കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില്‍ ബാറ്റെടുത്ത ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആലപ്പി റിപ്പിള്‍സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മത്സരത്തിലാണ് സഞ്ജു ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞത്.
22 പന്ത് നേരിട്ട താരം വെറും 13 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ വെറും 59.09ഉം. ഒറ്റ സിക്‌സറോ ഫോറോ ഇല്ലാതെയാണ് താരം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത് എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു വസ്തുത.
ഏഷ്യാ കപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സ്‌ക്വാഡിലെ തന്റെ സെലക്ഷന്‍ ഒട്ടും തെറ്റിയിട്ടില്ല എന്ന് തെളിയിക്കാനുള്ള ആദ്യ അവസരം കൂടിയാണ് സഞ്ജു കളഞ്ഞുകുളിച്ചത്.
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും മിഡില്‍ ഓര്‍ഡറില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെയും ഇന്‍ക്ലൂഷന്‍ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിന് തന്നെ ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സീസണില്‍ ബാറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയത്.
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയായാണ് ഏഷ്യാ കപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തുന്നതിനേക്കാള്‍ പ്ലെയിങ് ഇലവനില്‍ കടന്നുകൂടാന്‍ തന്നെ കടമ്പകളേറെ കടക്കണം.
അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ വിനൂപ് മനോഹരന്റെ കരുത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്. 31 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. അഞ്ച് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒമ്പതാം നമ്പറിലിറങ്ങി വെടിക്കെട്ട് പുറത്തെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ ഇന്നിങ്‌സും കൊച്ചിക്ക് തുണയായി. 13 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും ഒരു ഫോറും അടക്കമാണ് ആല്‍ഫി വെടിക്കെട്ട് നടത്തിയത്.
സഞ്ജുവിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റനും സഹോദരനുമായ സാലി സാംസണും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് ആറ് റണ്‍സുമായി സാലി പുറത്തായി.
റിപ്പിള്‍സിനായി ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ബാലു ബാബു, വിഗേന്ഷ് പുത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പരാജയപ്പെട്ട റിപ്പിള്‍സ് ആദ്യ ജയമാണ് തേടുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം നേടിയ ബ്ലൂ ടൈഗേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.