജൂലൈ മാസത്തിലും പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല.
മഴയില്ലാത്തതിനാല്‍ കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് കുറവാണ്.

കാലവര്‍ഷത്തിന്റെ സ്വഭാവം മാറുകയാണ്. കനത്ത കാര്‍മേഘങ്ങള്‍ തുടര്‍ച്ചയായി ഉണ്ടെങ്കിലും ശക്തമായ മഴ എങ്ങുമില്ല. മാറി മറയുന്ന കാലാവസ്ഥയെ കുറിച്ചും കേരളത്തിന്റെ മണ്‍സൂണിനെ കുറിച്ചും സംസാരിക്കുകയാണ് കൊച്ചി സര്‍വകലാശാല കാലാവസ്ഥാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ് അഭിലാഷ്.

 

എന്താണ് നമ്മുടെ കാലവര്‍ഷത്തിന് സംഭവിക്കുന്നത്?

മണ്‍സൂണ്‍ എല്ലാ വര്‍ഷവും ഒരേപോലെ വരണമെന്നില്ല. മണ്‍സൂണിന്റെ തന്നെ കഴിഞ്ഞ നൂറ് വര്‍ഷത്തെ പാറ്റേണ്‍ പരിശോധിച്ചാല്‍ മണ്‍സൂണ്‍ മഴ എല്ലാവര്‍ഷവും ഒരേപോലെ കിട്ടിയ ചരിത്രമില്ല. ചില കാലഘട്ടങ്ങളില്‍ മണ്‍സൂണ്‍ മഴ കൂടി നില്‍ക്കും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം നമുക്കുണ്ടായ പ്രളയം. എന്നാല്‍ ചില വര്‍ഷം മഴ കുറഞ്ഞ് നില്‍ക്കും. 2015 ലും 16 ലും നമ്മള്‍ വരള്‍ച്ച അനുഭവിച്ചു. ഇതൊക്കെ മണ്‍സൂണിന്റെ കയറ്റിറക്കങ്ങളുടെ ഭാഗമാണ്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ വരുന്നത്. എന്നാല്‍ ഈ വര്‍ഷവും അതില്‍ വ്യത്യാസമുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷത്തെ ശരാശരി നോക്കിക്കഴിഞ്ഞാല്‍ മെയ് 27 നും ജൂണ്‍ 5 നും ഉള്ളില്‍ ഏറെക്കുറെ കേരളത്തിലെത്തുന്ന പ്രവണതയാണ് മണ്‍സൂണിനുള്ളത്. അതേസമയം ചില വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ ജൂണ്‍ 12 ന് എത്തും. അല്ലെങ്കില്‍ ജൂണ്‍ 18 ന് എത്തും. പല വര്‍ഷങ്ങളിലും ആ പാറ്റേണ്‍ മാറുന്നുണ്ട്. ഈവര്‍ഷം മണ്‍സൂണ്‍ 8 ാം തിയതി കേരളത്തിലെത്തി. പക്ഷേ അതോടനുബന്ധിച്ച് തന്നെ നമ്മുടെ അറബിക്കടലില്‍ വായു ചുഴലിക്കാറ്റ് ഉണ്ടായി. ചുഴലിക്കാറ്റ് ഉണ്ടായതോടെ മഴമേഘങ്ങള്‍ മാറിപ്പോയി.

മണ്‍സൂണ്‍ എന്ന് പറയുന്നത് മഴ മേഘങ്ങള്‍ മാത്രമല്ല. മഴപെയ്യിക്കുന്നത് മണ്‍സൂണിന്റെ കാറ്റാണ്. അതായത് തെക്കുപടിഞ്ഞാറു നിന്ന് വരുന്ന കാറ്റിനെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന് പറയുന്നത്. കാറ്റ് ആ ദിശയില്‍ നിന്ന് വരുന്നത് കൊണ്ടാണ് നമ്മള്‍ അതിനെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നുപറയുന്നത്. ഈ തെക്കുപടിഞ്ഞാറു നിന്ന് വരുന്ന കാറ്റ് കൃത്യമായി കേരളത്തില്‍ എത്തണം. പശ്ചിമഘട്ട മലനിരകള്‍ ആ കാറ്റിനെ തടഞ്ഞുനിര്‍ത്തുന്നതിലൂടെയാണ് അത് മേഘങ്ങളായി മഴയുടെ രൂപത്തില്‍ ലഭിക്കുന്നത്. അപ്പോള്‍ കാറ്റിന്റെ ദിശ മാറിക്കഴിഞ്ഞാല്‍ മഴയുടെ പാറ്റേണും മാറും. വായു ചുഴലിക്കാറ്റ് ഉണ്ടായ സമയത്ത് മണ്‍സൂണിന്റെ സ്വാഭാവികമായിട്ടുള്ള സര്‍ക്കുലേഷന്‍ പാറ്റേണ്‍ മാറി.

അത് സ്വാഭവിക മണ്‍സൂണ്‍ പാറ്റേണിലേക്ക് തിരിച്ചുവരാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. സൗത്ത് ഇന്ത്യയില്‍ അതായത് കേരള, തമിഴ്‌നാട്, കര്‍ണാടക ആന്ധ്ര, മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളില്‍ ജൂണ്‍ പത്ത് വരെ ശക്തമായ മഴ കിട്ടുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ മഴ ഏറ്റവും കുറവ് ലഭിച്ചത്. കേരളത്തില്‍ 46 ശതമാനം ആണെങ്കില്‍ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാകെ 34 ശതമാനം മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം മധ്യ ഇന്ത്യയിലേക്ക് നോക്കുമ്പോള്‍ മണ്‍സൂണില്‍ രണ്ട് ശതമാനത്തിന്റെ കുറവേ സംഭവിച്ചിട്ടുള്ളു.

മധ്യ ഇന്ത്യയില്‍ എത്തേണ്ട സമയം ആയപ്പോഴേക്കും മണ്‍സൂണിന്റെ ഘടന പഴയ രീതിയിലായി. അത്തരത്തില്‍ നോക്കുമ്പോള്‍ മഴ നഷ്ടപ്പെട്ടത് ദക്ഷിണേന്ത്യയില്‍ തന്നെയാണ്. അതിന് ശേഷം മണ്‍സൂണ്‍ അതിന്റെ വടക്കോട്ടുള്ള പ്രയാണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദല്‍ഹിയടക്കം, അതുപോലെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ രാജസ്ഥാനിലും കൃത്യമായി എത്തി. ദല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂലൈ ആദ്യ ആഴ്ചയാണ് മണ്‍സൂണ്‍ എത്തുന്നത്.

കേരളത്തിലെ കാര്യം എടുത്താല്‍ ജൂലൈ തുടക്കത്തില്‍ വലിയ മഴ പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല. അതിനുള്ള കാരണം ജൂലൈ ആയപ്പോഴേക്കും മണ്‍സൂണ്‍ അതിന്റെ നിര്‍ജീവകാലഘട്ടത്തിലേക്ക് കടന്നു എന്നതാണ്. മണ്‍സൂണിന് സജീവ കാലഘട്ടമെന്നും നിര്‍ജീവ കാലഘട്ടമെന്നും പറഞ്ഞ ഘട്ടങ്ങള്‍ ഉണ്ട്. മണ്‍സൂണ്‍ നിര്‍ജീവ കാലഘട്ടത്തിലേക്ക് കടക്കുന്ന അവസ്ഥയില്‍ കൂടുതല്‍ മഴ കിട്ടുന്നത് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഹിമാലയത്തിന് താഴെയുള്ള പ്രദേശങ്ങളിലുമാണ്. ഇനിയും മണ്‍സൂണ്‍ അതിന്റെ സ്വാഭാവിക പാറ്റേണിലേക്ക് എത്തണമെങ്കില്‍ ഒരാഴ്ച കൂടി പിടിക്കും. ജൂലായ് 15, 16 ലൊക്കെയായിരിക്കും കേരളത്തില്‍ മണ്‍സൂണിന്റെ മഴ എത്തുന്നത്. അതും പക്ഷേ ഒറ്റപ്പെട്ട മഴയായിരിക്കും.

 

എല്‍നിനോ പ്രതിഭാസം മണ്‍സൂണിനെ എത്രത്തോളം ബാധിക്കുന്നുണ്ട്?

എല്‍നിനോ വരുന്ന സമയങ്ങളില്‍ മണ്‍സൂണ്‍ കുറയുന്നതായിട്ടാണ് കുറേ വര്‍ഷത്തെ പഠനത്തില്‍ നിന്നും മനസിലാകുന്നത്. 2015 ല്‍ വലിയ എല്‍നിനോ ആയിരുന്നു. ആ സമയത്ത് മഴ കുറഞ്ഞു. 2016 ജൂണ്‍ വരെ എല്‍നിനോ തുടര്‍ന്നു. അതുകൊണ്ട് 2016 തുടക്കത്തില്‍ നമുക്ക് മഴ കുറഞ്ഞു. 2015 ല്‍ ഇന്ത്യ മൊത്തം മഴ കുറവായിരുന്നു. പക്ഷേ 2016 ആയപ്പോള്‍ ഇന്ത്യയില്‍ മൊത്തം സാധാരണ മഴ ലഭിച്ചു. പക്ഷേ കേരളത്തില്‍ മഴ കുറഞ്ഞു. അതിനുള്ള കാരണം മണ്‍സൂണിന്റെ തുടക്കത്തില്‍ എന്‍നിനോ ഉണ്ടായതാണ്. അപ്പോള്‍ മഴ കുറയുന്നത് മൊത്തം തെക്കന്‍ സംസ്ഥാനങ്ങളിലാണ്. ആ സമയത്ത് മഴ കിട്ടേണ്ടിടങ്ങളിലാണ് മഴ കുറഞ്ഞത്.

ഈ വര്‍ഷവും അത് തന്നെയുണ്ടായി. ചെറിയൊരു എല്‍നിനോ പ്രതിഭാസം തുടക്കത്തില്‍ ഉണ്ടായിരുന്നു. അത് മണ്‍സൂണിന്റെ തുടക്കത്തെ ബാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ എല്‍നിനോ ഉണ്ടെങ്കില്‍ ജൂണ്‍ മാസത്തില്‍ മഴ ലഭിക്കേണ്ട സ്ഥലങ്ങളില്‍ മഴ കുറയ്ക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ ആകുമ്പോഴേക്കും എല്‍നിനോ അല്പം കുറയുന്ന അവസ്ഥയിലാകും. രണ്ട് പതിറ്റാണ്ടിന്റെ കണക്ക് എടുത്തു കഴിഞ്ഞാല്‍ ജൂണ്‍ മാസത്തില്‍ മഴ കുറയുന്ന സമയങ്ങളില്‍ ഓഗസ്റ്റ്-സെപ്റ്റംബറില്‍ അതായത് മണ്‍സൂണിന്റെ രണ്ടാം ഘട്ടത്തില്‍ മഴ കൂടുന്ന ഒരു രീതി കാണിക്കുന്നുണ്ട്. അതും നമുക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ജൂലൈയില്‍ പ്രതീക്ഷിച്ച പോലെ കൂടുതല്‍ മഴ കിട്ടിയിട്ടില്ലെങ്കിലും ഓഗസ്റ്റ് സെപ്റ്റംബറില്‍ മഴ ലഭിക്കും. എന്നാല്‍ അത് പൂര്‍ണമായും നമുക്ക് ഗുണം ചെയ്യില്ല. അതുപോലെ തന്നെ അത് കാര്‍ഷിക രംഗത്തെയും മറ്റ് പ്രതികൂലമായി ബാധിക്കും. കാരണം ജൂണില്‍ കിട്ടേണ്ട മഴ ജൂണില്‍ തന്നെ കിട്ടിയില്ലെങ്കില്‍ കാര്‍ഷിക ഉത്പാദനത്തെയും മറ്റും ബാധിക്കും. എന്നാല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കിട്ടിയാല്‍ അത് വാട്ടര്‍ റിസോഴ്‌സുകള്‍, ജലവൈദ്യുത പദ്ധതികള്‍, ഗ്രൗണ്ട് വാട്ടര്‍, കുടിവെള്ളം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും.

 

മഴക്കുഴികള്‍ യഥാര്‍ത്ഥത്തില്‍ പ്രയോജം ചെയ്യുന്നുണ്ടോ? അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന വാദത്തെ എങ്ങനെ കാണുന്നു?

രണ്ട് അഭിപ്രായം ആ കാര്യത്തില്‍ ഉണ്ട്. എല്ലാ സ്ഥലങ്ങളിലും ഇത് പ്രായോഗികമാകില്ല. കേരളത്തിന്റെ കാര്യം എടുത്താല്‍ കേരളത്തില്‍ മൊത്തം മഴക്കുഴി ഉണ്ടായാല്‍ പോലും നമ്മള്‍ നേരിടാന്‍ പോകുന്ന പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മഴക്കുഴി എന്നത് കൃത്രിമമായിട്ടുള്ള ഒന്നാണ്. മഴവെള്ളത്തെ ഭൗമോപരിതലത്തില്‍ സ്വാഭാവികമായി സംഭരിച്ചു വെക്കുന്ന പ്രകൃത്യാഉള്ള കുറേ സംവിധാനങ്ങളുണ്ടായിരുന്നു. എന്നാല്‍ മഴക്കുഴി ഒരിക്കലും അതിന് പകരമാവില്ല. മഴക്കുഴി വെള്ളത്തെ സംഭരിച്ചു വെക്കാന്‍ മാത്രമേ ഉപകരിക്കുള്ളൂ. അതുകൊണ്ട് മാത്രം നമ്മുടെ ഗ്രൗണ്ട് ലെവല്‍ വാട്ടര്‍ റീചാര്‍ജ് ചെയ്യാനോ അല്ലെങ്കില്‍ നമ്മുടെ പ്രദേശത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നിരക്ക് കൂട്ടാനോ ഒന്നും സാധിക്കില്ല.

മഴക്കുഴിയേക്കാളും നൂറും ഇരുന്നൂറോ ശതമാനം എഫക്ടീവായിട്ടുള്ളത്്പ്രകൃത്യായുള്ള സംവിധാനങ്ങളാണ്. നമ്മുടെ ഭൂപ്രകൃതിയില്‍ മഴവെള്ളം സംഭരിച്ചു നിര്‍ത്തുന്ന നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നീര്‍ത്തടങ്ങളും അതുപോലെ വെജിറ്റേഷന്‍ കവറുകളുമൊക്കെയാണ് വേണ്ടത്. ഇതിനെ ഒരിക്കലും നമുക്ക് മഴക്കുഴി കൊണ്ട് റീപ്ലേസ് ചെയ്യാന്‍ സാധിക്കില്ല.

പ്രകൃതിയുടെ സ്വാഭാവികമായ പ്രതികരണ സംവിധാനങ്ങള്‍ അതായത് പ്രളയം വരുമ്പോള്‍ വെള്ളത്തെ സംഭരിച്ച് ബാക്കിയുള്ള സ്ഥലങ്ങൡലേക്ക് വെള്ളം ഇറങ്ങിപ്പോകാതെ സംഭരിച്ച് നിര്‍ത്തുകയും അതുപോലെ വേനല്‍ക്കാലം വരള്‍ച്ച വരുന്ന സമയത്ത് ഈ വെള്ളത്തെ ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യാനും മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപരിക്കാനുമൊക്കെയുള്ള സംവിധാനങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. അതിനെ മൊത്തെ മഴക്കുഴി കൊണ്ട് മറികടക്കാന്‍ നമുക്ക് സാധിക്കില്ല. മഴക്കുഴികള്‍ ചില സ്ഥലങ്ങളില്‍ ചിലപ്പോള്‍ പ്രായോഗികമായിരിക്കും. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും കുഴി കുഴിച്ചതിനെ കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ല. ചില പഞ്ചായത്തുകളില്‍ കുറേയൊക്കെ പോസിറ്റീവായുള്ള ഫലം കിട്ടുമായിരിക്കും. എല്ലായിടത്തും മഴക്കുഴിയാണ് പോംവഴിയെന്ന് പറയാന്‍ പറ്റില്ല.

 

ചിലയിടങ്ങളില്‍ ഒരു മാസം ലഭിക്കേണ്ട മഴ രണ്ടോ മൂന്നോ ദിവസം കൊണ്ട് ലഭിക്കുന്നു. ചെറിയ ഇടവേളകള്‍ക്കുള്ളില്‍ ലഭിക്കുന്ന ഇത്രയും ശക്തമായ മഴ ആശങ്കയ്ക്ക് വഴിയൊരുക്കന്നതല്ലേ?

 

തീര്‍ച്ചയായും ഇത് ആശങ്കാജനകമാണ്. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന എക്‌സ്ട്രീം കണ്ടീഷന്‍ ആയിട്ടാണ് നമ്മുടെ ശാസ്ത്രലോകം ഇതിനെ വിലയിരുത്തുന്നത്. നമ്മുടെ ഭൂമിയുടെ പൊതുവെയുള്ള ഊഷ്മാവ് /താപനില ഉയരുകയാണ്. അതിനെ ആഗോളതാപനം എന്ന് പറയും.

വ്യാവസായിക കാലഘട്ടത്തിന് മുന്‍പെ അതായത് 1880 ന് മുന്‍പുള്ള ഭൂമിയുടെ താപനിലയുമായി താരതമ്യം ചെയ്തുകഴിഞ്ഞാല്‍ താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യല്‍ഷ്യസിന്റെ വ്യത്യാസമുണ്ട്. ഇത് ആവറേജ് ആണ്. ചില സ്ഥലങ്ങളില്‍ ഇത് രണ്ട് ഡിഗ്രി വരെയും 3 ഡിഗ്രി വരേയും കൂടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ .5, .6 വ്യത്യാസമുണ്ട്. ശരാശരി എടുത്താല്‍ താപനില 1.5 ഡിഗ്രി കൂടി നില്‍ക്കുകയാണ്.

താപനില കൂടുമ്പോള്‍ രണ്ട് എന്‍ഡിനേയും അത് എക്‌സ്ട്രീം ആക്കും. അതിന് ഉത്തമ ഉദാഹരണമാണ് കേരളം. ഒരു സ്ഥലത്ത് തന്നെ പ്രളയസാഹചര്യം ഉണ്ടാക്കും. അതേ സ്ഥലത്ത് തന്നെ അതേ വര്‍ഷമോ അതിനടുത്ത വര്‍ഷമോ വരള്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അന്തരീക്ഷത്തില്‍ താപനില കൂടിക്കഴിഞ്ഞാല്‍ അതിനെ ഹോള്‍ഡ് ചെയ്യാന്‍ പറ്റുന്ന വാട്ടര്‍ ഹോള്‍ഡിങ് കപ്പാസിറ്റി കൂടും. അതിനനുസരിച്ച് ഒരു നിശ്ചിത ഊഷ്മാവില്‍ ഒരു നിശ്ചിത അളവ് നീരാവിയെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നുണ്ടെങ്കില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാട്ടര്‍ വേവറിന്റെ അളവും കൂടും.

മഴയുടെ തീവ്രത കൂടുന്നുവെന്ന് തന്നെ വേണം കണക്കാക്കാന്‍. മണ്‍സൂണ്‍ പാറ്റേണ്‍ നോക്കുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് രണ്ട് സെന്റി മീറ്ററോ മൂന്ന് സെന്റി മീറ്ററോ മഴ കിട്ടേണ്ട സ്ഥലത്ത് ഒരു മണിക്കൂറുകൊണ്ട് രണ്ടോ മൂന്നോ സെന്റിമീറ്റര്‍ മഴ കിട്ടുന്ന അവസ്ഥ.

ഒരു ദിവസത്ത മഴ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് കിട്ടുന്നു. ഒരാഴ്ച കിട്ടേണ്ട മഴ ഒന്നോ രണ്ടോ ദിവസം കൊണ്ട് കിട്ടുന്നു. ഒരു സീസണില്‍ മൊത്തത്തില്‍ കിട്ടേണ്ട മഴ ഒന്നോ രണ്ടോ മാസത്തേക്ക് ചുരുങ്ങുന്നു. ഇങ്ങനെ വരുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്നാല്‍ മൊത്തം മഴയുടെ അളവെടുക്കുമ്പോള്‍ സീസണില്‍ കിട്ടേണ്ട മഴയില്‍ വ്യത്യാസം ഉണ്ടാവില്ല. സീസണില്‍ കിട്ടേണ്ട മഴ കിട്ടുകയും ചെയ്യും. എന്നാല്‍ കിട്ടേണ്ടപ്പോള്‍ ഒന്നിച്ചും ഇല്ലാത്തപ്പോള്‍ ഒട്ടും ഇല്ലാത്ത അവസ്ഥയും വരും.

താപനില കൂടുന്നതിനനുരിച്ച് വരള്‍ച്ചയുടെ ആഘാതം കൂടും. അതായത് സര്‍ഫേസിലുള്ള ജലം മുഴുവന്‍ ബാഷ്പീകരിച്ചു പോകും. ഇതെല്ലാം ആഗോളതാപനവുമായി ബന്ധപ്പെട്ടതാണ്. ഓരോ സ്ഥലത്തും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ പ്രാദേശികമായ ഭൂപ്രകൃതിയിലും ഭൂവിനിയോഗത്തിലുമുള്ള മാറ്റങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ആഗോളതാപനം ഒരു യാഥാര്‍ത്ഥ്യമാണ്. അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഒരു യാഥാര്‍ത്ഥ്യമാണ്. മുംബൈയില്‍ ജൂണ്‍ മാസത്തില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമായിരുന്നു. ചിലയിടങ്ങളില്‍ ചുഴലിക്കാറ്റ്. അതി തീവ്രമായ ചൂട്. ഇതെല്ലാം ഒരു രാജ്യത്ത് തന്നെ ഉണ്ടാവുന്ന അതിതീവ്രമായ കാലാവസ്ഥാ സ്ഥിതിയിലേക്കാണ് പോകുന്നത്. അതിനെ പ്രതിരോധിക്കണമെങ്കില്‍ പഴയ രീതിയിലുള്ള ഭൂപ്രകൃതിയിലേക്ക് പോകുകയും അതിനുള്ള സംവിധാനം ഒരുക്കുകയുമാണ് വേണ്ടത്.

 

വീണ്ടുമൊരു പ്രളയത്തെ കേരളം പ്രതീക്ഷിക്കേണ്ടതുണ്ടോ? മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടോ ?

മണ്‍സൂണ്‍ കാലഘട്ടങ്ങളില്‍ അതിതീവ്രമായ മഴ തീര്‍ച്ചയാണ്. ജൂണ്‍ മാസത്തില്‍ വെള്ളപ്പൊക്കമുണ്ടായത് മുംബൈയിലാണ്. അതിന്റെ മുന്‍പത്തെ വര്‍ഷം എടുത്താല്‍ അത് ഗുജറാത്തിലായിരിക്കും. അതിന് മുന്‍പ് ചിലപ്പോള്‍ ആസ്സാമിലായിരിക്കും. ചില സമയത്ത് ചെന്നെയിലാവാം ചിലപ്പോള്‍ കേരളത്തിലാവാം.

ശക്തമായ മഴ പെയ്യിക്കാന്‍ കഴിയുന്ന സംവിധാനമാണ് മണ്‍സൂണിനുള്ളത്. ഒരു സ്ഥലത്ത് അല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് തീവ്രമായ മഴ പെയ്തിരിക്കും. നമ്മള്‍ കരുതിയിരിക്കണമെന്ന് മാത്രമേ അക്കാര്യത്തില്‍ പറയാന്‍ സാധിക്കുകയുള്ളൂ. മുന്‍കരുതല്‍ എടുത്തിരിക്കണം. മണ്‍സൂണിന്റെ ഏത് വര്‍ഷം എടുത്ത് കഴിഞ്ഞാലും ഒരു സ്ഥലത്തല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് തീവ്രമായ മഴ പെയ്യിക്കുന്ന രീതിയാണ് കാണുന്നത്.

ഓഗസ്റ്റ്-സെപ്റ്റംബറില്‍ കേരളത്തില്‍ മഴ കൂടാം. അതി തീവ്രമഴയൊന്നും രണ്ടോ മൂന്നോ മാസം മുന്‍പേ പറയാനുള്ള ശേഷിയൊന്നും ഇതുവരെ ഒരു രാജ്യത്തും സൈന്റിഫിക് കമ്മ്യൂണിറ്റി ഡെവലപ്‌ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വേള്‍ഡ് കപ്പിനിടെ പെയ്യുന്ന മഴ തന്നെ അതിന് ഉദാഹരണം. അവിടെയൊക്കെ വലിയ രീതിയില്‍ കാലാവസ്ഥാ പ്രവചനം നടക്കുന്ന രാജ്യമാണ്. അവിടെ മൂന്നും നാലും മാച്ചുകള്‍ മാറ്റിവേക്കേണ്ട രീതിയില്‍ മഴ പെയ്തു. ആ മഴയെ പ്രവചിക്കാന്‍ അവര്‍ക്ക് പറ്റിയില്ല.

ഈ പറയുന്ന രീതിയില്‍ അതി തീവ്രമായ മഴ പ്രവചിക്കാന്‍ കഴിയുന്ന കഴിവ് ലോകത്ത് ഒരു രാജ്യങ്ങളും ഡെവലപ് ചെയ്തിട്ടില്ല. അത് സയന്‍സ് ലിമിറ്റേഷനാണ്. ഒരാഴ്ച മുന്‍പൊക്കെ അത്തരമൊരു സാഹചര്യം പ്രവചിക്കാം. മണ്‍സൂണില്‍ തന്നെ സീസണല്‍ പ്രഡിക്ഷന്‍ എന്ന് പറയുന്നത് ഇന്ത്യ മുഴുവന്‍ എന്നാണ്. ഇന്ത്യ മൊത്തം മണ്‍സൂണ്‍ എങ്ങനെയാണ് എന്നാണ് പറയുക. അത് കാര്‍ഷിക വ്യാവസായിക രംഗങ്ങളിലുള്ളവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ്. അല്ലാതെ അതിതീവ്രമായ മഴ ഇന്ന സ്ഥലത്ത് പെയ്യുമെന്ന് ആര്‍ക്കും പറയാനാവില്ല. അതല്ല അതിന്റെ ഒബ്ജക്ടീവ്. ഉദാഹരണത്തിന് കൊച്ചിയില്‍ വലിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒരു ദിവസം മുന്‍പേ പറയാം. എന്നാല്‍ പത്ത് ദിവസം മുന്‍പേ പറയാന്‍ സാധിക്കില്ല. അതേസമയം പത്ത് ദിവസം മുന്‍പേ ഇന്ത്യയില്‍ മൊത്തം മണ്‍സൂണ്‍ ബ്രേക്കിങ് സിറ്റുവേഷനിലേക്ക് പോകുകയാണെന്ന് പ്രവചിക്കാന്‍ കഴിയും. എന്നാല്‍ അതിനര്‍ത്ഥം ഒരിടത്തും മഴ കിട്ടില്ല എന്നല്ല. സ്വാഭാവികമായും കിട്ടേണ്ട മഴയില്‍ നിന്നും കുറവായേ കിട്ടുള്ളൂ എന്നാണ് പറയുന്നത്.

 

കാലാവസ്ഥാ മുന്നറിയിപ്പ് ആളുകളില്‍ വേണ്ടവിധം എത്തുന്നുണ്ടോ? എന്തെങ്കിലും രീതിയിലുള്ള പ്രത്യേക പ്ലാനിങ് അതില്‍ വേണ്ടതുണ്ടോ?

വേണ്ട വിധത്തില്‍ വേണ്ടരീതിയില്‍ മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിച്ചേരുന്നില്ല. ഇതിന്റെ ലിങ്ക് മിസ്സിങ്ങാണ്. കാരണം സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ അതിന്റെ പരിമിതിയോടെ പറയണം. അവര്‍ക്കൊരു പ്രതീക്ഷ കൊടുക്കാതെ എന്താണ് അതിന്റെ പരിമിധിയെന്ന് പറയണം. ‘ഇത്രത്തോളം അനിശ്ചിതത്വം ഉണ്ട്. അതിനനുസരിച്ച് നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യണം’ ആ രീതിയില്‍ ജനങ്ങളെ ബോധവത്ക്കരിക്കണം. അല്ലാതെ പ്രളയത്തിന് ശേഷം ചെറിയൊരു മഴ വരുമ്പോഴേക്ക് ആളുകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തു തുടങ്ങുന്ന രീതി ശരിയല്ല. ഓരോ സമയത്തും കൊടുക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ വേണ്ടവിധത്തില്‍ സാംശീകരിക്കണം. അത്തരത്തില്‍ ജനങ്ങളില്‍ എത്തുന്നില്ല എന്ന്് തോന്നിയിട്ടുണ്ട്.

 

പ്രളയത്തിന് ശേഷം വരള്‍ച്ചയെന്ന് പറയുന്നതിലെ യാഥാര്‍ത്ഥ്യമെന്താണ്? ചെന്നൈ ഇപ്പോള്‍ നേരിടുന്ന വരള്‍ച്ചയും നാല് വര്‍ഷം മുന്‍പ് വന്ന പ്രളയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

പ്രളയത്തിന് ശേഷം വരള്‍ച്ച ഉണ്ടാകുമെന്ന ഒരു തിയറിയൊന്നും ഇല്ല. നമ്മുടെ ഭൂപ്രകൃതിയിലൊക്കെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ട് നമുക്ക് തോന്നുന്നതാണ്. ഇത്രയും മഴ കുറഞ്ഞിട്ടും കേരളത്തില്‍ വലിയ രീതിയിലുള്ള ഒരു ജലദൗര്‍ലഭ്യം നമ്മള്‍ ഈ സീസണില്‍ അനുഭവിച്ചിട്ടില്ല. കാരണം കഴിഞ്ഞ സീസണില്‍ നല്ല മഴ ലഭിച്ചു. കുറേ ഭാഗങ്ങളില്‍ വാട്ടര്‍ റിസോഴ്‌സുകള്‍ വലിയ രീതിയില്‍ റീചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ അത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരുന്നത്.
പ്രളയത്തിന് ശേഷം വരള്‍ച്ചയുണ്ടാകുമെന്ന രീതിയിലുള്ള ശാസ്ത്രീയ പഠനമൊന്നും നടന്നിട്ടില്ല. ചിലപ്പോള്‍ പ്രളയം കഴിഞ്ഞ് വീണ്ടും പ്രളയം വരാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം വരള്‍ച്ചയായിരിക്കും. അത് അതിന്റെ നാച്ചുറല്‍ വേരിബിലിറ്റി മാത്രമാണ്.

 

ഇടുക്കി വയനാട് പോലുള്ള മലയോര മേഖലകളില്‍ മഴ കുറയുന്നു, എന്തായിരിക്കാം കാരണം?

മണ്‍സൂണ്‍ എന്നാല്‍ മഴ കൊണ്ടുവരുന്ന കാറ്റാണ്. പശ്ചിമഘട്ടത്തിന് ലംബമായി കാറ്റുവരുമ്പോഴാണ് നമുക്ക് നല്ല മഴ, പ്രത്യേകിച്ചും ഹൈറേഞ്ചുകളില്‍ കിട്ടുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ജൂണിലും ജൂലൈയിലും വായു ചുഴലിക്കാറ്റ് വന്ന് കാറ്റിന്റെ ഗതി മാറ്റി. അതിന് ശേഷമുള്ള കാറ്റ് സമാന്തരമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ലംബമായി കേരളത്തിന്റെ ഹൈറേഞ്ചിലേക്ക് കയറി വരുന്നില്ല. കാറ്റുണ്ട്. പക്ഷേ അത് ചെറിയ കാറ്റാണ്. കേരളത്തിന് ചുറ്റും തീരപ്രദേശത്തിന് ചുറ്റും മേഘങ്ങളാണ്. എന്നാല്‍ കാറ്റ് കൂടി വന്നലേ അതുകൊണ്ട് കാര്യമുള്ളൂ. അങ്ങനെയാണെങ്കില്‍ മാത്രമേ മലയോര മേഖലകളില്‍ മഴപെയ്യുള്ളൂ.

 

അടുത്ത വേനല്‍ക്കാലം ചെന്നൈ പോലെ കേരളവും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായേക്കുമോ?

കേരളവും ചെന്നൈയും തമ്മില്‍ പല കാര്യങ്ങളിലും വ്യത്യാസമുണ്ട്. ചെന്നെയില്‍ ഫ്രഷ് വാട്ടര്‍ റിസോഴ്‌സ് എന്ന് പറയുന്നത് ഗ്രൗണ്ട് വാട്ടര്‍ ആണ്. നമുക്കിവിടെ കുഴല്‍ക്കിണറുകള്‍ എല്ലാം വന്ന് തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. അതിന് മുന്‍പ് ചെറിയ കിണറുകളാണ് ഉപയോഗിച്ചിരുന്നത്. മഴ പെയ്യുന്നതോടെ കിണറുകളിലെ ജലനിരപ്പ് ഉയരും. കേരളത്തില്‍ ഇപ്പോഴും ചില സ്ഥലങ്ങളില്‍ മാത്രമേ കുഴല്‍ക്കിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നുള്ളു.

മാത്രമല്ല, മഴയുടെ അവസ്ഥയിലും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. നമുക്ക് ഒരു വര്‍ഷം 300 സെന്റി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ ചെന്നെയില്‍ 100, 110 സെന്റിമീറ്റര്‍ മഴയേ ലഭിക്കുന്നുള്ളു. മാത്രമല്ല ചെന്നൈയില്‍ പ്രളയത്തിന് പിന്നാലെ വലിയ വരള്‍ച്ച ഉണ്ടായിരുന്നില്ല. പ്രളയം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് അവിടെ വരള്‍ച്ച ഉണ്ടായത്.

കേരളത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന 300 സെന്റി മീറ്റര്‍ മഴയില്‍ 20 ശതമാനം കുറവ് വന്നാല്‍ പോലും 280 സെന്റിമീറ്റര്‍ മഴ നമുക്ക് ഒരു വര്‍ഷം ലഭിക്കുന്നുണ്ട്. മഴയുടെ വിതരണം അങ്ങനെയാണ്. മാര്‍ച്ച് ഏപ്രില്‍ മെയ് മാസത്തില്‍ പ്രീ മണ്‍സൂണിന്റെ ഭാഗമായിട്ട് 10 ശതമാനം മഴ ലഭിക്കും. അതിന് ശേഷം ഇടവപ്പാതിയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 70 ശതമാനം മഴ ലഭിക്കും. തുലാവര്‍ഷത്തില്‍ 20 ശതമാനം മഴ കിട്ടും. ഈയൊരു പാറ്റേണ്‍ കേരളത്തില്‍ ഉണ്ട് എന്നതാണ് നമുക്ക് അനുകൂലമായിട്ടുള്ളത്.

എന്നാല്‍ മറ്റു പല സ്ഥലങ്ങളിലും മണ്‍സൂണ്‍ മഴ മാത്രമേയുള്ളൂ. രാജസ്ഥാന്‍ ഗുജറാത്ത് മഹാരാഷ്ട്രയിലൊക്കെ മണ്‍സൂണ്‍ ലഭിച്ചില്ലെങ്കില്‍ പിന്നെ മഴയേ ഇല്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ഒക്ടോബര്‍ നവംബര്‍ ഡിസംബറില്‍ ലഭിക്കുന്ന തുലാവര്‍ഷം നമുക്കുണ്ട്. അതുംകുറഞ്ഞാല്‍ മാത്രമേ വേനലില്‍ വരള്‍ച്ചയിലേക്ക് പോകൂ. 2016 ല്‍ ഇടവപ്പാതിയില്‍ 35 ശതമാനം കുറവായിരുന്നു. പോസ്റ്റ് മണ്‍സൂണ്‍ 55 ശതമാനവും കുറവായിരുന്നു. അത്തരത്തിലൊരു അവസ്ഥ ഉണ്ടായാല്‍ മാത്രമേ വരും വര്‍ഷം വേനല്‍ കടുക്കുകയുള്ളൂ.

 

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.