കേരള ക്രിക്കറ്റില്‍ നീലക്കടുവകളുടെ ഗര്‍ജനം; കപ്പുയര്‍ത്തി കൊച്ചി
Sports News
കേരള ക്രിക്കറ്റില്‍ നീലക്കടുവകളുടെ ഗര്‍ജനം; കപ്പുയര്‍ത്തി കൊച്ചി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th September 2025, 10:35 pm

കെ.എസി.എല്ലിന്റെ രണ്ടാം പതിപ്പില്‍ കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ബ്ലൂ ടൈഗേഴ്‌സ് പുതിയ ചാമ്പ്യന്‍മാരായത്.

75 റണ്‍സിനായിരുന്നു കൊച്ചിയുടെ വിജയം. ബ്ലൂ ടൈഗേഴ്‌സ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സെയ്‌ലേഴ്‌സ് 16.3 ഓവറില്‍ 106ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി വിനൂപ് മനോഹരന്റെ അര്‍ധ സെഞ്ച്വറിയുടെയും ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ മികച്ച ഇന്നിങ്സിന്റെയും കരുത്തിലാണ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിലെത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ടൈഗേഴ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ വിപുല്‍ ശക്തിയുടെ വിക്കറ്റ് കൊച്ചിക്ക് നഷ്ടമായിരുന്നു. അഞ്ച് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് മാത്രമാണ് നേടിയത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ സാലി സാംസണാണ് ക്രീസിലെത്തിയത്. ക്യാപ്റ്റനെ ഒരറ്റത്ത് നിര്‍ത്തി വിനൂപ് മനോഹരന്‍ തകര്‍ത്തടിച്ചു. സ്ട്രൈക്ക് നിലനിര്‍ത്തിയും കൂടുതല്‍ പന്തുകള്‍ നേരിട്ടും താരം അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

വിനൂപിന് പിന്നാലെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാനാകാതെ ക്യാപ്റ്റനും മടങ്ങി. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് സാലി സാംസണ് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയവരില്‍ മുഹമ്മദ് ഷാനു (13 പന്തില്‍ പത്ത്), നിഖില്‍ തോട്ടത്ത് (14 പന്തില്‍ പത്ത്), അജീഷ് കെ. (മൂന്ന് പന്തില്‍ പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. 83/1 എന്ന നിലയില്‍ നിന്നും 97/5 എന്ന നിലയിലേക്ക് കൊച്ചി വീണു.

ഏഴാം നമ്പറിലെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണാണ് കടുവകളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 25 പന്ത് നേരിട്ട താരം പുറത്താകാതെ 47 റണ്‍സ് അടിച്ചെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സെയ്‌ലേഴ്‌സിന് ആദ്യ ഓവറിലേ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ ആറ് റണ്‍സ് നേടിയ ഭരത് സൂര്യയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

പിന്നാലെയെത്തിയവര്‍ ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊച്ചി മത്സരം വരുതിയിലാക്കി. ഒടുവില്‍ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കവെ അവസാന വിക്കറ്റും പീഴുതെറിഞ്ഞ് കൊച്ചി സെയ്‌ലേഴ്‌സിന്റെ രണ്ടാം കിരീടമെന്ന മോഹവും തല്ലിക്കെടുത്തി.

ഒമ്പതാം നമ്പറിലിറങ്ങിയ വിജയ് വിശ്വനാഥാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ പുറത്താകാതെ 23 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ആഷിക്, കെ.എം. ആസിഫ്, ക്യാപ്റ്റന്‍ സാലി സാംസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജീഷാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

 

Content Highlight: Kerala Cricket League: Kochi Blue Tigers won the title