തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്‌പാ കടം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. 18 കോടി 75 ലക്ഷത്തിലധികം വരുന്ന വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.
18,75,69,037.90 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളുക. കാബിനറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.
പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 555 കുടുംബങ്ങളുടെ വായ്പാ കടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ വാണിജ്യ കെട്ടിടങ്ങളുടെ ഉടമകള്‍, വാടക വ്യാപാരികള്‍ തുടങ്ങിയവരുടെയും കടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
10 ലക്ഷത്തിന് താഴെയും മുകളിലുമുള്ള എല്ലാ വായ്പകളും എഴുതിത്തള്ളാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ആകെ 1620 ലോണുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ വയനാട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ദുരന്തബാധിതരുടെ കടം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാരിന് മുഴുവന്‍ കണക്കുകളും ലഭിച്ചു.
കേന്ദ്രത്തിന് സമര്‍പ്പിച്ച ആദ്യ മെമ്മോറാണ്ടത്തില്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തും കൈമാറിയിരുന്നു.
സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റിയില്‍ നേരിട്ട് പങ്കെടുത്തും മുഖ്യമന്ത്രി കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദുരന്തര നിവാരണ നിയമത്തിലെ ഒരു സെഷന്‍ തന്നെ കേന്ദ്രം എടുത്തുകളയുകയാണ് ഉണ്ടായത്.
മുണ്ടക്കൈ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധായ എടുത്ത കേസില്‍ കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയുണ്ടായി. പക്ഷേ ദുരന്തനിവാരണ നിയമത്തിന്റെ 13ാം സെഷന്‍ റദ്ദാക്കിയെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഈ നടപടി തികച്ചും മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ തീരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അറിയിക്കാമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും അനധികൃതമായി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും പരാതി നല്‍കാമെന്നാണ് മന്ത്രി അറിയിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിലാണ് ഇതുവരെ നടപടി എടുക്കാതിരുന്നതെന്നും കെ. രാജന്‍ വ്യക്തമാക്കി.