റോബര്‍ട്ടോ കാര്‍ലോസിനെ പോലെ ഒരുത്തന്‍ ബ്ലാസ്‌റ്റേഴ്‌സിനുമുണ്ട്; ഇവാന്‍ പുലിയാണ് കേട്ടാ...
ISL
റോബര്‍ട്ടോ കാര്‍ലോസിനെ പോലെ ഒരുത്തന്‍ ബ്ലാസ്‌റ്റേഴ്‌സിനുമുണ്ട്; ഇവാന്‍ പുലിയാണ് കേട്ടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th July 2022, 6:04 pm

ഡേവിഡ് ജെയിംസിനും സ്റ്റീവ് കോപ്പലിനും ശേഷം കേരളാ ബ്ലാസ്റ്റേസ് ആരാധകര്‍ ഇത്രകണ്ട് സ്‌നേഹിച്ച ഒരു കോച്ച്, അതായിരുന്നു ഇവാന്‍ വുകോമനൊവിച്ച്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച കുതിപ്പിന് താങ്ങായതും തണലായതും ഇവാന്‍ തന്നെയായിരുന്നു.

ഒടുവില്‍, ഹൈദരാബാദ് എഫ്.സിയോട് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നെങ്കിലും തലയുയര്‍ത്തി തന്നെയായിരുന്നു ഇവാനും പിള്ളേരും സീസണിനോട് ഗുഡ് ബൈ പറഞ്ഞത്.

ഇനി വരാനിരിക്കുന്ന സീസണിലും കൊമ്പന്‍മാരുടെ പാപ്പാന്‍ വുകോമനൊവിച്ചാവുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാന പരിശീലകന്റെ റോളില്‍ മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവാന്റെ കരാര്‍ നീട്ടിയത്.

ഇപ്പോഴിതാ, കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ സാമൂഹ്യമാധ്യമ എക്കൗണ്ടുകള്‍ വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഇവാന്‍ ഫ്രീ കിക്ക് പഴി ഗോള്‍ നേടുന്നതാണ് ടീം പങ്കുവെച്ച വീഡിയോയിലുള്ളത്.

ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് ഫ്രീ കിക്ക് എടുക്കുന്നത് പോലെ ആയാസരഹിതമായാണ് വുകോമനൊവിച്ചും ഫ്രീ കിക്കെടുക്കുന്നത്. ടീമിനൊപ്പമുള്ള പരിശീലന സെഷനിലായിരുന്നു ഇവാന്‍ ഗോള്‍വല ചലിപ്പിച്ചത്.

കഴിഞ്ഞ സീസണിലായിരുന്നു ഇവാന്‍ പരിശീലകന്റെ റോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമെത്തിയത്. സ്വപ്‌നതുല്യമായ കുതിപ്പായിരുന്നു ഇവാന്റെ ചിറകില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഇവാന്‍ വുകോമനൊവിച്ച് എന്ന ബാറ്റില്‍ സ്ട്രാറ്റജിസ്റ്റിന്റെ ഒറ്റ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. കന്നിക്കിരീടം സ്വപ്നം കണ്ടിറങ്ങിയ ടീമിന് അത് നേടാന്‍ സാധിച്ചിരുന്നില്ലെങ്കിലും, ഇവാന്റെ പ്രകടനത്തില്‍ ആരാധകര്‍ പൂര്‍ണമായും സംതൃപ്തരായിരുന്നു.

‘ബ്ലാസറ്റേഴ്സിനെ നയിക്കുന്ന ആളുകളും, ആരാധകരും, കേരളവും എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി ലക്ഷ്യത്തിലേക്കെത്താനുള്ള മികച്ച അവസരമാണ് ഇന്ന് നമുക്കുള്ളത്.

വീണ്ടും ടീമിനൊപ്പം ചേരുന്നതില്‍ ഞാന്‍ ഏറെ തൃപ്തനും സന്തുഷ്ടനുമാണ്. അടുത്ത സീസണുകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഇത് നമ്മള്‍ക്ക് പ്രചോദനമാവും,’ എന്നായിരുന്നു കരാര്‍ പുതുക്കുന്ന വേളയില്‍ ഇവാന്‍ പറഞ്ഞത്.

ഈ സെര്‍ബിയന്‍ മാന്ത്രികന്റെ ബുദ്ധിയിലുദിക്കുന്ന ചാണക്യതന്ത്രങ്ങള്‍ അടുത്ത സീസണില്‍ കിരീടം നേടിത്തരും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

 

 

Content Highlight: Kerala Blaters Coach Ivan Vukomanovic’s Free Kick Goal