ശിവ്പുരി: അതികഠിനമായ ചൂടില്‍ പോലും എ.സി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉഷ്ണ തരംഗത്തെ മറികടക്കാന്‍ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യില്‍ കരുതണമെന്നും കേന്ദ്രമന്ത്രി ഉപദേശിച്ചു.
മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ എന്റെ കാറില്‍ ഞാന്‍ എയര്‍കണ്ടീഷനിങ് ഉപയോഗിക്കാറില്ല. എ.സിയുള്ള അന്തരീക്ഷത്തില്‍ ഇരിക്കാറുമില്ല. 51 ഡിഗ്രി ചൂടില്‍ പോലും അങ്ങനെയാണ് ചെയ്യാറുള്ളത്. അത് കണ്ട് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ ഇത് ചമ്പല്‍ ചര്‍മമാണെന്ന് ഞാന്‍ പറയും (ചമ്പല്‍ പ്രദേശത്തെ കരുത്തുള്ള ചര്‍മം),’ സിന്ധ്യ പറഞ്ഞു.
ഉഷ്ണതരംഗത്തില്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം.
‘കാഴ്ചയില്‍ എനിക്ക് പ്രായം കുറവ് തോന്നുമെങ്കിലും എന്റെ മനസ് പഴയതാണ്. അതിനാല്‍ നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല,’ അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങള്‍) നടക്കുകയാണെന്നും എന്നാല്‍ വാര്‍ത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊക്കെ പഴയ രീതികളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മള്‍ മറന്നുപോകരുത്’ മന്ത്രി പറഞ്ഞു. ഉള്ളികരുതുകയും തലമൂടുകയും കൂടെ ദൈവത്തിന്റ നാമം ഉച്ചരിക്കുകയും ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉയര്‍ന്ന താപനില 40-46 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്, പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ ബിഹാര്‍, വടക്കുകിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങില്‍ താപനില 36 ഡിഗ്രിവരെയാണ്.
ഏപ്രില്‍ 28 വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഉഷ്ണതരംഗം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പഞ്ചാബ്, ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗുരുതരമായി ബാധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യ ഇന്ത്യയില്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദര്‍ഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
Content Highlight: Keep an onion in your pocket and chant God’s name; Union Minister offers bizarre advice to reduce heat
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.