കഴിഞ്ഞ കുറച്ചുദിവസങ്ങളായി റീല്‍ ലോകം ഭരിക്കുന്നത് ഒരു തമിഴ് ഗാനമാണ്. മുട്ട കലക്കി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യൂത്ത് എന്ന ചിത്രത്തിലെ ഗാനമാണിത്. കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ചര്‍ച്ചയായിരുന്നു.
തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനാണ് കെന്‍. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന കെന്‍ അസുരനിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തില്‍ നായകനും കെന്‍ തന്നെയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി.
കെന്‍ കരുണാസ് Photo: Screen grab/ Galatta Plus
ചിത്രത്തില്‍ നായികയായി പലരെയും സമീപിച്ചെങ്കിലും ആരും അതിന് തയാറായില്ലെന്നും എന്നാല്‍ അവരെല്ലാവരും തന്റെ സിനിമയിലെ പാട്ടിന് റീല്‍സ് ചെയ്യുകയാണെന്നുമാണ് കെന്‍ പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. താന്‍ കറുപ്പായതുകൊണ്ട് നായികമാരെ ലഭിച്ചില്ലെന്ന് പറഞ്ഞ കെന്‍ അതേ സിനിമയില്‍ വെളുത്ത നിറമുള്ള നായികമാരെ കാസ്റ്റ് ചെയ്തു എന്നായിരുന്നു പലരും വിമര്‍ശിച്ചത്. ഇപ്പോഴിതാ താന്‍ പറഞ്ഞ വാക്കുകളില്‍ വ്യക്തത വരുത്തുകയാണ് കെന്‍.
‘പ്രദീപ് രംഗനാഥനും അബിഷന്‍ ജീവിന്തുമെല്ലാം ചില അഭിമുഖത്തില്‍ അവരുടെ നായികമാരായി ആരും അഭിനയിക്കാന്‍ തയാറാകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അത് ചുമ്മാ പറയുന്നതാണെന്ന് വിചാരിച്ചു. പക്ഷേ, അത് സത്യമാണെന്ന് പിന്നീട് മനസിലാക്കി. ഇത് പറയണമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, പറഞ്ഞ രീതി മാറിപ്പോയി. എന്റെ നായികയാകാന്‍ പറ്റില്ലെന്ന് പറഞ്ഞവര്‍ എന്റെ പാട്ടിന് റീല്‍സ് തയാറാക്കുന്നു എന്ന് പറഞ്ഞത് കുറച്ച് കൂടിപ്പോയി. അത് ഞാന്‍ അംഗീകരിക്കുന്നു.
അത് ഒരിക്കലും നിറത്തെ ബന്ധിപ്പിച്ചുകൊണ്ട് പറഞ്ഞതല്ല. ആ രീതിയാണ് എന്റെ സംസാരമെന്ന് പലരും പറഞ്ഞു. അങ്ങനെയൊന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ കറുത്ത ഒരാളാണ്, അങ്ങനെയുള്ളപ്പോള്‍ ഞാന്‍ നിറം നോക്കി നായികമാരെ കാസ്റ്റ് ചെയ്യില്ല. കറുത്ത നിറമുള്ള നായികമാരെ അന്വേഷിക്കാതിരുന്നിട്ടല്ല. ഈ കഥയ്ക്ക് ആവശ്യപ്പെടുന്ന തരത്തിലുള്ള നായികമാരെ മാത്രമേ ഞാന്‍ കാസ്റ്റ് ചെയ്തിട്ടുള്ളൂ,’ കെന്‍ പറയുന്നു.
തന്നെക്കൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്യാനാകുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നെന്നും അതിനുള്ള മറുപടി റിലീസിന് ശേഷം ലഭിക്കുമെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം. മലയാളി താരം അനിഷ്മ അനില്‍കുമാര്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് യൂത്തിലെ നായികമാര്‍. മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ken Karunas about his statement on heroines in Youth movie