രണ്ട് എതിരാളികള്‍, നാല് മത്സരം, മൂന്ന് സെഞ്ച്വറി; വിന്‍ഡീസിന്റെ പുതിയ കരുത്തന്‍ ഞെട്ടിക്കുന്നു
Sports News
രണ്ട് എതിരാളികള്‍, നാല് മത്സരം, മൂന്ന് സെഞ്ച്വറി; വിന്‍ഡീസിന്റെ പുതിയ കരുത്തന്‍ ഞെട്ടിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st June 2025, 9:08 pm

 

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ മികച്ച ടോട്ടലുമായി സന്ദര്‍ശകര്‍. ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ 309 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചിരിക്കുന്നത്.

സൂപ്പര്‍ താരം കെയ്‌സി കാര്‍ട്ടിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയത്തിയത്. 105 പന്ത് നേരിട്ട താരം 103 റണ്‍സ് സ്വന്തമാക്കി. 13 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ കളിച്ച നാല് ഏകദിനത്തില്‍ നിന്നും മൂന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കാര്‍ട്ടി തിളങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 പന്തില്‍ 22 റണ്‍സ് മാത്രമാണ് താരം കണ്ടെത്തിയതെങ്കിലും ഇതിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് കാര്‍ട്ടി റണ്ണടിച്ച് തിളങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 15 പന്ത് നേരിട്ട് ആറ് റണ്‍സിന് പുറത്തായെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും താരം ഗംഭീര പ്രകടനം പുറത്തെടുത്തു.

ക്ലോന്‍ടാര്‍ഫ് ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന രണ്ടാം മത്സരത്തില്‍ 109 പന്ത് നേരിട്ട 102 റണ്‍സ് അടിച്ചെടുത്തു. 13 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കാര്‍ട്ടിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് സ്വന്തമാക്കി.

എന്നാല്‍ മത്സരം മഴയെടുത്തതോടെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തി.

വിജയിച്ചില്ലെങ്കില്‍ പരമ്പര നഷ്ടപ്പെടുമെന്നുറപ്പായ മൂന്നാം മത്സരത്തില്‍ ഒരിക്കല്‍ക്കൂടി കാര്‍ട്ടി തകര്‍ത്തടിച്ചു. 142 പന്ത് നേരിട്ട് 170 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 15 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

കാര്‍ട്ടിയുടെ കരുത്തില്‍ ടീം 385 റണ്‍സ് നേടുകയും ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമത്തിലൂടെ വിന്‍ഡീസ് 197 റണ്‍സിന് വിജയിക്കുകയും ചെയ്തു.

പരമ്പര സമനിലയില്‍ അവസാനിപ്പിച്ച കാര്‍ട്ടി കളിയിലെ താരവും പരമ്പരയിലെ താരവുമായും തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കാര്‍ട്ടിക്ക് പുറമെ ക്യാപ്റ്റന്‍ ഷായ് ഹോപ്പും മികച്ച പ്രകടനം പുറത്തെടുത്തു. 66 പന്തില്‍ 78 റണ്‍സാണ് താരം അടിച്ചെടുത്തത്. 67 പന്ത് നേരിട്ട് 59 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങ്ങിന്റെ ചെറുത്തുനില്‍പ്പും വിന്‍ഡീസ് നിരയില്‍ കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായി. ജെയ്മി സ്മിത്തിനെ ജെയ്ഡന്‍ സീല്‍സ് പുറത്താക്കിയപ്പോള്‍ ബെന്‍ ഡക്കറ്റിനെ മാത്യു ഫോര്‍ഡും തിരിച്ചയച്ചു.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 87ന് മൂന്ന് എന്ന നിലയിലാണ് ആതിഥേയര്‍. 36 പന്തില്‍ 47 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെ വിക്കറ്റാണ് ടീമിന് ഒടുവില്‍ നഷ്ടമായത്. അല്‍സാരി ജോസഫിനാണ് വിക്കറ്റ്. 27 പന്തില്‍ 31 റണ്‍സുമായി ജോ റൂട്ടും രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ജോസ് ബട്‌ലറുമാണ് ക്രീസില്‍.

 

 

Content Highlight: Keacy Carty scored century against England