ഏഴുപേർ മലയാളികൾ, സൂപ്പർകോച്ചിന്റെ പുതിയ തന്ത്രങ്ങൾ കാത്ത് ആരാധകർ; കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
DSport
ഏഴുപേർ മലയാളികൾ, സൂപ്പർകോച്ചിന്റെ പുതിയ തന്ത്രങ്ങൾ കാത്ത് ആരാധകർ; കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th October 2022, 8:14 pm

ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരായ സീസൺ ഓപ്പണറിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ജെസൽ കാർനെറോയാണ് ടീമിന്റെ നായകൻ. കഴിഞ്ഞ സീസണിൽ നിന്ന് 16 കളിക്കാർ വീണ്ടും പട്ടികയിൽ ഇടം നേടി, ഏഴ് പേർ മലയാളികൾ.

രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ് എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 28 അംഗ ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.

കഴിഞ്ഞ വർഷത്തെ സ്റ്റാർ സ്ട്രൈക്കർമാരായ ജോർജ്ജ് പെരേര ഡയസും അൽവാരോ വാസ്‌ക്വസും ക്ലബ് വിട്ടിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തിന് ശേഷം എക്സ്റ്റൻഷൻ ലഭിച്ച ഹെഡ് കോച്ച് ഇവാൻ വുകൊമനോവിച്ച് തന്റെ പുതിയ വിദേശ സൈനിങ്ങുകൾ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ടീമിലെ ഏക അന്താരാഷ്ട്ര എ.എഫ്.സി താരമാണ് ജിയാനോ. വെള്ളിയാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻറെ ആദ്യമത്സരം. സീസണിലെ ഉദ്ഘാടന മത്സരവുമാണിത്.

കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിൻറെ ഏറ്റവും വലിയ കരുത്തായ ആരാധകർ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതിൽ ടീം ഒന്നടങ്കം ഏറെ ആവേശത്തിലാണെന്നും കരോലിസ് സ്‌കിൻകിസ് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: പ്രഭ്‌ശുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷബീർ.

ഡിഫൻഡർമാർ: റൂയിവ ഹോർമിപം, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കാർനെറോ, ഹർമൻജോത് ഖബ്ര.

മിഡ്ഫീൽഡർമാർ: ജീക്സൺ സിങ്, ഇവാൻ കലിയുസ്നി, ലാൽതതംഗ ഖൗൾഹിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ബ്രൈസ് ബ്രയാൻ മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്സൺ സിങ്.

ഫോർവേഡ്സ്: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി., അപ്പോസ്തോലോസ് ജിയാനൗ, ബിദ്യാഷാഗർ സിംഗ്, ശ്രീക്കുട്ടൻ എം.എസ്.

Content Highlights: Kerala blasters announced their team for ISL 2022-23