സഞ്ജുവില്ലാത്ത കൊച്ചിക്ക് ഫൈനലില്‍ മികച്ച സ്‌കോര്‍; അടിച്ചൊതുക്കി വിപുലും ആല്‍ഫിയും
Sports News
സഞ്ജുവില്ലാത്ത കൊച്ചിക്ക് ഫൈനലില്‍ മികച്ച സ്‌കോര്‍; അടിച്ചൊതുക്കി വിപുലും ആല്‍ഫിയും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th September 2025, 8:45 pm

കേരള ക്രിക്കറ്റ് ലീഗ് 2025ന്റെ ഫൈനല്‍ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് മികച്ച സ്‌കോര്‍. ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊച്ചി പടുത്തുയര്‍ത്തിയത്.

കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍സിനെതിരെ വിനൂപ് മനോഹരന്റെ അര്‍ധ സെഞ്ച്വറിയുടെയും ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ മികച്ച ഇന്നിങ്‌സിന്റെയും കരുത്തിലാണ് ടീം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിലെത്തിയത്.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ബ്ലൂ ടൈഗേഴ്‌സ് ഫൈനലിനിറങ്ങിയത്. സെമിയിലും സഞ്ജു ടീമിനൊപ്പമുണ്ടായിരുന്നില്ല. കൊച്ചിയുടെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ടൈഗേഴ്‌സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ വിപുല്‍ ശക്തിയുടെ വിക്കറ്റ് കൊച്ചിക്ക് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് മാത്രമാണ് നേടിയത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ സാലി സാംസണാണ് ക്രീസിലെത്തിയത്. ക്യാപ്റ്റനെ ഒരറ്റത്ത് നിര്‍ത്തി വിനൂപ് മനോഹരന്‍ തകര്‍ത്തടിച്ചു. സ്‌ട്രൈക്ക് നിലനിര്‍ത്തിയും കൂടുതല്‍ പന്തുകള്‍ നേരിട്ടും താരം അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി വിനൂപ് മടങ്ങി. 30 പന്തില്‍ 70 റണ്‍സടിച്ചായിരുന്നു താരത്തിന്റെ മടക്കം. ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 233.33 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

വിനൂപിന് പിന്നാലെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാനാകാതെ ക്യാപ്റ്റനും മടങ്ങി. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് സാലി സാംസണ് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയവരില്‍ മുഹമ്മദ് ഷാനു (13 പന്തില്‍ പത്ത്), നിഖില്‍ തോട്ടത്ത് (14 പന്തില്‍ പത്ത്), അജീഷ് കെ. (മൂന്ന് പന്തില്‍ പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. 83/1 എന്ന നിലയില്‍ നിന്നും 97/5 എന്ന നിലയിലേക്ക് കൊച്ചി വീണു

ഏഴാം നമ്പറിലെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണാണ് കടുവകളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 25 പന്ത് നേരിട്ട താരം പുറത്താകാതെ 47 റണ്‍സ് അടിച്ചെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 181ലെത്തി.

ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനായി പവന്‍ രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. എം. സജീവന്‍ അഖില്‍, വിജയ് വിശ്വനാഥ്, അമല്‍ എ.ജി, അജയ്‌ഘോഷ് എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight: KCL 2025: Final: Kochi Blue Tigers scored 181/8