വീണ്ടും രക്ഷകനായി സച്ചിന്‍; ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം
ISL
വീണ്ടും രക്ഷകനായി സച്ചിന്‍; ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 9:04 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. മത്സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്റെ മിന്നും സേവുകള്‍ ഏറെ ശ്രദ്ധേയമായി.

ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടായ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ലീഡെടുത്തത്.

32-ാം മിനിട്ടില്‍ ഡെയ്സുകെ സകായിയാണ് ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധം മറികടന്നുകൊണ്ട് ബോക്‌സില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നാടകീയ സംഭവങ്ങളായിരുന്നു ഗ്രൗണ്ടില്‍ അരങ്ങേറിയത്. ഈസ്റ്റ് ബംഗാള്‍ നിരന്തരം മറുപടി ഗോളിനായി മുന്നേറ്റങ്ങള്‍ നടത്തി.

മത്സരത്തിന്റെ 85-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ക്ലീറ്റണ്‍ സില്‍വയുടെ ഷോട്ട് അനായാസമായി ഗോള്‍കീപ്പര്‍ തട്ടിമാറ്റുകയായിരുന്നു. സില്‍ട്ടണ്‍ സില്‍വ ഷോട്ട് എടുക്കുന്നതിന് മുമ്പായി ഗോള്‍കീപ്പര്‍ മുന്നോട്ട് സ്റ്റെപ് വെച്ചതിനാല്‍ പെനാല്‍ട്ടി റീടേക്ക് എടുക്കുകയായിരുന്നു. ആ പെനാല്‍ട്ടിയും അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു സച്ചിന്‍.

87ാം മിനിട്ടില്‍ ദിമിട്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. ബോക്‌സില്‍ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു. ഗോള്‍ നേടിയതിന് ശേഷം തന്റെ ജേഴ്‌സി ഊരികൊണ്ടുള്ള താരത്തിന്റെ അതിരുകടന്ന ആഘോഷംമൂലം റഫറി ഡയമന്റകോസിനെതിരെ രണ്ടാം മഞ്ഞകാര്‍ഡ് പുറത്തെടുത്തു. ഇതോടെ താരം മത്സരത്തില്‍ നിന്നും പുറത്താവുകയായിരുന്നു.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സില്‍ട്ടണ്‍ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. ഈ സീസണിലെ കേരളത്തിന്റെ ആദ്യ എവേ വിജയമാണിത്.

ജയത്തോടെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ട് ഇവാനും സംഘവും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയും അടക്കം 13 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.

നവംബര്‍ 25ന് ഹൈദരാബാദ് എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദി.

Content Highlight: Kerala blasters won against East Bengal in ISL.