മറ്റേത് സീസണിനെക്കാളും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആറെ ആവേശത്തോടെയും അതിലുപരി ആസ്വദിച്ചും കളി കാണുന്ന സീസണാണിത്. ഐ.എസ്.എല്‍ ആരംഭിച്ചതു മുതലില്ലാത്ത ആവേശത്തോടെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ കൊമ്പുകുലുക്കി ഐ.എസ്.എല്ലില്‍ കുതിക്കുന്നത്.
കോച്ച് ഇവാന്‍ വുകോമനൊവിച്ചിന് കീഴില്‍ ശക്തമായ കളിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കുന്നത്. വുകോമനൊവിച്ച് എന്ന ചാണക്യന്റെ തന്ത്രങ്ങള്‍ക്കും ഗെയിം പ്ലാനുകള്‍ക്കുമനുസരിച്ച് കളിക്കളത്തില്‍ സഹലും ലൂണയും ഖബ്രയും തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ പങ്ക് ഗംഭീരമായി തന്നെ നിര്‍വഹിക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിലെ മനോഹരമായ ഒരു റെക്കോഡാണ് കോച്ച് ഇവാന്‍ വുകോമനൊവിച്ചിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.
ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവുമധികം ജയം നേടിയ സീസണ്‍, ഏറ്റവുമധികം പോയിന്റെുകള്‍ നേടിയ സീസണ്‍ എന്ന രീതിയിലാവും ഈ സീസണ്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുക, അത് നേടിക്കൊടുത്തഎന്ന കപ്പിത്താന്‍ എന്ന നിലയില്‍ വുകോമനൊവിച്ചിന്റെയും.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ 15 മത്സരത്തില്‍ നിന്നും 7 ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം 26 പോയിന്റുകളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് കൊമ്പന്‍മാര്‍.
എ.ടി.കെ മോഹന്‍ ബഗാന്‍, മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്. സി, ജംഷഡ്പൂര്‍ എഫ്.സി എന്നീ ടീമുകളോട് മാത്രമാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.
ഐ.എസ്.എല്‍ 2018 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിന് ഇതിന് മുന്‍പ് ഏറ്റവുമധികം പോയിന്റ് ഉണ്ടായിരുന്നത്. 18 കളികളില്‍ നിന്നും ആറ് ജയവും അഞ്ച് തോല്‍വിയും ഏഴ് സമനിലയുമടക്കം 25 പോയിന്റുകളായിരുന്നു കൊമ്പന്‍മാര്‍ക്ക് ആ സീസണില്‍ ഉണ്ടായിരുന്നത്.
2016 സീസണിലായിരുന്നു ഏറ്റവുമധികം ജയം കേരളത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ആ സീസണിലും ആറ് ജയം തന്നെയായിരുന്നെങ്കിലും 14 കളികളില്‍ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ആറ് കളികള്‍ ജയിച്ചിരുന്നത്. ആ സീസണില്‍ നാല് തോല്‍വിയും നാല് സമനിലയുമടക്കം 22 പോയിന്റുകളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
നോക്ക്ഔട്ട് മത്സരങ്ങള്‍ക്ക് മുന്‍പേ ഇനിയും അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ, ബ്ലാസ്റ്റേഴ്‌സ് ഈ റെക്കോഡ് മെച്ചപ്പെടുത്തുമെന്നും കപ്പടിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്.
കേരളത്തിന്റെ ഈ കുതിപ്പിന് കാരണം കോച്ച് ഇവാന്‍ വുകോമനൊവിച്ചിന്റെ തന്ത്രങ്ങളാണ് തന്നെയാണ്. ആരാധകര്‍ പറയും പോലെ ‘എല്ലാം കോച്ചിന്റെ ഐശ്വര്യം’
ഫെബ്രുവരി 19ന് എ.ടി.കെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സി, ഫെബ്രുവരി 26ന് ചെന്നെയിന്‍ എഫ്.സി, മാര്‍ച്ച് 2ന് മുംബൈ സിറ്റി എഫ്.സി, മാര്‍ച്ച് 6ന് എഫ്. സി ഗോവ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
Content Highlight: Kerala Blasters with most wins and points under Ivan Vukomanovich