കെ.സി.എല്ലില്‍ തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. നിലവില്‍ മഴ കാരണം നിര്‍ത്തിവച്ച മത്സരം 12 ഓവറിലേക്ക് ചുരുക്കിയിരിക്കുകയാണ്. വിജയലക്ഷ്യം 148 റണ്‍സാണ്.
മത്സരത്തില്‍ തൃശൂരിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഹമ്മദ് ഇമ്രാന്‍ ആണ്. 49 പന്തില്‍ നിന്ന് നാല് സിക്‌സും 13 ഫോറുമാണ് 19 വയസുകാരന്‍ അടിച്ചെടുത്തത്. 200 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
മാത്രമല്ല നിലവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടാന്‍ താരത്തിനു സാധിച്ചു. 61 (44), 100 (55), 16 (14), 72 (40), 98 (49) എന്നിങ്ങനെയാണ് താരം നേടിയ സ്‌കോര്‍. മാത്രമല്ല ടൂര്‍ണമെന്റിലെ റണ്‍വേട്ടയിലും താരമാണ് ഒന്നാമന്‍.
സഞ്ജു സാംസണിനെ പോലെ ഇന്ത്യന്‍ ടീമിലെത്താന്‍ കേരളത്തില്‍ നിന്നും ഈ പയ്യന് സാധിക്കുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. താരത്തിന്റെ കൂറ്റനടികള്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനത്തിനും ആരാധകര്‍ കയ്യടിക്കുകയാണ്.
മത്സരത്തില്‍ ഇമ്രാന് പുറമെ അക്ഷയ് മനോഹര്‍ പുറത്താകാതെ 54 റണ്‍സ് നേടിയ മികച്ച പ്രകടനം നടത്തി. ഏഴ് സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍ 26 പന്തില്‍ 32 റണ്‍സും നേടിയിരുന്നു.
2006 BORN AHAMMED IMRAN IN KERALA CRICKET LEAGUE 2025:
ട്രിവാന്‍ഡ്രത്തിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നിഖില്‍ എം. ആണ്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. അബ്ദുല്‍ ബാസിത്, ആസിഫ് സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ ബാറ്റ് ചെയ്യുന്ന ട്രിവാന്‍ഡ്രം ഒരു ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സാണ് നേടിയത്.
Content Highlight: KCL: Ahammad Imran In Great Performance Against Trivandram Royals