സഞ്ജുവില്ലാതെ ഇറങ്ങി, ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നു; വീണ്ടും തോറ്റ് കേരളം
Cricket
സഞ്ജുവില്ലാതെ ഇറങ്ങി, ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നു; വീണ്ടും തോറ്റ് കേരളം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 3:28 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫി വീണ്ടും തോറ്റ് കേരള ക്രിക്കറ്റ് ടീം. ഇന്ന് അസമിനെതിരെ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ടീം വഴങ്ങിയത്. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം ഒരു മത്സരം അടിയറവ് പറഞ്ഞത്. ഡിസംബർ ആറിന് നടന്ന മത്സരത്തിൽ ആന്ധ്രാ പ്രദേശിനോടും ടീം പരാജയപ്പെട്ടിരുന്നു.

മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജുവില്ലാതെ ഇറങ്ങിയ കേരളം ആദ്യം ബാറ്റ് ചെയ്ത് 101 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അസം ഏഴ് പന്ത് ബാക്കി നില്‍ക്കെ വിജയം മറികടക്കുകയായിരുന്നു.

അസമിനായി പ്രദ്യുന്‍ സെയ്കിയയാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തില്‍ 41 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഒരു സിക്സും നാല് ഫോറും അടങ്ങുന്ന താരത്തിന്റെ ഇന്നിങ്സാണ് അസമിന് വിജയം സമ്മാനിച്ചത്.

താരത്തിന് പുറമെ, രഹോത് സെൻ (22 പന്തിൽ 19), ഡെനിഷ് ദാസ് (15 പന്തിൽ 12), സാഹിൽ ജെയ്ൻ (18 പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

കെ.എം. ആസിഫും ഷറഫുദീനും Photo; Sportsstar/x.com

കേരളത്തിനായി കെ.എം. ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. അഖില്‍ സ്‌കറിയ, അബ്ദുല്‍ ബാസിത്, ഷറഫുദീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം എടുത്തു.

നേരത്തെ മത്സരത്തില്‍ കേരളം ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ അടക്കം ഏഴ് പേരാണ് ഇരട്ട അക്കം കാണാതെ പുറത്തായത്. 33 പന്തില്‍ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമല്ലാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

രോഹൻ കുന്നുമ്മൽ Photo: Abhishek Naik/x.com

രോഹന് പുറമെ, ഷറഫുദീന്‍, കൃഷ്ണ പ്രസാദ്, മുഹമ്മദ് അസറുദീന്‍ എന്നിവര്‍ മാത്രമാണ് രണ്ടക്ക നമ്പറില്‍ സ്‌കോര്‍ ചെയ്തത്. യഥാക്രമം 15, 14, 11 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോര്‍.

അസമിനായി സദഖ് നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. അവിനോവ് ചൗധരി, അബ്ദുല്‍ അജിജ് ഖുറൈശി, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

Content Highlight: Kerala Cricket Team loss against Assam without Sanju Samson in Syed Mushtaq Ali Trophy