ഇന്ന് (വെള്ളി) നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം. സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗാള്‍ വിജയം സ്വന്തമാക്കിയത്.
ഈസ്റ്റ് ബംഗാളിന് വേണ്ടി ഇരുപതാം മിനിട്ടില്‍ മലയാളി താരം വിഷ്ണു പുതിയ വളപ്പില്‍ ആദ്യ ഗോള്‍ നേടി ലീഡ് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ആദ്യപകുതി അവസാനിക്കുന്നത് വരെ കേരളത്തിന് ഗോള്‍ നേടാന്‍ സാധിച്ചില്ല.
സമ്മര്‍ദ ഘട്ടത്തിലായപ്പോള്‍ സ്‌ട്രൈക്കിന് ശ്രമിച്ചെങ്കിലും ബംഗാള്‍ ഡിഫന്റ്‌സിനു മുമ്പില്‍ കേരളം പരാജയപ്പെടുകയായിരുന്നു. 72ാം മിനിട്ടില്‍ ഹിജാസി മഹര്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയതോടെ കേരളത്തിന് ഇരട്ട തിരിച്ചടി ആവുകയായിരുന്നു.
മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ 84ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ദിനേശ് ഫറൂഖ് ഗോള്‍ നേടിയതോടെ പ്രതീക്ഷ നല്‍കിയെങ്കിലും സമനില ഗോള്‍ നേടാന്‍ സാധിക്കാതെ കേരളം തകരുകയായിരുന്നു.
ലക്ഷ്യത്തിലേക്ക് ഷോട്ട് അടിക്കുന്നതിലും ബോള്‍ കൈവശം വയ്ക്കുന്നതിലും മുന്നിലായിട്ടും കേരളം ബംഗാളിന് മുന്നില്‍ തലകുനിച്ചതില്‍ ആരാധകരും നിരാശയിലാണ്. ഇതോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പോലും അവസാനിച്ചിരിക്കുകയാണ്. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലായി വിജയപാതയില്‍ ആയിരുന്നെങ്കിലും വീണ്ടും ബ്ലാസ്റ്റേഴ്‌സ് കാലിടറിയിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ 18 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും മൂന്ന് സമനിലയും 9 തോല്‍വിയുമായി 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരളം.