55 വര്‍ഷം, ദിവസവും ഒരു പാക്കറ്റ് സിഗരറ്റ്; പുകവലി നിര്‍ത്തിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വേണുഗോപാലന്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍
അന്ന കീർത്തി ജോർജ്

കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയിലെ വേണുഗോപാലന്‍ പതിമൂന്നാം വയസ്സിലാണ് പുകവലിക്കാന്‍ തുടങ്ങുന്നത്. മുക്കാല്‍ രൂപക്ക് മൂന്ന് ബീഡി വാങ്ങി, കൂട്ടുകാര്‍ക്കൊപ്പം അടുത്തുള്ള കശുമാവ് പറമ്പിന്റെ മൂലയില്‍ വെച്ച് ആദ്യ പുകയെടുത്ത്, ആസ്വദിച്ച് വലിച്ചത് ഇന്നും വേണുഗോപാലന്‍ കൃത്യമായി ഓര്‍ക്കുന്നു. അങ്ങിനെ തുടങ്ങിയ പുകവലി 68ാം വയസ്സുവരെയും വേണുഗോപാലന്റെ കൂട്ടായിരുന്നു.

ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ബീഡിയില്‍ നിന്നും പതിയെ സിഗരറ്റിലെത്തി. കുമ്മായം കൂട്ടിയും വാര്‍പ്പുപണികളില്‍ സഹായിയായും തുടങ്ങിയ വേണുഗോപാലന്‍, അദ്ദേഹം പറയും പോലെ ‘പതിയെ പതിയെ പൊന്തി പൊന്തി വന്നു, കോണ്‍ട്രാക്ടറായി’. അപ്പോഴും ബീഡിയും സിഗരറ്റും കൂടെ വന്നു. സിഗരറ്റ് എന്ന വാക്കേ മറന്നുപോകും പോലെ, നാട്ടില്‍ മുഴുവന്‍ സിസര്‍ മാത്രമായിരുന്ന കാലത്ത് തന്നെയാണ് വേണുഗോപാലന്‍ മുഴുവനായും സിഗരറ്റിലേക്ക് മാറുന്നത്.

ദിവസവും ഒന്നോ ഒന്നരയോ പാക്കറ്റ് വെച്ചായിരുന്നു 2013 വരെയും വേണുഗോപാലന്‍ വലിച്ചിരുന്നത്. വീട്ടുകാര്‍ ചിലപ്പോഴെല്ലാം പുകവലി നിര്‍ത്തണമെന്ന് പറയുമായിരുന്നെങ്കിലും താന്‍ ആരു പറയുന്നതും കേള്‍ക്കാന്‍ നിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.

വേണുഗോപാലന്‍

 

കാര്യങ്ങള്‍ എല്ലാം മാറുന്നത് 2013 ജൂണ്‍ 9നാണ്. വീടിന്റെ ഉമ്മറത്ത് സിഗരറ്റ് കത്തിച്ചുനില്‍ക്കുകയായിരുന്ന വേണുഗോപാലന് പെട്ടെന്നൊരു തല കറക്കം. ദേഹം വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. ഫാന്‍ ഓണ്‍ ചെയ്ത് കട്ടിലില്‍ ചെന്നുകിടന്നിട്ടും അസ്വസ്ഥത വിട്ടൊഴിയുന്നില്ല. മകന്‍ വേഗം തന്നെ ആശുപത്രിയിലെത്തിച്ചു. കുറെ മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടി. അസ്വസ്ഥതയെല്ലാം കുറഞ്ഞു. ആശുപത്രി വിട്ടുപോരും വഴി ഡോക്ടര്‍ ഇത്രയേ പറഞ്ഞുള്ളു, ഇനിയും പുകവലി തുടരാനാണ് ഭാവമെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല എന്ന്.

അന്ന് തിരിച്ചെത്തി വീട്ടില്‍ ബാക്കിയുണ്ടായിരുന്നു ഒരു പാക്കറ്റ് സിഗരറ്റ് പുറത്ത് ആര്‍ത്തുപെയ്യുന്ന മഴയിലേക്ക് വലിച്ചെറിഞ്ഞു. ‘മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ തീരുമാനിച്ചതാണ്. ഇനിയിത് വേണ്ടെന്ന.് അങ്ങിനെ അന്ന് നിര്‍ത്തിയതാണ്. ഇന്നേക്ക് ഏഴ് വര്‍ഷവും പത്ത് മാസവും കഴിഞ്ഞു. ഇന്നേ വരെ വലിച്ചിട്ടില്ല.’ വേണുഗോപാലന്‍ പറയുന്നു.

പുകവലി നിര്‍ത്തിയ സമയത്താണ്, എന്തുകൊണ്ട് മുന്‍പ് സിഗരറ്റിനായി ചെലവാക്കിയിരുന്ന തുക മാറ്റി വെച്ചാലോ എന്ന ചിന്ത ഉണ്ടാവുന്നത്. അന്നത്തെ സിഗരറ്റിന്റെ വിലക്കനുസരിച്ച് ഓരോ ദിവസവും 40 രൂപ മാറ്റിവെച്ചു. രണ്ട് മാസം കഴിയുമ്പോഴേക്കും തുക വീട്ടില്‍ ഇങ്ങിനെ മാറ്റിവെക്കുന്നതിലും നല്ലത് ബാങ്കില്‍ ഇടുന്നതല്ലേ എന്നായി വേണുഗോപാലന്റെ ആലോചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോവൂര്‍ ഗ്രാമീണ്‍ ബാങ്കിന്റെ മാനേജരുടെ പ്രോത്സാഹനം കൂടിയായതോടെ ഈ മാറ്റിവെക്കുന്ന തുകക്ക് മാത്രമായി പ്രത്യേകം അക്കൗണ്ട് തുടങ്ങി. മാസാമാസം അക്കൗണ്ടിലേക്ക് മാറ്റിവെക്കുന്ന തുക നിക്ഷേപിച്ചു. അങ്ങിനെ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഈയടുത്ത് വീട്ടില്‍ രണ്ട് മുറികള്‍ കൂടി എടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഈ പണം അതിലേക്ക് ഉപയോഗിക്കാമെന്ന് വീട്ടുകാരോട് വേണുഗോപാലന്‍ നിര്‍ദേശിക്കുന്നത്. തുക മാറ്റിവെക്കുന്ന കാര്യം അറിയാമെങ്കിലും ഇത്തരത്തില്‍ വീടുപണിക്ക് ഉപകാരപ്പെടും വിധം കൂടിയ തുകയൊന്നും ഉണ്ടാകുമെന്ന് ആരും കരുതിയില്ല.

വേണുഗോപാലനും ഭാര്യ രാധയും

പക്ഷെ വേണുഗോപാലന്റെ ആ പ്രത്യേക അക്കൗണ്ടില്‍ 2,69,000 രൂപയുണ്ടായിരുന്നു. വീട്ടുകാര്‍ അത്ഭുതപ്പെട്ടതുപോലെ തന്നെ സംഭവം വാര്‍ത്തയായതോടെ കേരളം മുഴുവന്‍ ഒട്ടൊന്നു ഞെട്ടിയിരിക്കുകയാണ്. വേണുഗോപാലന് മാത്രം ഞെട്ടലൊന്നുമില്ല, ‘ഓരോ മാസവും ബാങ്കില്‍ പോകുമ്പോഴും കൃത്യം കണക്ക് അറിയല്ലേ, അപ്പോള്‍ ഞെട്ടാന്‍ എന്തിരിക്കുന്നു.’ വേണുഗോപാലന്‍ ചോദിക്കുന്നു.

പുകവലിക്കുന്നവര്‍ തന്റെ അനുഭവം കണ്ടെങ്കിലും ശീലം ഉപേക്ഷിക്കുമെങ്കില്‍ അതാണ് വലിയ സന്തോഷമെന്ന് ഇദ്ദേഹം പറയുന്നു. പക്ഷെ ഒപ്പം ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു, ‘മദ്യപാനവും പുകവലിയുമൊക്കെ ആരോഗ്യത്തിന് ഹാനികരമാണെന്നും അതിന്റെ ചിത്രങ്ങളുമൊക്കെ ആ കുപ്പിയിലും പാക്കറ്റിലുമൊക്കെ ഇല്ലേ, എന്നിട്ട് ആരെങ്കിലും നിര്‍ത്തുന്നുണ്ടോ ? ഇതൊക്കെ സ്വയം തോന്നണം. എന്നാലേ ഒക്കെ സാധിക്കൂ…’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.