സഞ്ജുവില്ല, ക്യാപ്റ്റന്‍ ചേട്ടന്‍ സാംസണ്‍; ഒമാനെതിരെ ടീം പ്രഖ്യാപിച്ച് കേരളം
Sports News
സഞ്ജുവില്ല, ക്യാപ്റ്റന്‍ ചേട്ടന്‍ സാംസണ്‍; ഒമാനെതിരെ ടീം പ്രഖ്യാപിച്ച് കേരളം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th September 2025, 5:52 pm

ഒമാന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരളം. സെപ്റ്റംബര്‍ 22-25 വരെ നടക്കുന്ന ടി-20 പരമ്പരയ്ക്കായാണ് കേരള ടീം ഒമാനില്‍ പര്യടനത്തിനെത്തുന്നത്.

ഈ പര്യടനത്തിനായി 16 അംഗ സ്‌ക്വാഡും കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. ചാമ്പ്യന്‍ ടീം കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ സാലി വിശ്വനാഥ് സാംസണ് കീഴിലാണ് കേരളം ഒമാനെതിരെ കളത്തിലിറങ്ങുക.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍, രഞ്ജി ടീം നായകന്‍ സച്ചിന്‍ ബേബി എന്നിവര്‍ ഈ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ഇവര്‍ക്ക് പുറമെ കേരള ടീമിലെ സ്ഥിരസാന്നിധ്യമായ മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എം.ഡി. നിധീഷ് എന്നിവരും കേരളത്തിന്റെ ഒമാന്‍ പര്യടനത്തിന്റെ ഭാഗമല്ല. സെബാസ്റ്റ്യന്‍ ആന്റണിയാണ് പരിശീലകന്‍.

ഈ വര്‍ഷം ഏപ്രിലില്‍ ഏകദിന പര്യടനത്തിനായി കേരളം ഒമാനില്‍ പര്യടനം നടത്തിയിരുന്നു. ഒമാന്‍ ചെയര്‍മാന്‍സ് ഇലവനെതിരെ നാല് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് കേരളം ഒമാനിലെത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കേരളം നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഒമാന്‍ ഉയര്‍ത്തിയ 327 റണ്‍സിന്റെ വിജയലക്ഷ്യം രോഹന്‍ എസ്. കുന്നുമ്മലിന്റെ സെഞ്ച്വറി കരുത്തില്‍ (122) അഞ്ച് പന്ത് ശേഷിക്കെ കേരളം മറികടക്കുകയായിരുന്നു. സല്‍മാന്‍ നിസാറും ഷോണ്‍ റോജറും അര്‍ധ സെഞ്ച്വറി നേടി.

രോഹന്‍ എസ്. കുന്നുമ്മല്‍

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന്റെ വിജയവുമായി ഒമാന്‍ പരമ്പരയിലൊപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കേരളം വിജയിച്ചു. രോഹന്‍ തന്റെ രണ്ടാം സെഞ്ച്വറിയും മത്സരത്തില്‍ നേടിയിരുന്നു.

നിര്‍ണായകമായ നാലാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയവുമായി ആതിഥേയര്‍ പരമ്പര സമനിലയിലെത്തിച്ചു. കേരളമുയര്‍ത്തിയ 234 റണ്‍സിന്റെ വിജയലക്ഷ്യം മുഹമ്മദ് നദീമിന്റെയും മുജീബ് ഉര്‍ അലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഒമാന്‍ മറികടക്കുകയായിരുന്നു.

ഒമാന്‍ പര്യടനത്തിനുള്ള കേരള ടി-20 സ്‌ക്വാഡ്

സാലി സാംസണ്‍ (ക്യാപ്റ്റന്‍), കൃഷ്ണപ്രസാദ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അജ്‌നാസ് എം, വിനൂപ് മനോഹരന്‍, അഖില്‍ സ്‌കറിയ, സിബിന്‍ പി. ഗിരീഷ്, അന്‍ഫാല്‍ പി.എം, രാഹുല്‍ ചന്ദ്രന്‍, കൃഷ്ണദേവന്‍, ജെറിന്‍ പി.എസ്, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിഖ്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്‍ജുന്‍ എ.കെ, അജ്‌ഘോഷ് എന്‍.എസ്.

 

Content Highlight: Kerala announced squad for Oman tour