കേരളയും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ മഹാരാഷ്ട്ര രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സ് നേടിയിട്ടുണ്ട്. പൃഥ്വി ഷാ (34 പന്തില്‍ 37*), അര്‍ഷിന്‍ കുല്‍ക്കര്‍ണി (20 പന്തില്‍ 14*) എന്നിവരാണ് ക്രീസിലുള്ളത്.
മത്സരത്തിന്റെ നാലാം ദിവസവും അവസാന ദിവസവുമായ ഇന്ന് കളി ആരംഭിക്കുമ്പോള്‍ മഹാരാഷ്ട്ര ശക്തമായ നിലയിലാണ് ബാറ്റിങ് തുടരുക. അതിനാല്‍ തന്നെ മത്സരം സമനിലയാവാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.
Stumps Day 3: Maharashtra – 51/0 in 8.6 overs (Arshin Kulkarni 14 off 20, Prithvi Shaw 37 off 34) #KERvMAH#RanjiTrophy#Elite
കേരളവും മഹാരാഷ്ട്രയും ഒന്നാം മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞാല്‍ സന്ദര്‍ശകര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാവുക. മത്സര ശേഷം പോയിന്റ് വീതം വെക്കുമ്പോള്‍ മഹാരാഷ്ട്രയ്ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കും. സന്ദര്‍ശകര്‍ക്ക് മൂന്ന് പോയിന്റ് കിട്ടുമ്പോള്‍ കേരളത്തിന് ഒരു പോയിന്റ് മാത്രമാണ് ലഭിക്കുക. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയതിന്റെ ബലത്തിലാണ് മഹാരാഷ്ട്ര കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ കേരളം ലീഡ് വഴങ്ങിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 20 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ വഴങ്ങിയത്. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന കേരളം 219ന് പുറത്തായിരുന്നു.
മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ മഹാരാഷ്ട്ര 239 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ഋതുരാജ് ഗെയ്ക്വാദാണ് മികച്ച പ്രകടനം നടത്തിയത്. താരം 151 പന്തില്‍ 11 ഫോറടക്കം 91 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം, ജലജ് സക്സേനയും വിക്കി ഓട്‌സ്വാളും മികച്ച ബാറ്റിങ് പുറത്തെടുത്തു. സക്സേന 106 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ ഓട്‌സ്വാള്‍ 110 പന്തില്‍ 38 റണ്‍സ് സ്വന്തമാക്കി.
കേരളത്തിനായി നിധീഷ് എം.ഡി. മികച്ച ബൗളിങ് കാഴ്ച്ചവെച്ചു. താരം 49 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഒപ്പം, ബേസില്‍ എന്‍.പി മൂന്ന് വിക്കറ്റും അങ്കിത് ശര്‍മ, ഈഡന്‍ ആപ്പിള്‍ ടോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി സഞ്ജു സാംസണും സല്‍മാന്‍ നിസാറുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. സഞ്ജു 63 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടക്കം 54 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നിസാര്‍ 93 പന്തില്‍ 49 റണ്‍സാണ് അടിച്ചത്. ഇവര്‍ക്ക് പുറമെ, ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ 52 പന്തില്‍ 36 റണ്‍സും എടുത്തു.
മഹാരാഷ്ട്രക്കായി മുന്‍ കേരള താരമായ സക്‌സേനയാണ് ബൗളിങ്ങിലും തിളങ്ങിയത്. താരം മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ഓട്‌സ്വാള്‍, ആര്‍. എന്‍ ഗുര്‍ബാനി, എം.ജി ചൗധരി എന്നിവര്‍ രണ്ട് വിക്കറ്റും ആര്‍.എസ് ഘോഷ് ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Kerala Cricket Team only get one point if the match against Maharashtra tied in Ranji Trophy