| Wednesday, 22nd January 2020, 5:30 pm

'അവല രാമുവിന്റെ സ്വപ്‌നങ്ങള്‍ക്ക് അര്‍ദ്ധവിരാമം'; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് പുറത്താക്കിയ വിദ്യാര്‍ത്ഥി പറയുന്നു

അന്ന കീർത്തി ജോർജ്

പെരിയ: കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി കേരള കേന്ദ്ര സര്‍വകലാശാല. കേരള സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അവല രാമുവിനെയാണ് ഒരു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം പുറത്താക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കുന്നതെന്നാണ് സര്‍വകലാശാല ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. സര്‍വകലാശാല തന്നെ നിയമിച്ച പ്രത്യേക സമിതി അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ പ്രസ്താവനകള്‍ സര്‍വകലാശാലയുടെ സല്‍പേരിന് ദോഷമുണ്ടാക്കിയെന്നും കുറിപ്പിലുണ്ട്.

2019 ഫെബ്രുവരിയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സമയത്താണ് അവല രാമുവിനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെ രാമു ഫേസ്ബുക്കില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകന്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പല തവണ അധികാരികളെ സമീപിച്ച ശേഷവും സസ്‌പെന്‍ഷനില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് രാമു കോടതിയെ സമീപിച്ചിരിക്കുകയാണ്.

വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സെക്ഷന്‍ 124 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുവരുന്നേയുള്ളു. ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു എന്ന് ബേക്കല്‍ സി.ഐ. നാരായണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘കേസിന്റെ അന്വേഷണം നടക്കുന്നതേയുള്ളു. സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. മതിയായ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ കേസില്‍ ബാക്കി നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.’ സി.ഐ നാരായണ്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൊലീസ് കേസ് തെളിയിക്കപ്പെടാത്തതിനാലും സസ്‌പെന്‍ഷനെതിരെ കോടതിയില്‍ കേസ് നടക്കുന്ന അവസ്ഥയിലും പുറത്താക്കല്‍ നടപടി സ്വീകരിക്കാന്‍ എങ്ങിനെയാണ് സാധിക്കുന്നത് ?’ രാമു ചോദിക്കുന്നു. സര്‍വകലാശാല അധികൃതരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവരെയും പ്രതികാരനടപടികളിലൂടെ നേരിടാനാണ് കേരള സര്‍വകലാശാല എന്നും ശ്രമിച്ചിട്ടുള്ളതെന്നും രാമു അതിന്റെ വലിയ ഇരയാവുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹൈദരാബാദ് നെല്ലൂരിനടുത്തുള്ള പൊന്നാപുഡി സ്വദേശിയായ അവല രാമു എഞ്ചിനീയറിങ് ബിരുദപഠനമുപേക്ഷിച്ചാണ് ബിരുദാനന്തരബിരുദത്തോടൊപ്പം സിവില്‍ സര്‍വീസ് എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍വകലാശാലയിലേക്ക് എത്തുന്നത്. ഇന്ന് സഹപാഠികളെല്ലാം പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷവും രാമു രാജ്യദ്രോഹക്കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.

സര്‍വകലാശാലയിലെ സമരമുഖത്ത് സജീവമായിരുന്ന രാമുവിനെതിരെ പഠനകാലത്ത് തന്നെ അച്ചടക്കനടപടികളിലൂടെയും മറ്റും നേരിടാന്‍ സര്‍വകലാശാല ശ്രമിച്ചിരുന്നു. ‘ഹോസ്റ്റലുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുത്ത എന്നെയും മറ്റ് വിദ്യാര്‍ത്ഥികളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നാല് കിലോമീറ്ററോളം നടന്നെത്തിയാണ് പഠനം നടത്തിയിരുന്നത്. ഇത് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. അവസാനം വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെ നടത്തിയ സസ്‌പെന്‍ഷന്‍ മൂലം എനിക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു.’ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് വരുന്നതിന് മുന്‍പ് രാമു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ബേക്കല്‍ പൊലിസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടത്തിയതെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും തുടര്‍ന്ന് സര്‍വകലാശാല നടത്തിയ അന്വേഷണത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘പൊലിസ് കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചൊന്നും ഞങ്ങള്‍ക്കറിയില്ല. സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. അതിന് പുറമേ പല അവസരങ്ങള്‍ നല്‍കിയിട്ടും രാജ്യത്തിനെതിരെയുള്ള കുറ്റമായിട്ടുപോലും തന്റെ തെറ്റ് സമ്മതിക്കാന്‍ വിദ്യാര്‍ത്ഥി തയ്യാറായില്ല.’ അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വൈസ് ചാന്‍സലറോ രജിസ്ട്രാറോ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേസമയം സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച് പരീക്ഷ എഴുതി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ച് രാമു വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ തന്റെ ഭാഗത്ത് നിന്നും ഇനി യാതൊരു വിധ അച്ചടക്കലംഘനങ്ങളും ഉണ്ടാവുകയില്ലെന്നും ഇനി അത്തരത്തില്‍ ലംഘനമുണ്ടായാല്‍ സസ്‌പെന്‍ഷന്‍ നടപടിയുമായി മുന്നോട്ട് പോകാമെന്നും രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍ഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ജൂലായില്‍ നടന്ന ഒരേ ഒരു യോഗമല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും നടന്ന യോഗത്തിന്റെ തീരുമാനങ്ങളൊന്നും തന്നെ ഇതുവരെയും അറിയിച്ചിട്ടില്ലെന്നും രാമു ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പുറത്താക്കലിന് ആധാരമായ അന്വേഷണ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് രാമുവിന് അയച്ചുകൊടുത്തുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചതെങ്കിലും തനിക്ക് അങ്ങിനെ ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് രാമു പറയുന്നത്. സര്‍വകലാശാലയില്‍ നിന്നും പുറത്താക്കികൊണ്ടുള്ള യാതൊരു ഔദ്യോഗിക രേഖകളും രാമുവിന് നല്‍കിയിട്ടുമില്ല. സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ വിഭാഗം ഇറക്കിയ പത്രക്കുറിപ്പല്ലാതെ മറ്റൊന്നും ഇത് വരെയും പുറത്തുവിട്ടിട്ടില്ല.

അതുകൊണ്ടു തന്നെ കൃത്യമായ കാരണങ്ങളില്ലാതെ തന്നെ പുറത്താക്കിയതും കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഹരജിക്കൊപ്പം ചേര്‍ത്ത് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുതെന്നും രാമു അറിയിച്ചു.

സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച സമയത്ത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. സ്റ്റുഡന്‍സ് യൂണിയനിന്റെ നേതൃത്വത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി മാസം ആദ്യത്തില്‍ വൈസ് ചാന്‍സലറെ കണ്ടിരുന്നെന്നും കോടതിയിലുള്ള കേസായിതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നതെന്നും സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് അനുമോദ് കെ.കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പുറത്താക്കലുമായി ബന്ധപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് വരികയാണെന്നും അനുമോദ് കൂട്ടിച്ചേര്‍ത്തു.

അവല രാമുവിനെ ഇപ്പോള്‍ പുറത്താക്കിയതടക്കമുള്ള അച്ചടക്ക നടപടികളെല്ലാം അധികൃതരുടെ പ്രതികാരനടപടി മാത്രമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുന്ന അധികാരികളുടെ നടപടികളില്‍ രാമു പെട്ടുപോകുകയായിരുന്നെന്നും ഇവര്‍ പറയുന്നു. അധികാരികള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും സമരം ചെയ്യുന്നവരെയും ഏതു വിധേനെയും ഒതുക്കി തീര്‍ക്കാനുള്ള നടപടികളാണ് സര്‍വകലാശാല സ്വീകരിച്ചു വരുന്നതെന്നും നിരവധി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സര്‍വകലാശാലയെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി സമരത്തിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാമുവിന്റെ സഹപാഠികള്‍ വിഷയത്തില്‍ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി ആവശ്യപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. രാജ്യദ്രോഹി എന്ന ചാപ്പ കുത്തി യൂണിവേഴ്‌സിറ്റി അധികാരികള്‍ അവല രാമുവിന്റെ സ്വപ്‌നങ്ങള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ചിരിക്കുകയാണെന്ന് കാസര്‍ഗോഡ് സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥിയും അംബ്ദേകര്‍ സ്റ്റുഡന്‍സ് അസോസിയേന്‍ (എ.എസ്.എ) പ്രവര്‍ത്തകനുമായ സോനു എസ്. പാപ്പച്ചന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ കാസര്‍ഗോഡ് സര്‍വകലാശാലയിലെ നാഗരാജു എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിയെ അകാരണമായി കേസില്‍ കുടുക്കി ജയിലടച്ചതിനും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍ താഴത്തിനെ പുറത്താക്കിയതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വിദ്യര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ഈ രണ്ടു സമരങ്ങളും സര്‍വകലാശാലക്ക് പിന്‍വലിക്കേണ്ടി വന്നു. അന്ന് ആ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന രാമുവിനെയാണ് ഇന്ന് പുറത്താക്കിയിരിക്കുന്നതെന്നും സോനു ചൂണ്ടിക്കാണിക്കുന്നു.

DoolNews Video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more