ബ്ലൂടൈഗേഴ്‌സിനെ ചാരമാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്!
Sports News
ബ്ലൂടൈഗേഴ്‌സിനെ ചാരമാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th August 2025, 7:04 pm

കെ.സി.എല്ലില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് തകര്‍പ്പന്‍ വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ വിജയമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു അടിച്ചെടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 19 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ബ്ലൂടൈഗേഴ്‌സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് ഷാനുവാണ്. 22 പന്തില്‍ നാല് വീതം സിക്‌സും ഫോറും നേടി 53 റണ്‍സാണ് താരം അടിച്ചെടുത്തത്.

രാകേഷ് 30 പന്തില്‍ 38 റണ്‍സ് ഓപ്പണര്‍ വിനൂപ് മനോഹരന്‍ 17 പന്തില്‍ 36 റണ്‍സും നേടി. അവസാനഘട്ടത്തില്‍ 11 പന്തില്‍ 38 റണ്‍സ് നേടിയ മുഹമ്മദ് ആഷിക് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. അഞ്ച് സിക്‌സറുകളാണ് താരം അടിച്ചെടുത്തത്.

അതേസമയം കാലിക്കറ്റിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അഖില്‍ സ്‌കറിയയാണ്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പള്ളം അന്‍ഫല്‍, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹരികൃഷ്ണന്‍ ഒരു വിക്കറ്റും നേടി.

ക്യാപ്റ്റനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കാലിക്കറ്റ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. 43 പന്തില്‍ നിന്ന് എട്ട് സിക്‌സറുകളും ആറ് ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചെടുത്തത്. 218.6 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹന്‍ പ്രകടനം നടത്തിയത്.

രോഹന് പുറമെ എം. അജനാസ് 33 പന്തില്‍ നിന്ന് 49 റണ്‍സും അഖില്‍ സ്‌കറിയ 19 പന്തില്‍ 45 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ഓപ്പണര്‍ സച്ചിന്‍ സുരേഷ് 19 പന്തില്‍ 28 റണ്‍സ് നേടിയിരുന്നു. 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിനും രോഹനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ബ്ലൂടൈഗേഴ്‌സിന് വേണ്ടി അഖില്‍ കെ.ജി, അജീഷ് കെ, അഫ്രാദ് നാസര്‍, മുഹമ്മദ് ആഷിക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ ആണ് നേടിയത്. സഞ്ജു സാംസണിന്റെ അഭാവത്തിലായിരുന്നു കൊച്ചി കളത്തിലിറങ്ങിയത്.

Content Highlight: KCL: Calicut Globstars Won Against Kochi Blue tigers