ആരാധകർ ഏറെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് പൂരത്തിന് നാളെ തിരശീലയുയരും. ആറ് ടീമുകൾ മാറ്റുരക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിൽ ശ്രദ്ധാ കേന്ദ്രം ഇന്ത്യൻ താരമായ സഞ്ജു സാംസണാണ്. ഒപ്പം വിഘ്‌നേശ് പുത്തൂരടക്കമുള്ള പുത്തൻ താരോദയങ്ങളും ടൂർണമെന്റിന്റെ പകിട്ട് ഉയർത്തുന്നു.
കിരീടം നേടാൻ ഉറച്ച് കരുത്തുറ്റ സംഘവുമായി ഓരോ ടീമും എത്തുമ്പോൾ ടൂർണമെന്റിലെ 17 നാളുകളിലും ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. പുതിയ സീസണിൽ 33 മത്സരങ്ങളിലാണ് ടീമുകൾ പരസ്പരം പോരിനിറങ്ങുക. ഇതിനൊക്കെ വേദിയാകുന്നതാകട്ടെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ സെപ്റ്റംബർ ഏഴിന് ഇതേ വേദിയിൽ തന്നെ പുതിയ ചാമ്പ്യനും കുതിച്ചുയരും.
കെ.സി.എൽ 2025ന് അരങ്ങുണരുമ്പോൾ കേരളത്തിലെ ഓരോ ക്രിക്കറ്റ് പ്രേമിയും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് ഈ ആവേശം കാണാൻ തന്നെയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സും കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ്അപ്പായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സും തമ്മിൽ ഏറ്റുമുട്ടും.
കരുത്തുറ്റ ടീമുമായാണ് ഇത്തവണയും ഇരു ടീമുകളും കളത്തിലിറങ്ങുക. ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദും ഓൾ റൗണ്ടർ അഖിൽ എം.എസും ഏദൻ ആപ്പിൾ ടോമും ചേരുമ്പോൾ സെയിലേഴ്‌സിന് മൂർച്ച കൂടും.
മറുവശത്ത് കാലിക്കറ്റിന്റെ ടീമും ഒട്ടും മോശമല്ല. ക്യാപ്റ്റനായി രോഹൻ കുന്നുമ്മൽ എത്തുമ്പോൾ സൽമാൻ നിസാറും എസ്. മിഥുനും ടീമിന് ശക്തി പകരും.
ആദ്യ ദിവസം തന്നെ ആരാധകരുടെ പ്രിയ താരം സഞ്ജുവും കളത്തിലിറങ്ങും. സഞ്ജുവിന്റെ കൊച്ചി ബ്ല്യൂ ടൈഗേഴ്‌സും അദാനി ട്രിവാൻഡ്രം റോയൽസും തമ്മിൽ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലും ടൂർണമെന്റിൽ ഒന്നാകെയും സഞ്ജുവിന്റെ സാന്നിധ്യം തന്നെയാവും ആകർഷണം.
കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് സഞ്ജുവിന്റെ സഹോദരൻ സാലി സാംസണിന്റെ ക്യാപ്റ്റൻസിയിലാണ് ഇറങ്ങുക. ഇവരോടൊപ്പം ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ച ആസിഫ് കെ.എം ടീമിന് മുതൽകൂട്ടാവും.
A new era of champions begins.
The game plan is getting sharper now.
Kochi Blue Tigers grabbed this season’s biggest deal.
— Kochi Blue Tigers (@Kochibluetigers) July 9, 2025
സഞ്ജുവിന്റെ ടീമിനെതിരെ ഇറങ്ങുന്ന ട്രിവാൻഡ്രം റോയൽസും കരുത്തിൽ ഒട്ടും പിറകിലല്ല. ബേസിൽ തമ്പിയും അബ്ദുൽ ബാസിതും എം. നിഖിലും നൽകുന്ന പ്രതീക്ഷ ചെറുതല്ല. ബാറ്ററായ കൃഷ്ണ പ്രസാദാണ് ടീമിന്റെ ക്യാപ്റ്റൻ.
ടൂർണമെന്റിൽ കഴിവ് തെളിയിക്കാൻ എത്തുന്ന മറ്റ് രണ്ട് ടീമുകളായ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും രണ്ടാം ദിവസം തന്നെ കളത്തിലെത്തും. ഇരു കൂട്ടരും ടൂർണമെന്റിലെ മറ്റേതൊരു ടീമിനോടും കിടപിടിക്കാൻ പോന്നതാണ്.
ജലജ് സക്‌സേന എന്ന ഒറ്റ പേരിൽ ആലപ്പി റിപ്പിൾസിനും തിളക്കമേറെയാണ്. നയിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീൻ എത്തുമ്പോൾ വിഘ്‌നേശ് പൂത്തൂരും ഇത്തവണ ടീമിനൊപ്പമുണ്ട്. അക്ഷയ് ചന്ദ്രനും ബേസിൽ എൻ.പിയും ശ്രീഹരി എസ് നായരും ടീമിന്റെ കരുത്ത് കൂട്ടുന്നു.
ആലപ്പിക്ക് ആദ്യ മത്സരത്തിൽ എതിരാളിയായി എത്തുന്ന തൃശൂർ ടൈറ്റൻസും മികച്ച സംഘവുമായാണ് രണ്ടാം സീസണിൽ എത്തിയിരിക്കുന്നത്. ഷോൺ റോജറും ആനന്ദ് കൃഷ്‌ണനും നിധീഷ് എം. ഡിയുമുള്ള സംഘത്തിന്റെ കപ്പിത്താൻ സിജോമോൻ ജോസഫാണ്.
ടൂർണമെന്റിൽ പോരിനിറങ്ങുന്ന ആറ് ടീമുകളും മികച്ച ടീമുകളും മുന്നൊരുക്കങ്ങളുമായാണ് എത്തുന്നത്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രമാണ്. കേരളത്തിന്റെ ചാമ്പ്യൻ പട്ടം. അതിനായി വീറും വാശിയോടെയും ടീമുകൾ കളിത്തിലിറങ്ങുമ്പോൾ കാര്യവട്ടം കളി കളറാവുമെന്ന് ഉറപ്പാണ്.
Content Highlight: Kerala Cricket League season 2 will start tomorrow and Sanju Samson will play in second match