ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് ഗ്യാനേഷ് കുമാര്‍ പത്രസമ്മേളനം ആരംഭിച്ചത്. ശുദ്ധമായ വോട്ടര്‍ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറ. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുത്. അയോഗ്യനായ ഒരു വ്യക്തിയെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമായി അകെ 17.4 കോടി വോട്ടര്‍മാരാണ് ഉള്ളത്. 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കും.
2.18 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ 30,471 ബൂത്തുകളാണ് ഉണ്ടാകുക. സംസ്ഥാനത്ത് ആകെ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4.24 ലക്ഷം വോട്ടര്‍മാര്‍ പുതുതായി പേര് ചേര്‍ത്തവരാണ്.
Content Highlight: Kerala heads to polling booths; voting to take place on April 9