| Wednesday, 11th March 2026, 4:12 pm

ശ്വേത മേനോന്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

രാഗേന്ദു. പി.ആര്‍

കൊച്ചി: ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസാണ് റദ്ദാക്കിയത്. എറണാകുളം സി.ജെ.എം കോടതിയിലെ നടപടികളും റദ്ദാക്കി.

ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. കേസ് എന്തുകൊണ്ട് എഴുതിത്തള്ളുന്നില്ലെന്നും കോടതി പൊലീസിനോട് ചോദിച്ചു. നേരത്തെ ശ്വേതക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.

മലയാള സിനിമ താരസംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് സമയത്താണ് ശ്വേത മേനോനെതിരെ കേസെടുത്തത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്ക് അടിസ്ഥാനമായ തെളിവുകളില്ലെന്നും താരസംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് ഫയല്‍ ചെയ്ത കേസ് ദുരുദ്ദേശപരമാണെന്നും ശ്വേത വാദിച്ചിരുന്നു.

മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് ശ്വേതക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 (എ)ഉം അനുസരിച്ചായിരുന്നു നടപടി.

സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമായിരുന്നു എഫ്.ഐ.ആര്‍.

നടി അഭിനയിച്ച കോണ്ടം ബ്രാന്‍ഡായ കാമസൂത്രയുടെ പരസ്യവും കളിമണ്ണ്, പാലേരി മാണിക്യം, രതിനിര്‍വേദം എന്നീ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീല ചിത്രങ്ങളായി ഉന്നയിച്ചിരുന്നത്.

Content Highlight: Kerala Highcourt quashes case against Shweta Menon

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more