| Monday, 27th January 2025, 9:30 am

കരിയറിന്റെ തുടക്കത്തില്‍ നല്ലതാണെന്ന് കരുതി ചെയ്ത ആ സിനിമ ഇന്നുകാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നി: കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. സിനിമയില്‍ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹവും സ്വപ്നവും ആയിരുന്നെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. എന്നാല്‍ അച്ഛനും അമ്മയും എതിര്‍ത്തിരുന്നു എന്നും സിനിമയിലെത്തി അച്ഛനോടുള്ള വാശി തീര്‍ത്തെന്നും കീര്‍ത്തി പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് കൊള്ളാം എന്നുകരുതി ചെയ്ത സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നാറുണ്ടെന്നും പൊതുവെ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് താനെന്നും എന്ത് ചെയ്താലും മതിയാകാറില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

‘സിനിമയില്‍ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു. പക്ഷേ, അച്ഛനും അമ്മയും എതിര്‍ത്തു. പ്രത്യേകിച്ച് അച്ഛന്‍. നടക്കില്ലെന്ന് പറഞ്ഞ എന്റെ ആഗ്രഹത്തെ നടത്തിക്കാണിക്കാനുള്ളൊരു വാശി എന്റെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെ സിനിമയിലെത്തി അച്ഛനോടുള്ള വാശി തീര്‍ത്തു.

ഇപ്പോള്‍ സിനിമയില്‍ എനിക്ക് കുറച്ച് കാലത്തെ അനുഭവമുണ്ട്. പക്ഷേ ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ ഞാന്‍ പഠിക്കുന്ന കാര്യങ്ങളൊക്കെ വേറെയായിരിക്കും. ഞാന്‍ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാവും എന്നെത്തേടിയെത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് ഞാന്‍. ഇപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങിയതുപോലെയുള്ള ഫീലിങ്ങാണ് എനിക്ക്.

വ്യത്യസ്ത സിനിമകളില്‍ അഭിനയിക്കാനും അനുഭവസമ്പത്തുള്ളവര്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാനും കഴിഞ്ഞല്ലോ. കരിയറിന്റെ എനിക്ക് കൊള്ളാമെന്ന് തോന്നി അഭിനയിച്ച സിനിമ ഇന്ന് കാണുമ്പോള്‍ ചിലപ്പോള്‍ കൊള്ളില്ലെന്ന് തോന്നാറുണ്ട്. പൊതുവെ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് ഞാന്‍. എന്തു ചെയ്താലും മതിയാവില്ല. പോരാ എന്ന് തോന്നുമ്പോഴാണല്ലോ നമ്മള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. മുന്നോട്ട് വരുന്നതെല്ലാം എനിക്ക് എന്നെ തന്നെ പരീക്ഷിക്കാനുള്ള അവസരങ്ങളാണ്,’ കീര്‍ത്തി സുരേഷ് പറയുന്നു.

Content Highlight: Keerthi Suresh talks about her movies

We use cookies to give you the best possible experience. Learn more