അടിച്ചൊതുക്കി വിനൂപ്, എറിഞ്ഞിട്ട് ആസിഫും ആഷിഖും; സാംസണും സംഘവും ഒന്നാമത് തന്നെ
Sports News
അടിച്ചൊതുക്കി വിനൂപ്, എറിഞ്ഞിട്ട് ആസിഫും ആഷിഖും; സാംസണും സംഘവും ഒന്നാമത് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd August 2025, 6:52 pm

കെ.എസി.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ 34 റണ്‍സിന്റെ വിജയമാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. കൊച്ചി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റിപ്പിള്‍സിന് 149 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ബാറ്റിങ്ങില്‍ വിനൂപ് മനോഹരന്റെയും ബൗളിങ്ങില്‍ മുഹമ്മദ് ആഷിഖ്, കെ.എം. ആസിഫ് എന്നിവരുടെ കരുത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ വിനൂപ് മനോഹരന്റെ കരുത്തിലാണ് ബ്ലൂ ടൈഗേഴ്സ് മികച്ച സ്‌കോറിലെത്തിയത്. 31 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. അഞ്ച് വീതം സിക്സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിനെയും ആരാധകരെയും തീര്‍ത്തും നിരാശനാക്കി. 22 പന്ത് നേരിട്ട താരം വെറും 13 റണ്‍സ് മാത്രമാണ് നേടിയത്. ഒറ്റ ഫോറോ സിക്‌സറോ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല.

സഞ്ജുവിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റനും സഹോദരനുമായ സാലി സാംസണും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് ആറ് റണ്‍സുമായി സാലി പുറത്തായി.

ഒമ്പതാം നമ്പറിലിറങ്ങി വെടിക്കെട്ട് പുറത്തെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ ഇന്നിങ്സും കൊച്ചിക്ക് തുണയായി. 13 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് താരം നേടിയത്. നാല് സിക്സറും ഒരു ഫോറും അടക്കമാണ് ആല്‍ഫി വെടിക്കെട്ട് നടത്തിയത്.

റിപ്പിള്‍സിനായി ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ബാലു ബാബു, വിഗേന്ഷ് പുത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിനും മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് 43 റണ്‍സ് ചേര്‍ത്തുവെച്ചു. 16 റണ്‍സ് നേടിയ ജലജ് സക്‌സേനയെ മടക്കി വിനൂപ് മനോഹരനാണ് കൂട്ടുകെട്ട് പൊളിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി റിപ്പിള്‍സിന്റെ നെടുംതൂണായ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് എന്നാല്‍ രണ്ടാം മത്സരത്തില്‍ ആ ഫോമിലേക്കുയരാന്‍ സാധിച്ചില്ല. ഒമ്പത് പന്തില്‍ 11 റണ്‍സുമായി താരം മടങ്ങി.

അധികം വൈകാതെ അക്ഷയ് ചന്ദ്രനും കൂടാരം കയറി. 36 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. 13 പന്തില്‍ 29 റണ്‍സടിച്ച അഭിഷേക് പി. നായരും 13 പന്തില്‍ 17 റണ്‍സുമായി അര്‍ജുന്‍ സുരേഷ് നമ്പ്യാരും പൊരുതിയെങ്കിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല.

ഒടുവില്‍ 19.2 ഓവറില്‍ റിപ്പിള്‍സ് 149ന് പുറത്തായി. ബ്ലൂ ടൈഗേഴ്‌സിനായി മുഹമ്മദ് ആഷിഖും കെ.എം. ആസിഫും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. വിനൂപ് മനോഹരനും ആല്‍ഫി ഫ്രാന്‍സിസ് ജോണുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ഇതോടെ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി ബ്ലൂ ടൈഗേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച രണ്ട് കളിയും തോറ്റ റിപ്പിള്‍സ് അവസാന സ്ഥാനത്താണ്.

ഓഗസ്റ്റ് 24നാണ് കൊച്ചിയുടെ അടുത്ത മത്സരം. ആരിസ് കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികള്‍. അടുത്ത ദിവസം നടക്കുന്ന മത്സരത്തില്‍ റിപ്പിള്‍സ് ആദ്യ ജയം തേടി മൂന്നാം മത്സരത്തിനിറങ്ങും. അദാനി ട്രിവാന്‍ഡ്രം റോയല്‍സാണ് എതിരാളികള്‍.

 

Content highlight: KCL: Kochi Blue Tigers defeated Alleppey Ripples