രണ്ട് സെഞ്ച്വറികളുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി; മധ്യപ്രദേശിനെ വരിഞ്ഞുമുറുക്കി കേരളം
Sports News
രണ്ട് സെഞ്ച്വറികളുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി; മധ്യപ്രദേശിനെ വരിഞ്ഞുമുറുക്കി കേരളം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th November 2025, 1:20 pm

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം. മത്സരത്തിലെ അവസാന ദിനമായ ഇന്ന് കേരള ടീം വിജയ പ്രതീക്ഷയിലാണ്. കേരളം ടീം മധ്യപ്രദേശിനെതിരെ 404 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. അത് പിന്തുടര്‍ന്ന് മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീമിന് രണ്ട് വിക്കറ്റിന് 52 റണ്‍സാണ് എടുത്തത്.

കേരളം: 281 & 314/5 ഡിക്ലയര്‍

മധ്യപ്രദേശ്: 192 & 52 /2 (18 ഓവറുകള്‍ പിന്നിടുമ്പോള്‍)

ടാര്‍ഗറ്റ്: 404

മധ്യപ്രദേശിനായി ഹിമാന്‍ഷു മന്‍ട്രി (54 പന്തില്‍ 26), ശുഭം ശര്‍മ (27 പന്തില്‍ ഏഴ്) എന്നിവരാണ് ക്രീസില്‍. നാല് പന്തില്‍ റണ്‍സും നേടാത്ത ഹര്‍ഷ് ഗൗളിയുടെയും 23 പന്തില്‍ 19 റണ്‍സെടുത്ത യഷ് ദുബെയുടെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. കേരളത്തിനായി ഇരുവരുടെയും വിക്കറ്റുകള്‍ പിഴുതത് ശ്രീഹരി എസ് നായരാണ്.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ 314 റണ്‍സെടുത്ത് കേരളം ഡിക്ലറേ ചെയ്തിരുന്നു. ടീമിനായി സച്ചിന്‍ ബേബിയും ബാബ അപരാജിത്തുമാണ് മികച്ച പ്രകടനം നടത്തിയവര്‍. ഇരുവരും സെഞ്ച്വറി നേടിയാണ് കേരളത്തെ മികച്ച നിലയിലെത്തിച്ചത്. ബേബി 217 പന്തില്‍ 122 റണ്‍സെടുത്ത പുറത്താവാതെ നിന്നപ്പോള്‍ അപരാജിത് 149 പന്തില്‍ 105 റണ്‍സ് സ്വന്തമാക്കി. 30 റണ്‍സ് എടുത്ത അഭിഷേക് ജെ. നായര്‍ ടീമിന്റെ അടുത്ത ടോപ് സ്‌കോറര്‍.

മധ്യപ്രദേശിനായി സാരാന്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റ് നേടി. കുമാര്‍ കാര്‍ത്തികേയ സിങ്, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ കേരളം പതറിയിരുന്നു. ബാബ അപരാജിതും അഭിജിത് പ്രവീണും ഉയര്‍ത്തിയ കൂട്ടുകെട്ടാണ് കേരളത്തെ പിടിച്ചുയര്‍ത്തിയത്. അപരാജിത് 186 പന്തില്‍ 98 റണ്‍സും പ്രവീണ്‍ 153 പന്തില്‍ 60 റണ്‍സും എടുത്തു. ഇവര്‍ക്കൊപ്പം അഭിഷേക് ജി. നായര്‍ 113 പന്തില്‍ 47 റണ്‍സും നേടി.

മധ്യപ്രദേശിനായി അര്‍ഷാദ് ഖാന്‍ നാല് വിക്കറ്റും സാരാന്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ആര്യന്‍ പാണ്ഡേ, കുമാര്‍ കാര്‍ത്തികേയ, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുവശത്ത്, മധ്യപ്രദേശിനായി സാരാന്‍ഷ് ജെയ്ന്‍ 129 പന്തില്‍ 67 റണ്‍സ് സ്‌കോര്‍ ചെയ്തു. താരത്തിനൊപ്പം, ആര്യന്‍ പാണ്ഡേ 91 പന്തില്‍ 36 റണ്‍സുംഎടുത്തു. കൂടാതെ, റിഷബ് ചൗഹാന്‍, ഹര്‍ഷ് ഗൗളി, ഹിമാന്‍ഷു മന്‍ട്രി എന്നിവര്‍ 21 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്തു.

കേരളത്തിനായി ആപ്പിള്‍ ടോം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രവീണ്‍ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. എം.ഡി. നിധീഷ്, ബാബ അപരാജിത്, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: KER  vs MP: Kerala Cricket Team set a target of 404 runs against Madhya Pradesh; MP lost two wickets