ജാതി രാഷ്ട്രീയത്തോട് കടക്ക് പുറത്ത് പറഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം
ജിതിന്‍ ടി പി

ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാന്‍ ഇനി കെല്‍പ്പില്ല എന്നുതന്നെയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം രണ്ട് മുന്നണികളുടെ കേവല രാഷ്ട്രീയ വിജയം എന്നതിനേക്കാളുപരി ചര്‍ച്ച ചെയ്യുന്നത് സമുദായ സംഘടനകള്‍ക്കേറ്റ തിരിച്ചടിയാണ്.

വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസും കോന്നിയില്‍ ഓര്‍ത്തഡോക്സ് സഭയും അരൂരില്‍ എസ്.എന്‍.ഡി.പിയും മൂന്ന് മുന്നണികള്‍ക്കുമായി പരസ്യ നിലപാട് സ്വീകരിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് യുക്തിപരമായാണ് ഈ ഉപതെരഞ്ഞെടുപ്പിനെ അഞ്ച് മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ സമീപിച്ചത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

യു.ഡി.എഫും ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രചരണായുധമാക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളായിരുന്നു ഇടതുമുന്നണിയുടെ ട്രംപ് കാര്‍ഡ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പിന്നാമ്പുറങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതി-സമുദായ കണക്കെടുപ്പ് നടത്താറുണ്ടെങ്കിലും സമുദായ സംഘടനകള്‍ പരസ്യമായി വോട്ടഭ്യര്‍ഥന നടത്തുന്നത് ഇതാദ്യമായാണ്.

എന്‍.എസ്.എസിനാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത്. പരസ്യമായി യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങിയ എന്‍.എസ്.എസിനെ കൂടി തോല്‍പ്പിച്ചാണ് വട്ടിയൂര്‍ക്കാവ് പ്രശാന്തിലൂടെ ഇടതുമുന്നണി പിടിച്ചെടുത്തതെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം മൂന്നാം സ്ഥാനത്ത് നിന്നാണ് പ്രശാന്ത് എല്‍.ഡി.എഫിനെ ഒന്നാമതെത്തിച്ചത്.

പതിവിന് വിപരീതമായി എന്‍.എസ്.എസിനെ കടന്നാക്രമിച്ച് ഇടതുമുന്നണിയും വിശിഷ്യാ സി.പി.ഐ.എമ്മും രംഗത്തെത്തിയതോടെ മണ്ഡലത്തില്‍ ജാതി രാഷ്ട്രീയവും ജനകീയതയും തമ്മിലായി പോര്. സമുദായാംഗങ്ങള്‍ നേതൃത്വത്തിന്റെ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കു ചെവികൊടുത്തില്ല എന്നാണ് വട്ടിയൂര്‍ക്കാവ് പഠിപ്പിക്കുന്നത്.

കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍.എസ്.എസ്് നിലപാട് നിര്‍ണായകമായിരുന്നു. 23 വര്‍ഷമായി കോന്നിയില്‍ ജയിക്കുന്ന അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസിന് പിണക്കേണ്ടി വന്നതും ഈ നിലപാടായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ശബരിമല മാത്രം പറഞ്ഞ് വോട്ടു ചോദിക്കുന്ന ബി.ജെ.പിയെ പിന്തുണച്ച് കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ടു മുന്നണികളെയും തള്ളിക്കൊണ്ട്, അവര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്തത് അപ്രതീക്ഷിതമായിരുന്നു. കോന്നിയില്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാര്‍ ഉള്‍പ്പെടെ പ്രചാരണത്തിനുമിറങ്ങി.

എന്നാല്‍ നേമം കോന്നിയില്‍ ആവര്‍ത്തിക്കാന്‍ എന്‍.ഡി.എയ്‌ക്കോ കെ. സുരേന്ദ്രനോ അത് മാത്രം മതിയായിരുന്നില്ല. വട്ടിയൂര്‍ക്കാവിന് സമാനമായി ജനകീയത തന്നെയാണ് ജനീഷിനേയും കോന്നിയില്‍ തുണച്ചത്.

വോട്ടെണ്ണലില്‍ തുടക്കം മുതലെ അരൂരായിരുന്നു സസ്‌പെന്‍സ് നിലനിര്‍ത്തിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ഏക സിറ്റിംഗ് സീറ്റും ഇതായിരുന്നു. ബി.ഡി.ജെ.എസ് മത്സരിക്കാനില്ലെന്ന് പറഞ്ഞതും എസ്.എന്‍.ഡി.പിയുടെ പിന്തുണയും ചേരുമ്പോള്‍ സീറ്റ് നഷ്ടപ്പെടില്ലെന്നായിരുന്നു എല്‍.ഡി.എഫ് പ്രതീക്ഷ.

എന്‍.എസ്.എസിനെയും കോണ്‍ഗ്രസിനേയും ആക്രമിച്ചും എല്‍.ഡി.എഫിനേയും സര്‍ക്കാരിനേയും പിന്തുണച്ചും എസ്.എന്‍.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒളിഞ്ഞും തെളിഞ്ഞും ഇടതിനോടുള്ള കൂറ് പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാ സമുദായ സമവാക്യങ്ങളേയും അട്ടിമറിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടുന്ന വിജയം തികച്ചും രാഷ്ട്രീയമായി മാത്രം ജനങ്ങള്‍ ചിന്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

യു.ഡി.എഫിന് ഈ നിയമസഭയിലുണ്ടാകുന്ന ഏക വനിതാ എം.എല്‍.എയുമാണ് ഷാനിമോള്‍ ഉസ്മാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനായി എതിരാളികളും പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗവും ഉയര്‍ത്തിയ വെറും പെണ്ണ്, നേരാവണ്ണം തട്ടമിടാത്ത മുസ്ലീം പെണ്ണ് എന്നൊക്കെയുള്ള സ്ത്രീവിരുദ്ധ-സുമദായ രാഷ്ട്രീയത്തെ കൂടി തോല്‍പ്പിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചുകയറുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് പോലെ ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.