മലയാളത്തിലെ സകല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചര്‍ച്ചയായ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo: X.com

ഇപ്പോഴിതാ വൈകിയ വേളയില്‍ ചിത്രത്തിന്റെ ഒരു റിവ്യൂവാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരള മുഖ്യമന്ത്രി വി.ഡി സതീശനാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം തന്നെ പിടിച്ചിരുത്തിയെന്നും എന്തേ കാണാനിത്ര വൈകിപ്പോയതെന്നാണ് ആലോചിക്കുന്നതെന്നും വി.ഡി സതീശന്‍ പോസ്റ്റില്‍ പറയുന്നു.

ചിത്രം കണ്ടിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരെയും പോലെ മുഖ്യമന്ത്രിയ്ക്കും ഇഷ്ടപ്പെട്ടത് റോഷന്‍ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്‌സണ്‍ എന്ന കഥാപാത്രത്തെയാണ്. തന്റെ മനസില്‍ കയറിയ ഒരാള്‍ ഗ്ലിക്‌സനാണെന്നും പാവം ഗ്ലിക്‌സനെന്നും അദ്ദേഹം പറയുന്നു. അഭിനന്ദനമറിയിക്കാനായി ഗിരീഷ് എ.ഡിയെയും സംഗീത് പ്രതാപിനെയും വിളിച്ചെന്നും എന്നാല്‍ നിവിന്‍ പോളിയെയും മമിത ബൈജുവിനെയും വിളിച്ചപ്പോള്‍ കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

 

മാസത്തില്‍ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകള്‍ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പില്‍ കണ്ടത്. മകള്‍ക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേല്‍ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീര്‍ത്തത്.

ട്രീറ്റ്‌മെന്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അല്‍പം പോലും മുഷിഞ്ഞില്ല. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റി. അന്ന് ഞങ്ങള്‍ കണ്ട നാട്ടിന്‍പുറങ്ങള്‍, അവിടുത്തെ മനുഷ്യര്‍, അവിടെ കണ്ട സാധാരണ ജീവിതങ്ങള്‍, അവര്‍ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങള്‍; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോള്‍ എന്തേ കാണാന്‍ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങള്‍ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളില്‍ വരുന്നവര്‍ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോള്‍ വിഷമിപ്പിച്ചു… ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വര്‍ക്കാണ് ഈ സിനിമ.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേല്‍ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകന്‍ എ.ഡി ഗിരീഷിനെയും നടന്‍ സംഗീത് പ്രതാപിനെയും ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. നിവിന്‍ പോളിയെയും മമിത ബൈജുവിനെയും ഫോണില്‍ കിട്ടിയില്ല. ഇവര്‍ക്കൊപ്പം എന്റെ മനസിന്‍ കയറിയ ഒരാള്‍ ഗ്ലിക്‌സനാണ്. പാവം ഗ്ലിക്‌സന്‍.

സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Content Highlight: Kerala Chief minister VD Satheeshan’s post about Bethlehem Kudumba Unit Movie