കെ.സി.എല്ലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കൊച്ചി ബ്ലൂടൈഗേഴ്‌സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ബ്ലൂടൈഗേഴ്‌സിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.
ക്യാപ്റ്റനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കാലിക്കറ്റ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. 43 പന്തില്‍ നിന്ന് എട്ട് സിക്‌സറുകളും ആറ് ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചെടുത്തത്.
218.6 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹന്‍ പ്രകടനം നടത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
കെ.സി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമായി മാറാനാണ് രോഹന് സാധിച്ചത്. വെറും 19 പന്തിലാണ് താരം 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.
രോഹന് പുറമെ എം. അജനാസ് 33 പന്തില്‍ നിന്ന് 49 റണ്‍സും അഖില്‍ സ്‌കറിയ 19 പന്തില്‍ 45 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ഓപ്പണര്‍ സച്ചിന്‍ സുരേഷ് 19 പന്തില്‍ 28 റണ്‍സ് നേടിയിരുന്നു. 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിനും രോഹനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ബ്ലൂടൈഗേഴ്‌സിന് വേണ്ടി അഖില്‍ കെ.ജി, അജീഷ് കെ, അഫ്രാദ് നാസര്‍, മുഹമ്മദ് ആഷിക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ ആണ് നേടിയത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് ആണ് നേടിയത്.