| Wednesday, 8th August 2018, 6:10 pm

സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കൂച്ചുവിലങ്ങ് വേണം: സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്

ശ്രീഷ്മ കെ

കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന നിര്‍ണായക വിധി പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. സ്വകാര്യ സ്‌കൂളുകളില്‍ അധികൃതര്‍ അനധികൃതമായി വര്‍ദ്ധിപ്പിച്ചുപോരുന്ന ഫീസിന്റെ കാര്യത്തില്‍ ശാശ്വതമായ ഒരു തീരുമാനമെടുക്കാനുതകുന്ന ഉത്തരവില്‍, സര്‍ക്കാരിനോട് സമഗ്രമായ ഇടപെടല്‍ നടത്താന്‍ കോടതി ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലെ ഫീസിന്റെ ഘടന നിശ്ചയിക്കാനും ഏകീകരിക്കാനുമായി ഒരു ഏജന്‍സിയുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും, ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം കോടതിയെ അഭിപ്രായമറിയിക്കണമെന്നുമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ചിന്റെ നിര്‍ദ്ദേശം.

വര്‍ഷങ്ങളായി സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കുന്ന രീതിയില്‍ അനിയന്ത്രിതമായ ഫീസ് വര്‍ദ്ധനവ് തുടര്‍ക്കഥയായിരുന്നു. ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അസ്സീസ്സി വിദ്യാനികേതന്‍, ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ എന്നീ സ്‌കൂളുകളില്‍ അന്യായ ഫീസടയ്ക്കാന്‍ വിസമ്മതിക്കുകയും സ്‌കൂള്‍ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്ത രക്ഷിതാക്കളുടെ മക്കളെ തെരഞ്ഞുപിടിച്ച് ടി.സി. നല്‍കി പുറത്താക്കിയ സംഭവങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് നിര്‍ണായകവിധി വന്നിരിക്കുന്നത്. ബാലാവകാശസംരക്ഷണത്തിനും വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനത്തിനുള്ള പങ്കിനെയും കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്ന വിധി, മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മക പ്രതിവിധി കാണാനുള്ള സാധ്യത തുറന്നിടുന്നതായി വിദ്യാഭ്യാസ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് നടപടികളുമായി മുന്നോട്ടു പോയപ്പോള്‍, കുട്ടികളുടെ പഠനം അനാവശ്യമായി തടസ്സപ്പെടുത്തുകയാണ് തങ്ങളെന്ന ആക്ഷേപം ധാരാളം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാരിലൊരാളും ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറിലെ പി.ടി.എ പ്രസിഡന്റുമായ അനില്‍ പറയുന്നു.”കേസില്‍ മുന്നോട്ടു പോകാന്‍ തുടങ്ങുന്നെന്നറിഞ്ഞപ്പോള്‍ ഒത്തുതീര്‍പ്പ് ഓഫറുകളുമായി സ്‌കൂളധികൃതര്‍ തന്നെ വന്നിരുന്നു. എങ്കിലും വഴങ്ങാതെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുന്നോട്ടു തന്നെ നീങ്ങുകയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ സഹിച്ചാണ് കേസ് കൊടുത്തത്. ഒട്ടേറെ തവണ മാറ്റിവച്ചാണ് കഴിഞ്ഞ രണ്ടാം തീയതി കേസില്‍ ഇടക്കാല ഉത്തരവ് വന്നത്. ധീരമായ നീക്കമാണ് ഹൈക്കോടതി ജഡ്ജിയുടെ പക്ഷത്തുനിന്നും ഉണ്ടായിരിക്കുന്നത്.” അനില്‍ ഡൂള്‍ന്യൂസിനോട് പറയുന്നു.

സി.ബി.എസ്.ഇ സിലബസ്സ് പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളുടെ ഭരണകാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാമോ ഇല്ലയോ എന്ന ചോദ്യമാണ് ഈ സുപ്രധാന ഉത്തരവിലൂടെ ചര്‍ച്ചയാകുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുടങ്ങാന്‍ അഫിഡവിറ്റ് ആവശ്യമാണെന്നും ഏതു സംസ്ഥാനത്താണോ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്, അതതു സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ പിന്തുടരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് ഈ അഫിഡവിറ്റില്‍ പറയുന്നുണ്ടെന്നും അനില്‍ വിശദീകരിക്കുന്നു. ഈ ഉടമ്പടികള്‍ പാലിക്കുന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വീഴ്ച വരുത്തിയാല്‍ അതിനു തക്കതായ നടപടികളെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി നടപടിയില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ബാലാവകാശ കമ്മീഷന്‍ മുതല്‍ വിദ്യാഭ്യാസമന്ത്രിയെ വരെ തങ്ങള്‍ പോയി കണ്ടതാണെന്നും സെക്രട്ടറിയെ കണ്ടു സംസാരിച്ചപ്പോള്‍ തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അനില്‍ ആരോപിച്ചു. “സംസ്ഥാനത്തിന് ഈ വിഷത്തിലിടപെടാന്‍ സാധ്യമല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്. നിങ്ങളെന്തിനാണ് കുട്ടിയെ സി.ബി.എസ്.ഇ സ്‌കൂളിലയച്ചത്, ഇവിടെ സര്‍ക്കാര്‍ സ്‌കൂളുകളില്ലേ, സര്‍ക്കാര്‍ വിദ്യാലയങ്ങളിലയയ്ക്കാതെ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലയച്ചാല്‍ ഇതെല്ലാം അനുഭവിക്കേണ്ടി വരും എന്നെല്ലാമാണ് അന്ന് സെക്രട്ടറി ഞങ്ങളോടു പറഞ്ഞത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പങ്കു കൂടി വ്യക്തമാക്കുന്ന നടപടി വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.” അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം സി.ബി.എസ്.ഇ സ്‌കൂളുകളെ മാത്രമല്ല, സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളെയെല്ലാം തന്നെ ഉള്‍ക്കൊള്ളിക്കുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. മാനേജ്‌മെന്റുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഇഷ്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചു പോരുന്ന, സംസ്ഥാനത്തെ ഏറ്റവും വലിയ അനധികൃത വ്യവസായം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പു വരുത്തുക വഴി നിയന്ത്രിക്കാനാവുന്നത് ഫീസ് വര്‍ദ്ധനവ് മാത്രമല്ലെന്ന് മാധ്യമപ്രവര്‍ത്തകനായ കെ.ജെ. ജേക്കബ് അഭിപ്രായപ്പെടുന്നു.

“സ്വകാര്യ സ്‌കൂളുകള്‍ അധ്യാപകരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ഫീസ് വര്‍ദ്ധവനും വേതനത്തിന്റെ കാര്യവും ഒരൊറ്റ ഏജന്‍സിയെ ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാരിന് തീര്‍പ്പാക്കാവുന്നതാണ്. സ്‌കൂളുകളിലെ സൗകര്യങ്ങള്‍ക്ക് ആനുപാതികമായി ഫീസ് നിജപ്പെടുത്താമെന്നായിരുന്നു വ്യവസ്ഥ. ഇതില്‍ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ചെലവുകളുടെ ഭാഗമായി ശമ്പളവും പരിഗണിക്കപ്പെടും. ഇതു കണക്കിലെടുത്തുകൊണ്ടുള്ള നിയമനിര്‍മാണം വേതനത്തിന്റെ കാര്യത്തില്‍ നടത്തിയ ശേഷം ഫീസില്‍ ഏകീകരണം നടപ്പില്‍ വരുത്താവുന്നതാണ്.” കെ.ജെ. ജേക്കബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളുടെ സ്വാധീനശേഷി വളരെ വലുതാണെന്നും അത് മറികടക്കുക എളുപ്പമല്ലെന്നും കെ.ജെ. ജേക്കബ് പറയുന്നുണ്ട്. വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകും. പക്ഷേ കോടതി വിധി വന്നതിനാല്‍ കൃത്യമായ തീരുമാനമെടുക്കുകയല്ലാതെ സര്‍ക്കാരിനു വേറെ വഴിയില്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇത്തരമൊരു ഏജന്‍സി രൂപീകരിക്കപ്പെട്ടാലും ഫീസ് ഏകീകരണം അതിന്റെ പൂര്‍ണരൂപത്തില്‍ നടപ്പില്‍ വരാന്‍ എത്ര സമയമെടുക്കുമെന്ന കാര്യത്തിലുള്ള ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

രണ്ടാഴ്ചയ്ക്കകം തീരുമാനം കോടതിയെ അറിയിക്കാന്‍ സര്‍ക്കാരിനെ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടാം തീയതി തന്നെ പുറത്തിറങ്ങിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകള്‍ അതു കൈപ്പറ്റിയിട്ടില്ലെന്ന മറുപടിയാണ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നത്. ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ സമയബന്ധിതമായിത്തന്നെ നടപടികള്‍ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എങ്ങിനെ വിലയിരുത്തിയാലും വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന വിധിന്യായമാണിതെന്നതില്‍ സംശയമില്ല.

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more