ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ സമരവേദിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റിയതിനെതിരെ പ്രതിഷേധവുമായി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള എ.എ.പി നേതാക്കള്‍.
സോനം വാങ്ചുക്കിനെതിരായ ബലപ്രയോഗം മോദി സര്‍ക്കാരിന്റെ പരാജമാണെന്ന് എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് പകരം രാജ്യത്തെ പരീക്ഷ സംവിധാനത്തെ പരിഷ്‌കരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. വാങ്ചുക്കിനോട് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു എന്നും കെജ്‌രിവാള്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
‘ഈ ധാര്‍ഷ്ട്യം ശരിയല്ല. ബലം പ്രയോഗിച്ച് മാറ്റുന്നതിന് പകരം മോദി സര്‍ക്കാര്‍ വാങ്ചുക്കിനോട് സംസാരിക്കണമായിരുന്നു. ഈ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് പകരം രാജ്യത്തെ പരീക്ഷ സംവിധാനത്തെ പരിഷ്‌കരിക്കണമായിരുന്നു,’ കെജ്‌രിവാള്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ് എന്നിവരും സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയമല്ല, ഭീരുത്വമാണെന്ന് സിസോദിയ അഭിപ്രായപ്പെട്ടു. ഇത് ഗുണ്ടകളുടെ ഭരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അപ്പോള്‍ ഇതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള മോദി ജിയുടെ പരിഹാരം. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ ആര് ശബ്ദമുയര്‍ത്തുന്നോ അവര്‍ ഇനിയും ശബ്ദുമയര്‍ത്താതിരിക്കാന്‍ ഗുണ്ടകളെക്കൊണ്ട് തല്ലിക്കുക. ഇത് രാഷ്ട്രീയമല്ല. ഇത് ഭീരുത്വമാണ്. ഗുണ്ടകളുടെ ഭരണമാണിത്,’ സിസോദിയ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടി ഗുണ്ടായിസമാണെന്ന് സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു. ഇന്ന് മര്‍ദനമേറ്റ യുവാക്കള്‍ തന്നെ നാളെ മോദിയുടെ സിംഹാസനം വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘എന്ത് ഗുണ്ടായിസമാണ് നടക്കുന്നത്. മോദി ജീ, ഈ അധികാരത്തിന്റെ ധാര്‍ഷ്ട്യം അധിക കാലം നീണ്ട് നില്‍ക്കില്ല. ഇവിടെ നിങ്ങള്‍ തല്ലിച്ചതച്ച യുവാക്കള്‍ നിങ്ങളുടെ സിംഹാസനത്തെ വേരോടെ പിഴുതെറിയും. ഒരു വ്യക്തിയുടെ (സോനം വാങ്ചുക്ക്) മരണം വരെയുള്ള നിരാഹാരം കഴിഞ്ഞ 21 ദിവസമായി തുടര്‍ന്ന് വരികയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അദ്ദേഹത്തെ അവര്‍ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു,’ സിങ് എക്‌സില്‍ കുറിച്ചു.
നാണംകെട്ട പ്രവൃത്തിയാണ് ജന്ദര്‍ മന്ദറിലേതെന്ന് സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. ഗുണ്ടകളും പൊലീസും സിവില്‍ വേഷത്തില്‍ വേദിയിലെത്തി ബെഡ്ഷീറ്റ് കൊണ്ട് മറച്ചത് സോനം വാങ്ചുക്കിനെ അവര്‍ എന്ത് ചെയ്‌തെന്ന് വീഡിയോകളില്‍ പതിയാതിരിക്കാനാണ്. ഇത് മോദി സര്‍ക്കാര്‍ എത്രത്തോളം നാണം കെട്ടവരാണെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.