| Monday, 3rd February 2025, 1:15 pm

അന്ന് എന്റെ സിനിമക്ക് കിട്ടിയ വരവേല്‍പ്പ് കണ്ടാണ് എനിക്ക് അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ മനസിലാക്കിയത്: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. പൈലറ്റ്സ് (2000), അച്ഛനെയാണെനിക്കിഷ്ടം (2001), കുബേരന്‍ (2002) എന്നീ സിനിമകളിലൂടെ ബാലതാരമായിട്ടാണ് കീര്‍ത്തി സിനിമയില്‍ എത്തുന്നത്.

നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളായ കീര്‍ത്തി പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് സാധിച്ചിരുന്നു. ബോളിവുഡിലും നടി അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിലേക്ക് വരുമ്പോള്‍ തനിക്ക് മാതാപിതാക്കള്‍ നല്‍കിയ ആദ്യത്തെ ഉപദേശം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കീര്‍ത്തി സുരേഷ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ തന്നെ അമ്മയുടെ ആദ്യത്തെ ഉപദേശം കൃത്യനിഷ്ഠ പാലിക്കണം എന്നായിരുന്നു. സെറ്റില്‍ കൃത്യസമയത്ത് എത്തണമെന്ന് അമ്മ പറഞ്ഞു. സെറ്റിലുള്ള കൊച്ചുപയ്യന്മാര്‍ മുതല്‍ ഡയറക്ടര്‍ വരെ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കണമെന്നും പറഞ്ഞു.

നീ അഭിനയിച്ചില്ലെങ്കിലും തരക്കേടില്ല. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ച് മര്യാദയ്ക്ക് ചെയ്യണം എന്നുപറഞ്ഞു. എന്റെ അച്ഛന്‍ പറഞ്ഞത് ‘ഞാന്‍ സിനിമയില്‍ ഒരു നല്ല പേര് സമ്പാദിച്ചു വെച്ചിട്ടുണ്ട്. അത് കാത്ത് സൂക്ഷിക്കണം’ എന്നായിരുന്നു.

എന്റെ വീട്ടിലുള്ള എല്ലാവരും സ്ട്രിക്റ്റായ ക്രിട്ടിക്കുകളാണ്. അത്ര പെട്ടന്നൊന്നും അഭിനന്ദിക്കുകയില്ല. മഹാനടി സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് ‘നന്നായിട്ടുണ്ട്’ എന്ന് മാത്രമായിരുന്നു പറഞ്ഞത്. എങ്കിലും അവര്‍ക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.

അടുത്ത ദിവസം സിനിമ റിലീസായി നല്ല വരവേല്‍പ്പ് കിട്ടി. അപ്പോഴാണ് എനിക്ക് അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ മനസിലാക്കിയത്. പുറത്തുള്ളവര്‍ അഭിനന്ദിക്കുന്നതും, സിനിമയുടെ വിജയം ജനം ആഘോഷമാക്കി കൊണ്ടാടിയതുമൊക്കെ കണ്ട് അവര്‍ വളരെയധികം സന്തോഷിച്ചു.

അച്ഛന്‍ അമ്മ എന്നിവരേക്കാള്‍ എന്റെ ചേച്ചിയുടെ അഭിനന്ദനം കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരൊക്കെ ഇങ്ങനെയായത് കൊണ്ട് എനിക്കും അവരുടെ അഭിനന്ദനവും അംഗീകാരവും നേടണം, അവരുടെ മുന്നില്‍ തന്റെ കഴിവ് തെളിയിച്ചു കാണിക്കണമെന്ന് വാശി തോന്നും. അതുതന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും എനിക്ക് തോന്നുന്നു,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Her Parents

We use cookies to give you the best possible experience. Learn more