കേരളത്തെ നിശബ്ദമാക്കാന്‍ കഴിയില്ല; അതിന് ഉദാഹരണമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി
Kerala
കേരളത്തെ നിശബ്ദമാക്കാന്‍ കഴിയില്ല; അതിന് ഉദാഹരണമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി
രാഗേന്ദു. പി.ആര്‍
Monday, 19th January 2026, 5:05 pm

കൊച്ചി: ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യത്തിന്റെ മൂന്നാം തൂണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ അടിത്തറയെന്ന് പറയുന്നത് രാജ്യത്തെ ഒരു പൗരന് ഒരു വോട്ട് എന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊച്ചിയിലെ മറൈന്‍ഡ്രൈവിൽ നടക്കുന്ന കെ.പി.സി.സി മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി Photo: Rahul Gandhi/Facebook

ഭരണസംവിധാനങ്ങളുടെ കേന്ദ്രീകരണമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിടുന്നത്. എന്നാല്‍ വികേന്ദ്രീകരണമെന്ന ആശയത്തില്‍ ഊന്നിയാണ് കോണ്‍ഗ്രസ് പ്രസ്ഥാനം നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഘപരിവാര്‍ ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. ശബ്ദിക്കുന്ന, അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യരെ സംഘപരിവാറിന് താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ആശയപരമായ നിശബ്ദത അടിച്ചേല്‍പ്പിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ഈ ശ്രമമാണ് അവര്‍ ഇന്ത്യയില്‍ ഉടനീളം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ ആഗ്രഹം തന്നെ ഇന്ത്യ നിശബ്ദമായി തുടരണമെന്നാണ്.

നമ്മുടെ രാജ്യത്തിന്റെ സ്വത്തുക്കള്‍ വിരലില്ലെണ്ണാവുന്ന ചില കോര്‍പ്പറേറ്റുകള്‍ക്ക് എഴുതികൊടുക്കാനുള്ള ഒന്നായി മാത്രമാണ് സംഘപരിവാര്‍ ഇന്ത്യയെ കാണുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

എന്നാല്‍ കേരളത്തിലെ മനുഷ്യരെ നിശബ്ദമാക്കാന്‍ കഴിയില്ല. അതിന് ഉദാഹരണമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം കൈവരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം എഴുത്തുകാരി എം. ലീലാവതിക്ക് കൈമാറിയ ശേഷമാണ് രാഹുല്‍ ഗാന്ധി മഹാപഞ്ചായത്തില്‍ എത്തിയത്. എറണാകുളത്ത് നടന്ന മറ്റൊരു പരിപാടിയില്‍ വെച്ചായിരുന്നു ലീലാവതിക്കുള്ള പുരസ്‌കാരദാനം.

എം. ലീലാവതിക്കൊപ്പം രാഹുൽ ഗാന്ധി Photo: Rahul Gandhi/Facebook

ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചറുമായി നടത്തിയ സംഭാഷണത്തില്‍, രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികളും നിശബ്ദതകളും ചര്‍ച്ചയായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

98 വയസുള്ള ലീലാവതി ടീച്ചര്‍ ഇപ്പോഴും മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്നും നന്ദിയുണ്ടെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എം. ലീലാവതി പ്രതികരിച്ചു. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കുമെന്നും ലീലാവതി അറിയിച്ചു.

Content Highlight: Kerala cannot be silenced; The last local body elections are an example of that: Rahul Gandhi

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.